Monday, August 25, 2008

ഫോണ്‍ ശല്ല്യം

മിന്നൂസ്‌ കയ്യിലുള്ള മൊബൈല്‍ ഫോണും (കളിപ്പാട്ടം) പിടിച്ച്‌ എന്നെ അനുകരിച്ച്‌ സംസാരിച്ചുകൊണ്ട്‌ നടക്കുന്നത്‌ ഒരു പതിവ്‌ സീനാണ്‌. ഇടയ്ക്കിടയ്ക്ക്‌ ചിരിയും , ഓ.കെ. പറയലും മൂളലുമൊക്കെയായി സംഗതി പൊടിപൊടിക്കുമ്പോള്‍ ഞാന്‍ ചമ്മലോടെ നില്‍ക്കുന്ന സീന്‍ ഭാര്യയ്ക്ക്‌ വല്ല്യ സന്തോഷവും നല്‍കിയിരുന്നു.

മിന്നു ഫോണ്‍ സംസാരവും കഴിഞ്ഞ്‌ ഷേവ്‌ ചെയ്തുകൊണ്ടിരിക്കുന്ന എന്റെ അടുത്തേയ്ക്ക്‌ വന്നു.

"അച്ഛാ... ഒരു ഫ്രണ്ട്‌ ആണ്‌ ഫോണ്‍ വിളിച്ചേ..."

"അതെയോ??.. എന്തു പറഞ്ഞു ഫ്രണ്ട്‌...??"

"കുറേ നേരായി ഫോണ്‍ ചെയ്തോണ്ടിരിക്കുന്നു... "

"എന്നിട്ടോ?" ഞാന്‍ കണ്ണാടിയില്‍ നിന്ന് മുഖം തിരിക്കാതെ ചോദിച്ചു.

"ചെക്കാ... എന്നോട്‌ കളിക്കണ്ടാ ട്ടോ ന്ന് ഞാന്‍ പറഞ്ഞു."

ഞാനൊന്ന് ഞെട്ടി. എന്നിട്ട്‌ വിളിച്ച്‌ പറഞ്ഞു... "എടോ ഭാര്യേ... ദേ ഇത്‌ കൈ വിട്ടൂന്നാ തോന്നണേ.."

Sunday, August 10, 2008

മൂത്തവരും മൂക്കാത്തവരും

മിന്നൂസ്‌ കിടക്കയില്‍ കിടന്നുള്ള അഭ്യാസത്തിന്നിടയില്‍ അമ്മയെ ഒന്ന് ചവിട്ടി.

അത്‌ കണ്ട്‌ ഞാനൊന്ന് ഉപദേശിച്ചു. "മിന്നൂസേ.. മൂത്തവരെ നമ്മള്‍ ചവിട്ടാന്‍ പാടില്ലാ ട്ടോ.. അറിയാതെ ചവിട്ടിയാല്‍ തൊട്ട്‌ നിറയില്‍ വയ്ക്കണം.."

മിന്നൂസ്‌ എല്ലാം മനസ്സിലായ ഭാവത്തോടെ തലയാട്ടി, എന്നിട്ട്‌ ഒരു ചോദ്യം..

"മൂക്കാത്തവരെ ചവിട്ടണം അല്ലേ അച്ഛേ??..."

(കുറച്ച്‌ സമയമെടുത്ത്‌ ഞങ്ങള്‍ക്ക്‌ സംയമനം വീണ്ടെടുത്ത്‌ ഒന്ന് വിശദീകരിച്ച്‌ കൊടുക്കാന്‍)

Monday, August 4, 2008

ഒരു കുഞ്ഞു പുസ്തകവിവാദം

മിന്നൂസിന്റെ കയ്യില്‍ പുസ്തകങ്ങളുടെ ഒരു കളക്‌ ഷന്‍ തന്നെയുണ്ട്‌. മിന്നൂസിന്‌ വാങ്ങിക്കൊടുക്കുന്നതൊന്നും പോരാതെ ഓരോ തവണ അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലുമൊക്കെ പോകുമ്പോള്‍ അവിടെ ചേച്ചിയുടേയും (വലിയമ്മയുടെ മകള്‍) ചേട്ടന്റേയും (അമ്മായിയുടെ മകന്‍) LKG, UKG പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ച്‌ കൊണ്ടുപോരും.

ഒരു പുസ്തകത്തില്‍ A ഫോര്‍ ആപ്പിള്‍ എന്ന് ചിത്രം സഹിതം വായിച്ച്‌ കഴിഞ്ഞ്‌ അടുത്ത പുസ്തകമെടുത്തപ്പോള്‍ അതില്‍ A ഫോര്‍ എയറോപ്ലേന്‍ എന്ന്.

ഇത്‌ കണ്ട്‌ മിന്നൂസിന്‌ സഹിച്ചില്ല.

"ഈ പുസ്തകം ചീത്തയാ.... കണ്ടില്ല്യേ എഴുതീക്കണത്‌... A ഫോര്‍ ആപ്പിള്‍ അല്ലേ ആ പുസ്തകത്തില്‌.... എനിച്ച്‌ വേണ്ട..."

(അങ്ങനേം പറയാം ഇങ്ങനേം പറയാം, പിന്നേം പലതും പറയാം എന്നതൊക്കെ കുറേ ചിത്രങ്ങളൊക്കെ കാണിച്ച്‌ ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആള്‍ ഒന്ന് ശാന്തമായി, ഞാനും...)