Thursday, July 24, 2008

ഗട്ടറും കട്ടറും

ഓഫീസിലെത്താന്‍ തിരക്കുള്ളതിനാല്‍ (ദിവസവും ലേറ്റാവുന്നതുകൊണ്ട്‌ തന്നെ), പ്ലേ സ്കൂളിലേയ്കുള്ള ഡ്രൈവ്‌ മിക്കവാറും റോഡിലെ കുഴികളെ റെസ്പെക്റ്റ്‌ ചെയ്യാതെയായിരിക്കും.

"എന്താ അച്ഛാ കാറ്‌ ചാടുന്നേ?" കാറിനുള്ളിലിരുന്ന് തുള്ളിച്ചാടി മടുത്ത മിന്നൂസിന്റെ ചോദ്യം.

"റോഡില്‍ നിറച്ചും ഗട്ടറാ മിന്നൂസേ.. അതാ.."

"ങാ.... കട്ടറോ?.... വല്ല്യ കട്ടറാ??" മിന്നൂസിന്‌ സംശയം

"ങാ.. വല്ല്യ ഗട്ടറ്‌ തന്നെ.."

"നമ്മള്‌ പെന്‍സില്‌ ചെത്തണ കട്ടറ്‌ ല്ലേ??... അത്‌ വല്ല്യ കട്ടറാ... റോട്ടില്‌ ല്ലേ..?"

അപ്പോഴേയ്ക്കും ഉച്ഛാരണത്തിലുള്ള വ്യത്യാസവും കാര്യങ്ങള്‍ പോകുന്ന പോക്കും എനിക്ക്‌ പിടികിട്ടി.

"അയ്യോ മിന്നുസേ.. ഇത്‌ പെന്‍സില്‌ ചെത്തുന്നതല്ലാ.. പെന്‍സില്‌ ചെത്തുന്നത്‌ ''ട്ടറ്‌. റോഡിലുള്ളത്‌ ''ട്ടറ്‌ ആണ്‌ ട്ടോ... ഗട്ടര്‍ എന്ന് പറഞ്ഞാല്‍ റോഡിലുള്ള കുഴി ആണ്‌ ട്ടോ.."

അന്നും പിന്നീടുള്ള രണ്ടുമൂന്ന് ദിവസവും മിന്നൂസ്‌ ഗട്ടറും കട്ടറും തമ്മിലുള്ള വ്യത്യാസം എന്നോട്‌ പറഞ്ഞ്‌ തന്ന് ഉറപ്പിക്കലായിരുന്നു ഈ യാത്രയില്‍ ചെയ്തുകൊണ്ടിരുന്നത്‌.

Sunday, July 20, 2008

എത്രാം ഓഫീസ്‌

പ്ലേ സ്കൂളില്‍ പോകുന്ന വഴിയില്‍ റോഡില്‍ കാണുന്ന സ്കൂള്‍ കുട്ടികളെ നോക്കി മിന്നൂസിന്റെ ചോദ്യം...

"ഇവരൊക്കെ എത്രാം ക്ലാസ്സിലാ പഠിച്ചുന്നേ?"

"അവരൊക്കെ വല്ല്യ കുട്ടികളായില്ലേ... 1, 2, 3 , 4 അങ്ങനെ പഠിച്ച്‌ പഠിച്ച്‌ 10 ആം ക്ലാസ്സ്‌ വരെ എത്തും.."

"അച്ഛന്‍ എത്രാം ക്ലാസ്സിലാ?"

"അച്ഛന്‍ 10 ആം ക്ലാസ്സൊക്കെ പഠിച്ച്‌ കോളേജിലൊക്കെ പഠിച്ച്‌ ഇപ്പോ ഓഫീസില്‍ ജോലി ചെയ്യല്ലേ..." എന്റെ വിശദീകരണം.

"ങാ.. അപ്പോ... അച്ഛന്‍ എത്രാം ഓഫീസിലാ.??"

കുറച്ച്‌ നിമിഷം മൗനം അവലംബിച്ച എന്നോട്‌ മിന്നൂസ്‌ വീണ്ടും...

"പറയ്‌ അച്ഛാ.. അച്ഛന്‍ എത്രാം ഓഫീസിലാന്ന്??"

ജോലിചെയ്ത കമ്പനികളുടെ എണ്ണമാണോ അതോ ജോലിചെയ്ത ആകെ കൊല്ലമാണോ പറയേണ്ടത്‌ എന്ന് കണ്‍ഫിയൂഷനടിച്ച്‌ ഞാന്‍ തലപുകഞ്ഞുകൊണ്ടിരുന്നപ്പോള്‍ മിന്നൂസ്‌ ചോദ്യം ആവര്‍ത്തിച്ചു.

Monday, July 14, 2008

ARROW അഥവാ 'ആരോ'

പ്ലേ സ്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ പഠനം മാത്രമല്ല, പഠിപ്പിക്കലും മിന്നൂസ്‌ നിര്‍വ്വഹിക്കും. മിന്നൂസിന്‌ കൂട്ടായി വീട്ടില്‍ 75 വയസ്സോളം പ്രായമുള്ള ഒരു അമ്മൂമ്മയുണ്ട്‌. അവരെ പിടിച്ചിരുത്തി പ്ലേ സ്കൂളില്‍ നിന്നും മറ്റുമായി പഠിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നേഴ്സറി ഗാനങ്ങള്‍ ചൊല്ലിക്കൊടുത്ത്‌ ഏറ്റുപാടിപ്പിച്ച്‌ പഠിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ പുള്ളിക്കാരത്തി. വൈകീട്ട്‌ ഓഫീസില്‍ നിന്ന് ഞങ്ങള്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ആ അമ്മൂമ്മ അവശനിലയില്‍ ഇരിപ്പുന്റാഖ്‌ും. 'പഠിച്ച്‌ പഠിച്ച്‌ വയ്യാണ്ടായി' എന്ന് പറഞ്ഞ്‌ ബാറ്റണ്‍ ഞങ്ങള്‍ക്ക്‌ കൈമാറും.

ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍ പലതിന്റെയും ചിത്രങ്ങള്‍ കൊടുത്തിട്ടുള്ള ഒരു പുസ്തകം നോക്കി എന്നെ പഠിപ്പിക്കാനുള്ള മിന്നൂസിന്റെ ഒരു ശ്രമം...

"A - ഇത്‌ ആപ്പിള്‍, ഇത്‌ എയറോപ്ലേന്‍, ഇത്‌ ഓട്ടോറിച്ച..."

അമ്പിന്റെ ചിത്രം കൊടുത്തിരിക്കുന്നത്‌ ചൂണ്ടി മിന്നു ചോദിച്ചു. "അച്ഛാ... ഇതെന്താന്നറിയോ?"

"അത്‌.. ARROW..." ഞാന്‍ പറഞ്ഞു.

"ആരോന്ന് പറഞ്ഞാല്‍ എന്താന്നറിയോ... നമ്മള്‍ അവിടെ ഒരു മാമന്റെ കാറ്‌ കാണുമ്പോള്‍ ആരുടെയോ ന്ന് പറയില്ലേ.. ആരോ ന്ന് പറയില്ലേ.. അതാണ്‌.." മിന്നൂസിന്റെ വിശദീകരണം.

("അയ്യോ മിന്നൂസേ ആ 'ആരോ' അല്ല ഇത്‌.. ഇതേയ്‌ ലുട്ടാപ്പിയുടെ കുന്തമില്ലേ... അതാണ്‌.." എന്ന് പറഞ്ഞുകൊടുത്ത്‌ സമ്മതിപ്പിച്ചു അവസാനം)

Sunday, July 13, 2008

പുസ്തകം ചവിട്ടിയാല്‍

ഈയിടെയായി മിന്നൂസ്‌ പ്ലേ സ്കൂളില്‍ നിന്ന് വന്ന് കഴിഞ്ഞാലും അവധി ദിവസങ്ങളിലും ഭയങ്കര എഴുത്തും വായനയുമാണ്‌. കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത്‌ അതില്‍ കുറേ വരയും എഴുത്തും പിന്നെ കുറേ വായനയും അമിതമായപ്പോള്‍ ഞാന്‍ മിന്നൂസിന്റെ അമ്മയോട്‌ പറഞ്ഞു. "ദേ.. ഇത്‌ കൈ വിട്ടൂന്നാ തോന്നണേ... വല്ല പഠിപ്പിസ്റ്റും ആയിപ്പോകുമോ ദൈവമേ.."

"കുട്ടി പഠിക്കാന്‍ ഇന്ററസ്റ്റ്‌ കാണിക്കുമ്പോള്‍ അതിനെ കുറ്റം പറയാതെ പോകുന്നുണ്ടോ?" എന്നതായിരുന്നു എനിയ്ക്ക്‌ അതിന്‌ കിട്ടിയ പ്രതികരണം. "വലുതാകുമ്പോഴും കാണണം ഈ ഇന്ററസ്റ്റ്‌.." എന്ന് പറഞ്ഞ്‌ ഞാന്‍ നിര്‍ത്തി.

പുസ്തകത്തില്‍ നോക്കിക്കൊണ്ടിരിക്കുന്ന മിന്നൂസ്‌ അതില്‍ നിന്ന് കണ്ണെടുക്കാതെ ഒരു ചോദ്യം "പുസ്തകത്തില്‍ ചവിട്ടിയാല്‍ പഠിപ്പ്‌ ഇണ്ടാവില്ല്യാ ല്ലേ അച്ചേ..."

"ങാ.. അതെ..."

"ഇത്‌ കണ്ടോ.. ഈ ഉറുമ്പ്‌ പുസ്തകത്തീക്കോടെ നടക്കണേ... പോ ഉറുമ്പേ.. നിനക്ക്‌ ഒരു പഠിപ്പും ഉണ്ടാവില്ല്യാ..."

Wednesday, July 9, 2008

വലുതാകുമ്പോള്‍...

പതിവുപോലെ പ്ലേ സ്കൂള്‍ യാത്രയ്ക്കിടയില്‍ മിന്നൂസ്‌ തന്റെ പതിവുപരിപാടി തുടങ്ങി (5 കി.മീ. യാത്രയ്ക്കിടയില്‍ പറ്റാവുന്നത്ര കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്‌ എന്നെ പരവശനാക്കുക എന്ന പരിപാടി).

"വലുതാകുമ്പോള്‍ ഞാന്‍ അച്ഛനെ എന്താ വിളിച്ചാന്ന് അറിയോ?"

"എന്താ??" അല്‍പം ആകാംക്ഷയോടെ ഞാന്‍ മിന്നൂസിന്റെ മുഖത്തേയ്ക്ക്‌ നോക്കി.

"സൂര്യോദയം ചേട്ടാ ന്ന്..." ഒരു പുഞ്ചിരിയോടെ മറുപടി.

അല്‍പം ആശ്വാസത്തോടൊപ്പം കാലഹരണപ്പെട്ട ഒരു പഴഞ്ചൊല്ല് ഓര്‍മ്മിച്ചു.

'അപ്പനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കല്ല്ലെടാ മക്കളേ'

Monday, July 7, 2008

ജെ.സി.ബി. എഫ്ഫക്റ്റ്‌

നാട്ടില്‍ സര്‍വ്വസാധാരണമായിരിക്കുന്ന ജെ.സി.ബി. (മണ്ണുമാന്തി വണ്ടി ഇല്ലേ... അത്‌ തന്നെ), അതിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ ആര്‍ക്കും ഒരല്‍പ്പം കൗതുകം നല്‍കുന്നത്‌ തന്നെ. അപ്പോള്‍ പിന്നെ കുട്ടികളില്‍ അതിന്റെ സ്വാധീനം കൂടുതലായിരിക്കുമല്ലോ...

എന്റെ ഒരു സുഹൃത്തിന്റെ 2 വയസ്സുള്ള കുട്ടി ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ എടുക്കുന്നതുമെല്ലാം ജെ.സി.ബി. യെ അനുകരിക്കുന്ന രീതിയിലാണത്രേ..

മിന്നൂസും ജെ.സി.ബി. യുടെ ആരാധികയാണ്‌.

പ്ലേ സ്കൂളില്‍ പോകുന്ന വഴിയ്ക്ക്‌ റോഡ്‌ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഒരു ജെ.സി.ബി. കണ്ടിട്ട്‌ മിന്നൂസിന്റെ ചോദ്യം..

"അച്ഛാ... റോഡാണല്ലേ ജെ.സി.ബീടെ ഭക്ഷണം?"

(കുറച്ച്‌ കഷ്ടപ്പെട്ടു ഉത്തരം പറയാന്‍)

Wednesday, July 2, 2008

കാരണം പലവിധം

മിന്നൂസ്‌ ഇപ്പോള്‍ പ്ലേ സ്കൂളില്‍ സന്തോഷത്തോടെ പോയിത്തുടങ്ങിയിരിക്കുന്നു.

ഒരു ദിവസം പ്ലേ സ്കൂളില്‍ കൊണ്ട്‌ വിട്ട്‌ ഞാന്‍ കാറില്‍ കയറാന്‍ നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞ്‌ നോക്കി. മിന്നൂസിന്റെ മുഖത്ത്‌ പുഞ്ചിരിയുണ്ടെങ്കിലും കണ്ണ്‍ നിറഞ്ഞിട്ടുണ്ടോ എന്ന് ഒരു സംശയം. ഞാന്‍ വീണ്ടും ചെന്ന് ടവ്വല്‍ എടുത്ത്‌ മുഖം ഒന്ന് തുടച്ചുകൊടുത്തു.

ഈ വിവരം മിന്നൂസിന്റെ അമ്മയോട്‌ ഞാന്‍ പറയുകയും ചെയ്തു.

അന്ന് ഉച്ചയ്ക്ക്‌ മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്ന വഴി, മിന്നൂസിന്റെ അമ്മ മിന്നൂസിനോട്‌ പറഞ്ഞു.

"അച്ഛന്‍ രണ്ടാമത്‌ വന്ന് മിന്നൂസിന്റെ മുഖം തുടച്ച്‌ തന്നൂ അല്ലേ?"

"ങാ.."

"മിന്നൂസിനോടുള്ള ഇഷ്ടം കൊണ്ടാ അച്ഛനങ്ങനെ ചെയ്തത്‌ ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഒരു ആവശ്യവുമില്ലാത്ത വിശദീകരണം.

"അല്ലാ.. കണ്ണീന്ന് വെള്ളം വന്നോണ്ടാ അച്ഛന്‍ തുടച്ചത്‌..."

എനിക്ക്‌ അല്‍പം ആശ്വാസമാണ്‌ തോന്നിയത്‌. "ടവ്വല്‍ കൊണ്ടാണ്‌ മുഖം തുടച്ചത്‌" എന്ന് പറഞ്ഞില്ലല്ലോ.