Wednesday, December 31, 2008

ന്യൂ ഇയര്‍

ചില കാര്യങ്ങള്‍ മിന്നൂസിനെക്കൊണ്ട്‌ അനുസരിപ്പിക്കാന്‍ അല്‍പസ്വല്‍പം പ്രലോഭനങ്ങളും ഓഫറുകളും നല്‍കേണ്ടിവരാറുണ്ട്‌.

ഭക്ഷണം കൊടുക്കുന്നത്‌ മുഴുവന്‍ കഴിക്കാതെ സ്കിപ്പ്‌ ആകുക, മിന്നൂസ്‌ അമ്മയുടെ ഇഷ്ടത്തിന്‌ വിപരീതമായി സ്വന്തം ഇഷ്ടമുള്ള ഡ്രസ്സ്‌ സെലക്റ്റ്‌ ചെയ്യുക എന്നിങ്ങനെ പോകുന്നു ഇത്തരം ഓഫറുകള്‍ നല്‍കേണ്ടിവരുന്ന ചില സാഹചര്യങ്ങള്‍..

രണ്ട്‌ ദിവസം മുന്‍പ്‌ ഇതുപോലെ ഒരു ഓഫര്‍ മിന്നുവിന്‌ അമ്മ കൊടുത്തു.

"മിന്നൂസിന്‌ ന്യൂയറിന്‌ പുതിയ ഡ്രസ്സ്‌ വാങ്ങിത്തരാംട്ടോ...."

മിന്നൂസിന്‌ വല്ല്യ സന്തോഷമായി, എന്നിട്ട്‌ എന്നെ നോക്കി പറഞ്ഞു.. "അച്ഛനും ഞാന്‍ പുതിയ ഡ്രസ്സ്‌ വാങ്ങിത്തരാം ട്ടോ.."

"അതിന്‌ മിന്നൂസിന്റെ കയ്യില്‍ എവിടെയാ കാശ്‌?" ഞാന്‍ ചോദിച്ചു.

"കാശ്‌..... അത്‌ നമുക്ക്‌ അച്ഛന്റെ പോക്കറ്റീന്ന് എടുക്കാം..." മിന്നൂസിന്റെ മറുപടി.

"ഓ.. വല്ല്യ ഉപകാരം.." എനിയ്ക്ക്‌ സമാധാനമായി.

അങ്ങനെ ഇന്നലെ വാങ്ങിയ പുതിയ ഡ്രസ്സും ഇട്ട്‌ മിന്നൂസ്‌ പ്ലേ സ്കൂളില്‍ പോയിട്ടുണ്ട്‌...

"എല്ലാവര്‍ക്കും മിന്നൂസിന്റെയും മിന്നൂസിന്റെ അച്ഛന്റെയും അമ്മയുടെയും പുതുവല്‍സര ആശംസകള്‍..."

Friday, December 19, 2008

പ്ലേ സ്കൂള്‍ ജ്ഞാനം

പ്ലേ സ്കൂളില്‍ നിന്ന് കിട്ടിയ വിവരസാങ്കേതികവിദ്യകള്‍ മിന്നൂസ്‌ വീട്ടില്‍ വന്ന് പുറത്തെടുക്കും. പ്ലേ സ്കൂളില്‍ പഠിപ്പിക്കുന്ന രീതികളും പഠിച്ച ഐറ്റംസും അച്ഛന്റെയും അമ്മയുടേയും നേരെ പ്രയോഗിച്ച്‌ അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്ന രീതി തന്നെ.

ഇടയ്ക്ക്‌ വിളിച്ച്‌ പറയുന്ന വിജ്ഞാനശകലങ്ങള്‍ കേട്ട്‌ ഞങ്ങള്‍ ഞെട്ടുകയും പതിവാണ്‌.

ചില ഞെട്ടല്‍ സാമ്പിളുകള്‍..

1. ഒരു ദിവസം, ഹിന്ദിയില്‍ ഒന്ന് മുതല്‍ 20 വരെ പുഷ്പം പോലെ എണ്ണുന്നു... 'ഏക്‌ , ദോ, തീന്‍.. ചാര്‍ പാഞ്ചേ സാത്ത്‌ ആട്ട്‌.. എന്ന പാട്ട്‌ നിലനില്‍ക്കുന്നതിനാല്‍ മാത്രം ബാരാ, തേരാ...മേരാ...' വരെ എണ്ണാനറിയുന്ന മിന്നൂസിന്റെ അമ്മയെ ഞാന്‍ കുലുക്കിവിളിച്ചാണ്‌ ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്‌.

2. "ഇന്റ്യാ ഇസ്സ്‌ മൈ കണ്ട്രി.. ഓള്‍ ഇന്റ്യന്‍സ്‌ ആര്‍ മൈ ബ്രദേര്‍സ്‌ ആന്റ്‌ സിസ്റ്റേര്‍സ്‌.." എന്ന് തുടങ്ങുന്ന ആ സംഭവം ഒരൊറ്റ കാച്ച്‌.. ആദ്യത്തെ രണ്ട്‌ സെന്റന്‍സും ഇടയിലെ ചില വാക്കുകളും ഒഴിച്ച്‌ ബാക്കി ഒന്നും മിന്നൂസിനും ഞങ്ങള്‍ക്കും മനസ്സിലായില്ലെങ്കിലും, "ജയ്‌ ഹിന്ദ്‌" എന്ന് വരെ മിന്നൂസ്‌ ഇടതടവില്ലാതെ പറഞ്ഞൊപ്പിച്ചു. ഇനി തെറ്റും ശരിയും പറഞ്ഞുകൊടുക്കാമെന്ന് വച്ചാല്‍ ആര്‌ പറഞ്ഞുകൊടുക്കാനാ? ഞാനോ? (ആദ്യം ഇത്‌ വായിച്ച്‌ പഠിക്കട്ടെ.. എന്നിട്ടാകാം)

ഇത്തരം ചില വെളിപ്പെടുത്തലുകള്‍ക്ക്‌ ശേഷം രണ്ട്‌ ദിവസം മുന്‍പ്‌ മിന്നൂസ്‌ മിന്നുസിന്റെ അമ്മയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്തു.

"ഞാന്‍ ചോദ്യം ചോദിച്ചാം.. അമ്മ ഉത്തരം പറയണം ട്ടോ..."

"ശരി..." അമ്മ തലയാട്ടി

"സ്പീക്കിംഗ്‌ ബേര്‍ഡ്‌ ഏതാ... പറയ്‌....." മിന്നൂസിന്റെ ആദ്യത്തെ ചോദ്യം.

മിന്നൂസിന്റെ അമ്മ ഒന്ന് പതറി... ഒന്ന് കണ്ണ്‍ മിഴിച്ച്‌ ആലോചിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ മിന്നൂസ്‌ ഹിന്റ്‌ കൊടുത്തു.

"പച്ച നിറത്തിലുള്ളത്‌...."

"ങാ... പാരറ്റ്‌.." അമ്മ ഉത്തരം പറഞ്ഞു.

ഇത്‌ കേട്ട്‌ മിന്നൂസിന്‌ ഒരു സംശയം.. "അമ്മച്ച്‌ അറിയാം ല്ലേ.. എന്നെ പറ്റിച്ചാനാ മിണ്ടാതിരുന്നത്‌?.."

"ങാ..." ('തല്‍ക്കാലം അങ്ങനെ ഇരിക്കട്ടെ' എന്ന് മനോഗതം).

"ഇനി... നമുക്ക്‌ ഓം ലേറ്റ്‌ തരുന്നത്‌ ആരാ??" മിന്നൂസിന്റെ അടുത്ത ചോദ്യം.

"അമ്മ..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഒരു സംശയവുമില്ല.

ഇത്‌ കേട്ട്‌ മിന്നൂസ്‌.. "അല്ലാ... ഡക്കും ഹെന്നും..."

"മിന്നൂസേ.. വാ.. നമുക്ക്‌ വേറെ വല്ല കളിയും കളിയ്ക്കാം.." മിന്നൂസിന്റെ അമ്മ അടുത്ത രക്ഷാമാര്‍ഗ്ഗം പരിഗണനക്കെടുത്തു.

Wednesday, November 12, 2008

വയറുള്ളതെത്ര ഭാഗ്യം

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മിന്നൂസിനൊരു സംശയം..

"അച്ഛാ.. നമുക്ക്‌ വയര്‍ എന്തിനാ?"

"അത്‌... നമ്മള്‍ ഭക്ഷണം കഴിക്കുന്നത്‌ വയറ്റിലേയ്ക്കല്ലേ പോകുന്നത്‌.. അതിനാണ്‌.." ഒരു വിധം തരക്കേടില്ലാത്ത മറുപടി ഞാന്‍ പറഞ്ഞൊപ്പിച്ചു.

"വയറില്ലെങ്കില്‍ നമ്മള്‌ കഴിച്ചണതൊക്കെ താഴെ വീണു പോകും ല്ലേ...."

"ങാ.. അത്‌ തന്നെ..." ഞാനും സമ്മതിച്ചു.

അപ്പോഴാണ്‌ മിന്നൂസ്‌ അങ്ങനെ സംഭവിച്ചാലുള്ള പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയത്‌.

"അങ്ങനെ വീണ്‌ പോയാല്‍ വീണ്ടും വീണ്ടും വാരി കഴിച്ചണ്ടവരും ല്ലേ... പിന്നേം താഴെ പോകും.. പിന്നേം വാരി കഴിച്ചണം... അല്ലേ അച്ഛാ..."

(ഞാന്‍ തോറ്റു)

Tuesday, October 28, 2008

ഇങ്ങനേയും സോപ്പിടാം

ഒരു ഹോട്ടലില്‍ മിന്നൂസിന്റെ ഫേവറേറ്റ്‌ ഐറ്റമായ 'തൊപ്പി ദോശ' കഴിച്ചുകൊണ്ടിരിക്കുന്നു. (നെയ്‌ റോസ്റ്റ്‌ തന്നെ.. അതിനെ തൊപ്പിയുടെ രൂപത്തില്‍ പ്ലേറ്റില്‍ തരുന്നതിനാല്‍ മിന്നു പേര്‌ മാറ്റിയെന്ന് മാത്രം).

ഞാന്‍ പൊതുവേ പെപ്സി, കൊക്കക്കോള ഇത്യാദി കലക്കവെള്ളങ്ങളോട്‌ തത്ത്വത്തില്‍ ശത്രുതാമനോഭാവം പുലര്‍ത്തുന്നുവെങ്കിലും മിന്നൂസിന്റെ അമ്മയ്ക്ക്‌ അതിലൊക്കെ ചെറിയ താല്‍പര്യം ഉണ്ടെന്ന് എനിയ്ക്കറിയാം. അതുകൊണ്ട്‌ തന്നെ, വല്ലപ്പോഴും ഇത്‌ വാങ്ങുന്നതിന്‌ മൗനസമ്മതം കൊടുക്കാറുണ്ട്‌.

ഹോട്ടലില്‍ ഇരിയ്ക്കുമ്പോള്‍ മിന്നൂസിന്റെ അമ്മ മിന്നൂസിനോട്‌ "നമുക്ക്‌ അച്ഛനെ സോപ്പിട്ട്‌ മിറിന്‍ഡ വാങ്ങാം ട്ടോ.."

മിന്നൂസ്‌ തലയാട്ടി.

"അച്ഛാ.. മിറിന്‍ഡ വാങ്ങി തരുവോ?.. അച്ഛനെ ഞാന്‍ സോപ്പിടാം..."

"നീ എങ്ങനെയാ സോപ്പിടുക?"

എന്റെ കാലിലേയ്ക്ക്‌ നോക്കിയിട്ട്‌, കയ്യിലുള്ളത്‌ കാലിലേയ്ക്ക്‌ എറിയുന്ന ആക്‌ ഷന്‍ കാണിച്ചിട്ട്‌

"അച്ഛന്റെ കാലില്‌ സോപ്പ്‌ ദേ ഇങ്ങനെ ഇടും..."

Monday, September 22, 2008

മേഡം, ഇടവം, മിഥുനം, കക്കിടകം

പ്ലേ സ്കൂള്‍ വിശേഷങ്ങള്‍ ഇടയ്ക്കിടെ മിന്നൂസിനോട്‌ ഞങ്ങള്‍ ചോദിച്ചറിയും... (ചോദിച്ചില്ലേലും പറഞ്ഞോളും).

മിന്നൂസിന്റെ അമ്മ പ്ലേ സ്കൂളിലെ ടീച്ചേര്‍സിനെക്കുറിച്ച്‌ ഒരു ദിവസം മിന്നൂസിനോട്‌...

"മിന്നൂസിനെ പഠിപ്പിക്കുന്ന മിസ്സിന്റെ പേരെന്താ?"

"സാനിയാ മിസ്സ്‌..."

"വേറൊരു മിസ്സിനെ അവിടെ കണ്ടല്ലോ... ആ മിസ്സിന്റെ പേര്‌?"

"ആ മിസ്സിന്റെ പേരാണ്‌ മേഡം..." മിന്നൂസിന്റെ മറുപടി.

അല്‍പസമയം ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായി.

മിന്നൂസ്‌ ഞങ്ങളെ ശ്രദ്ധിക്കാതെ മറ്റ്‌ എന്തിലോ ശ്രദ്ധിച്ചുകൊണ്ട്‌ തുടര്‍ന്നു...

"മേഡം... ഇടവം, മിഥുനം, കക്കിടകം...."

Monday, August 25, 2008

ഫോണ്‍ ശല്ല്യം

മിന്നൂസ്‌ കയ്യിലുള്ള മൊബൈല്‍ ഫോണും (കളിപ്പാട്ടം) പിടിച്ച്‌ എന്നെ അനുകരിച്ച്‌ സംസാരിച്ചുകൊണ്ട്‌ നടക്കുന്നത്‌ ഒരു പതിവ്‌ സീനാണ്‌. ഇടയ്ക്കിടയ്ക്ക്‌ ചിരിയും , ഓ.കെ. പറയലും മൂളലുമൊക്കെയായി സംഗതി പൊടിപൊടിക്കുമ്പോള്‍ ഞാന്‍ ചമ്മലോടെ നില്‍ക്കുന്ന സീന്‍ ഭാര്യയ്ക്ക്‌ വല്ല്യ സന്തോഷവും നല്‍കിയിരുന്നു.

മിന്നു ഫോണ്‍ സംസാരവും കഴിഞ്ഞ്‌ ഷേവ്‌ ചെയ്തുകൊണ്ടിരിക്കുന്ന എന്റെ അടുത്തേയ്ക്ക്‌ വന്നു.

"അച്ഛാ... ഒരു ഫ്രണ്ട്‌ ആണ്‌ ഫോണ്‍ വിളിച്ചേ..."

"അതെയോ??.. എന്തു പറഞ്ഞു ഫ്രണ്ട്‌...??"

"കുറേ നേരായി ഫോണ്‍ ചെയ്തോണ്ടിരിക്കുന്നു... "

"എന്നിട്ടോ?" ഞാന്‍ കണ്ണാടിയില്‍ നിന്ന് മുഖം തിരിക്കാതെ ചോദിച്ചു.

"ചെക്കാ... എന്നോട്‌ കളിക്കണ്ടാ ട്ടോ ന്ന് ഞാന്‍ പറഞ്ഞു."

ഞാനൊന്ന് ഞെട്ടി. എന്നിട്ട്‌ വിളിച്ച്‌ പറഞ്ഞു... "എടോ ഭാര്യേ... ദേ ഇത്‌ കൈ വിട്ടൂന്നാ തോന്നണേ.."

Sunday, August 10, 2008

മൂത്തവരും മൂക്കാത്തവരും

മിന്നൂസ്‌ കിടക്കയില്‍ കിടന്നുള്ള അഭ്യാസത്തിന്നിടയില്‍ അമ്മയെ ഒന്ന് ചവിട്ടി.

അത്‌ കണ്ട്‌ ഞാനൊന്ന് ഉപദേശിച്ചു. "മിന്നൂസേ.. മൂത്തവരെ നമ്മള്‍ ചവിട്ടാന്‍ പാടില്ലാ ട്ടോ.. അറിയാതെ ചവിട്ടിയാല്‍ തൊട്ട്‌ നിറയില്‍ വയ്ക്കണം.."

മിന്നൂസ്‌ എല്ലാം മനസ്സിലായ ഭാവത്തോടെ തലയാട്ടി, എന്നിട്ട്‌ ഒരു ചോദ്യം..

"മൂക്കാത്തവരെ ചവിട്ടണം അല്ലേ അച്ഛേ??..."

(കുറച്ച്‌ സമയമെടുത്ത്‌ ഞങ്ങള്‍ക്ക്‌ സംയമനം വീണ്ടെടുത്ത്‌ ഒന്ന് വിശദീകരിച്ച്‌ കൊടുക്കാന്‍)

Monday, August 4, 2008

ഒരു കുഞ്ഞു പുസ്തകവിവാദം

മിന്നൂസിന്റെ കയ്യില്‍ പുസ്തകങ്ങളുടെ ഒരു കളക്‌ ഷന്‍ തന്നെയുണ്ട്‌. മിന്നൂസിന്‌ വാങ്ങിക്കൊടുക്കുന്നതൊന്നും പോരാതെ ഓരോ തവണ അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലുമൊക്കെ പോകുമ്പോള്‍ അവിടെ ചേച്ചിയുടേയും (വലിയമ്മയുടെ മകള്‍) ചേട്ടന്റേയും (അമ്മായിയുടെ മകന്‍) LKG, UKG പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ച്‌ കൊണ്ടുപോരും.

ഒരു പുസ്തകത്തില്‍ A ഫോര്‍ ആപ്പിള്‍ എന്ന് ചിത്രം സഹിതം വായിച്ച്‌ കഴിഞ്ഞ്‌ അടുത്ത പുസ്തകമെടുത്തപ്പോള്‍ അതില്‍ A ഫോര്‍ എയറോപ്ലേന്‍ എന്ന്.

ഇത്‌ കണ്ട്‌ മിന്നൂസിന്‌ സഹിച്ചില്ല.

"ഈ പുസ്തകം ചീത്തയാ.... കണ്ടില്ല്യേ എഴുതീക്കണത്‌... A ഫോര്‍ ആപ്പിള്‍ അല്ലേ ആ പുസ്തകത്തില്‌.... എനിച്ച്‌ വേണ്ട..."

(അങ്ങനേം പറയാം ഇങ്ങനേം പറയാം, പിന്നേം പലതും പറയാം എന്നതൊക്കെ കുറേ ചിത്രങ്ങളൊക്കെ കാണിച്ച്‌ ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആള്‍ ഒന്ന് ശാന്തമായി, ഞാനും...)

Thursday, July 24, 2008

ഗട്ടറും കട്ടറും

ഓഫീസിലെത്താന്‍ തിരക്കുള്ളതിനാല്‍ (ദിവസവും ലേറ്റാവുന്നതുകൊണ്ട്‌ തന്നെ), പ്ലേ സ്കൂളിലേയ്കുള്ള ഡ്രൈവ്‌ മിക്കവാറും റോഡിലെ കുഴികളെ റെസ്പെക്റ്റ്‌ ചെയ്യാതെയായിരിക്കും.

"എന്താ അച്ഛാ കാറ്‌ ചാടുന്നേ?" കാറിനുള്ളിലിരുന്ന് തുള്ളിച്ചാടി മടുത്ത മിന്നൂസിന്റെ ചോദ്യം.

"റോഡില്‍ നിറച്ചും ഗട്ടറാ മിന്നൂസേ.. അതാ.."

"ങാ.... കട്ടറോ?.... വല്ല്യ കട്ടറാ??" മിന്നൂസിന്‌ സംശയം

"ങാ.. വല്ല്യ ഗട്ടറ്‌ തന്നെ.."

"നമ്മള്‌ പെന്‍സില്‌ ചെത്തണ കട്ടറ്‌ ല്ലേ??... അത്‌ വല്ല്യ കട്ടറാ... റോട്ടില്‌ ല്ലേ..?"

അപ്പോഴേയ്ക്കും ഉച്ഛാരണത്തിലുള്ള വ്യത്യാസവും കാര്യങ്ങള്‍ പോകുന്ന പോക്കും എനിക്ക്‌ പിടികിട്ടി.

"അയ്യോ മിന്നുസേ.. ഇത്‌ പെന്‍സില്‌ ചെത്തുന്നതല്ലാ.. പെന്‍സില്‌ ചെത്തുന്നത്‌ ''ട്ടറ്‌. റോഡിലുള്ളത്‌ ''ട്ടറ്‌ ആണ്‌ ട്ടോ... ഗട്ടര്‍ എന്ന് പറഞ്ഞാല്‍ റോഡിലുള്ള കുഴി ആണ്‌ ട്ടോ.."

അന്നും പിന്നീടുള്ള രണ്ടുമൂന്ന് ദിവസവും മിന്നൂസ്‌ ഗട്ടറും കട്ടറും തമ്മിലുള്ള വ്യത്യാസം എന്നോട്‌ പറഞ്ഞ്‌ തന്ന് ഉറപ്പിക്കലായിരുന്നു ഈ യാത്രയില്‍ ചെയ്തുകൊണ്ടിരുന്നത്‌.

Sunday, July 20, 2008

എത്രാം ഓഫീസ്‌

പ്ലേ സ്കൂളില്‍ പോകുന്ന വഴിയില്‍ റോഡില്‍ കാണുന്ന സ്കൂള്‍ കുട്ടികളെ നോക്കി മിന്നൂസിന്റെ ചോദ്യം...

"ഇവരൊക്കെ എത്രാം ക്ലാസ്സിലാ പഠിച്ചുന്നേ?"

"അവരൊക്കെ വല്ല്യ കുട്ടികളായില്ലേ... 1, 2, 3 , 4 അങ്ങനെ പഠിച്ച്‌ പഠിച്ച്‌ 10 ആം ക്ലാസ്സ്‌ വരെ എത്തും.."

"അച്ഛന്‍ എത്രാം ക്ലാസ്സിലാ?"

"അച്ഛന്‍ 10 ആം ക്ലാസ്സൊക്കെ പഠിച്ച്‌ കോളേജിലൊക്കെ പഠിച്ച്‌ ഇപ്പോ ഓഫീസില്‍ ജോലി ചെയ്യല്ലേ..." എന്റെ വിശദീകരണം.

"ങാ.. അപ്പോ... അച്ഛന്‍ എത്രാം ഓഫീസിലാ.??"

കുറച്ച്‌ നിമിഷം മൗനം അവലംബിച്ച എന്നോട്‌ മിന്നൂസ്‌ വീണ്ടും...

"പറയ്‌ അച്ഛാ.. അച്ഛന്‍ എത്രാം ഓഫീസിലാന്ന്??"

ജോലിചെയ്ത കമ്പനികളുടെ എണ്ണമാണോ അതോ ജോലിചെയ്ത ആകെ കൊല്ലമാണോ പറയേണ്ടത്‌ എന്ന് കണ്‍ഫിയൂഷനടിച്ച്‌ ഞാന്‍ തലപുകഞ്ഞുകൊണ്ടിരുന്നപ്പോള്‍ മിന്നൂസ്‌ ചോദ്യം ആവര്‍ത്തിച്ചു.

Monday, July 14, 2008

ARROW അഥവാ 'ആരോ'

പ്ലേ സ്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ പഠനം മാത്രമല്ല, പഠിപ്പിക്കലും മിന്നൂസ്‌ നിര്‍വ്വഹിക്കും. മിന്നൂസിന്‌ കൂട്ടായി വീട്ടില്‍ 75 വയസ്സോളം പ്രായമുള്ള ഒരു അമ്മൂമ്മയുണ്ട്‌. അവരെ പിടിച്ചിരുത്തി പ്ലേ സ്കൂളില്‍ നിന്നും മറ്റുമായി പഠിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നേഴ്സറി ഗാനങ്ങള്‍ ചൊല്ലിക്കൊടുത്ത്‌ ഏറ്റുപാടിപ്പിച്ച്‌ പഠിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്‌ പുള്ളിക്കാരത്തി. വൈകീട്ട്‌ ഓഫീസില്‍ നിന്ന് ഞങ്ങള്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ആ അമ്മൂമ്മ അവശനിലയില്‍ ഇരിപ്പുന്റാഖ്‌ും. 'പഠിച്ച്‌ പഠിച്ച്‌ വയ്യാണ്ടായി' എന്ന് പറഞ്ഞ്‌ ബാറ്റണ്‍ ഞങ്ങള്‍ക്ക്‌ കൈമാറും.

ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍ പലതിന്റെയും ചിത്രങ്ങള്‍ കൊടുത്തിട്ടുള്ള ഒരു പുസ്തകം നോക്കി എന്നെ പഠിപ്പിക്കാനുള്ള മിന്നൂസിന്റെ ഒരു ശ്രമം...

"A - ഇത്‌ ആപ്പിള്‍, ഇത്‌ എയറോപ്ലേന്‍, ഇത്‌ ഓട്ടോറിച്ച..."

അമ്പിന്റെ ചിത്രം കൊടുത്തിരിക്കുന്നത്‌ ചൂണ്ടി മിന്നു ചോദിച്ചു. "അച്ഛാ... ഇതെന്താന്നറിയോ?"

"അത്‌.. ARROW..." ഞാന്‍ പറഞ്ഞു.

"ആരോന്ന് പറഞ്ഞാല്‍ എന്താന്നറിയോ... നമ്മള്‍ അവിടെ ഒരു മാമന്റെ കാറ്‌ കാണുമ്പോള്‍ ആരുടെയോ ന്ന് പറയില്ലേ.. ആരോ ന്ന് പറയില്ലേ.. അതാണ്‌.." മിന്നൂസിന്റെ വിശദീകരണം.

("അയ്യോ മിന്നൂസേ ആ 'ആരോ' അല്ല ഇത്‌.. ഇതേയ്‌ ലുട്ടാപ്പിയുടെ കുന്തമില്ലേ... അതാണ്‌.." എന്ന് പറഞ്ഞുകൊടുത്ത്‌ സമ്മതിപ്പിച്ചു അവസാനം)

Sunday, July 13, 2008

പുസ്തകം ചവിട്ടിയാല്‍

ഈയിടെയായി മിന്നൂസ്‌ പ്ലേ സ്കൂളില്‍ നിന്ന് വന്ന് കഴിഞ്ഞാലും അവധി ദിവസങ്ങളിലും ഭയങ്കര എഴുത്തും വായനയുമാണ്‌. കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത്‌ അതില്‍ കുറേ വരയും എഴുത്തും പിന്നെ കുറേ വായനയും അമിതമായപ്പോള്‍ ഞാന്‍ മിന്നൂസിന്റെ അമ്മയോട്‌ പറഞ്ഞു. "ദേ.. ഇത്‌ കൈ വിട്ടൂന്നാ തോന്നണേ... വല്ല പഠിപ്പിസ്റ്റും ആയിപ്പോകുമോ ദൈവമേ.."

"കുട്ടി പഠിക്കാന്‍ ഇന്ററസ്റ്റ്‌ കാണിക്കുമ്പോള്‍ അതിനെ കുറ്റം പറയാതെ പോകുന്നുണ്ടോ?" എന്നതായിരുന്നു എനിയ്ക്ക്‌ അതിന്‌ കിട്ടിയ പ്രതികരണം. "വലുതാകുമ്പോഴും കാണണം ഈ ഇന്ററസ്റ്റ്‌.." എന്ന് പറഞ്ഞ്‌ ഞാന്‍ നിര്‍ത്തി.

പുസ്തകത്തില്‍ നോക്കിക്കൊണ്ടിരിക്കുന്ന മിന്നൂസ്‌ അതില്‍ നിന്ന് കണ്ണെടുക്കാതെ ഒരു ചോദ്യം "പുസ്തകത്തില്‍ ചവിട്ടിയാല്‍ പഠിപ്പ്‌ ഇണ്ടാവില്ല്യാ ല്ലേ അച്ചേ..."

"ങാ.. അതെ..."

"ഇത്‌ കണ്ടോ.. ഈ ഉറുമ്പ്‌ പുസ്തകത്തീക്കോടെ നടക്കണേ... പോ ഉറുമ്പേ.. നിനക്ക്‌ ഒരു പഠിപ്പും ഉണ്ടാവില്ല്യാ..."

Wednesday, July 9, 2008

വലുതാകുമ്പോള്‍...

പതിവുപോലെ പ്ലേ സ്കൂള്‍ യാത്രയ്ക്കിടയില്‍ മിന്നൂസ്‌ തന്റെ പതിവുപരിപാടി തുടങ്ങി (5 കി.മീ. യാത്രയ്ക്കിടയില്‍ പറ്റാവുന്നത്ര കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്‌ എന്നെ പരവശനാക്കുക എന്ന പരിപാടി).

"വലുതാകുമ്പോള്‍ ഞാന്‍ അച്ഛനെ എന്താ വിളിച്ചാന്ന് അറിയോ?"

"എന്താ??" അല്‍പം ആകാംക്ഷയോടെ ഞാന്‍ മിന്നൂസിന്റെ മുഖത്തേയ്ക്ക്‌ നോക്കി.

"സൂര്യോദയം ചേട്ടാ ന്ന്..." ഒരു പുഞ്ചിരിയോടെ മറുപടി.

അല്‍പം ആശ്വാസത്തോടൊപ്പം കാലഹരണപ്പെട്ട ഒരു പഴഞ്ചൊല്ല് ഓര്‍മ്മിച്ചു.

'അപ്പനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കല്ല്ലെടാ മക്കളേ'

Monday, July 7, 2008

ജെ.സി.ബി. എഫ്ഫക്റ്റ്‌

നാട്ടില്‍ സര്‍വ്വസാധാരണമായിരിക്കുന്ന ജെ.സി.ബി. (മണ്ണുമാന്തി വണ്ടി ഇല്ലേ... അത്‌ തന്നെ), അതിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ ആര്‍ക്കും ഒരല്‍പ്പം കൗതുകം നല്‍കുന്നത്‌ തന്നെ. അപ്പോള്‍ പിന്നെ കുട്ടികളില്‍ അതിന്റെ സ്വാധീനം കൂടുതലായിരിക്കുമല്ലോ...

എന്റെ ഒരു സുഹൃത്തിന്റെ 2 വയസ്സുള്ള കുട്ടി ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ എടുക്കുന്നതുമെല്ലാം ജെ.സി.ബി. യെ അനുകരിക്കുന്ന രീതിയിലാണത്രേ..

മിന്നൂസും ജെ.സി.ബി. യുടെ ആരാധികയാണ്‌.

പ്ലേ സ്കൂളില്‍ പോകുന്ന വഴിയ്ക്ക്‌ റോഡ്‌ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഒരു ജെ.സി.ബി. കണ്ടിട്ട്‌ മിന്നൂസിന്റെ ചോദ്യം..

"അച്ഛാ... റോഡാണല്ലേ ജെ.സി.ബീടെ ഭക്ഷണം?"

(കുറച്ച്‌ കഷ്ടപ്പെട്ടു ഉത്തരം പറയാന്‍)

Wednesday, July 2, 2008

കാരണം പലവിധം

മിന്നൂസ്‌ ഇപ്പോള്‍ പ്ലേ സ്കൂളില്‍ സന്തോഷത്തോടെ പോയിത്തുടങ്ങിയിരിക്കുന്നു.

ഒരു ദിവസം പ്ലേ സ്കൂളില്‍ കൊണ്ട്‌ വിട്ട്‌ ഞാന്‍ കാറില്‍ കയറാന്‍ നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞ്‌ നോക്കി. മിന്നൂസിന്റെ മുഖത്ത്‌ പുഞ്ചിരിയുണ്ടെങ്കിലും കണ്ണ്‍ നിറഞ്ഞിട്ടുണ്ടോ എന്ന് ഒരു സംശയം. ഞാന്‍ വീണ്ടും ചെന്ന് ടവ്വല്‍ എടുത്ത്‌ മുഖം ഒന്ന് തുടച്ചുകൊടുത്തു.

ഈ വിവരം മിന്നൂസിന്റെ അമ്മയോട്‌ ഞാന്‍ പറയുകയും ചെയ്തു.

അന്ന് ഉച്ചയ്ക്ക്‌ മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്ന വഴി, മിന്നൂസിന്റെ അമ്മ മിന്നൂസിനോട്‌ പറഞ്ഞു.

"അച്ഛന്‍ രണ്ടാമത്‌ വന്ന് മിന്നൂസിന്റെ മുഖം തുടച്ച്‌ തന്നൂ അല്ലേ?"

"ങാ.."

"മിന്നൂസിനോടുള്ള ഇഷ്ടം കൊണ്ടാ അച്ഛനങ്ങനെ ചെയ്തത്‌ ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഒരു ആവശ്യവുമില്ലാത്ത വിശദീകരണം.

"അല്ലാ.. കണ്ണീന്ന് വെള്ളം വന്നോണ്ടാ അച്ഛന്‍ തുടച്ചത്‌..."

എനിക്ക്‌ അല്‍പം ആശ്വാസമാണ്‌ തോന്നിയത്‌. "ടവ്വല്‍ കൊണ്ടാണ്‌ മുഖം തുടച്ചത്‌" എന്ന് പറഞ്ഞില്ലല്ലോ.

Monday, June 23, 2008

ഇത്‌ കണ്ടാല്‌ ???

മൃഗങ്ങളുടെ ചെറിയ ചെറിയ രൂപങ്ങള്‍ മിന്നൂസിന്റെ കയ്യില്‍ കുറേ കിട്ടിയിട്ടുണ്ട്‌. അതെല്ലാം വരിവരിയായി വയ്ക്കുന്നകണ്ടിട്ട്‌ ഞാന്‍ സഹായിക്കാന്‍ ചെന്നു.

ഒരു മൃഗത്തെ മറ്റേതിനു മുന്നില്‍ മുഖത്തോട്‌ മുഖം വച്ചപ്പോള്‍ മിന്നൂസിന്‌ ഇഷ്ടപ്പെട്ടില്ല.

"ഇത്‌ കണ്ടാല്‌ പേടിച്ച്‌ ഓടില്ലേ.... പിന്നില്‌ പിന്നില്‌ വച്ചണം.." മിന്നൂസ്‌ ഞാന്‍ വച്ചതിനെ എടുത്ത്‌ മാറ്റി, ഓരോന്നിന്റെയും പിന്നിലേയ്ക്ക്‌ ക്യൂ ആയി വയ്ക്കാന്‍ തുടങ്ങി.

ഓരോ മൃഗത്തേയും എടുത്തിട്ട്‌ എന്നോട്‌ ചോദിക്കും "ഇതിന്റെ പേരെന്താ?"

ഞാന്‍ മൃഗത്തിന്റെ പേര്‌ പറഞ്ഞുകൊടുക്കും.

ഒരെണ്ണം എടുത്തിട്ട്‌ ചോദിച്ചു.. "ഇതിന്റെ പേരെന്താ?"

"കണ്ടാമൃഗം.." ഞാന്‍ പറഞ്ഞു.

അടുത്തതിനെ എടുത്തിട്ട്‌ മിന്നൂസ്‌ ചോദിച്ചു.. "ഇത്‌ കണ്ടാല്‌..???"

രണ്ട്‌ നിമിഷം ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലാവാതെ ഞാന്‍ അന്തിച്ച്‌ നിന്നു.

Tuesday, June 17, 2008

എന്തൊരു സ്നേഹം.. ചോക്ലേറ്റ്‌ സ്നേഹം

ഡയറി മില്‍ക്‌ ബ്രാന്‍ഡിനോടുള്ള മിന്നൂസിന്റെ വിശ്വാസ്യത ഇപ്പോഴും തുടരുന്നു.

മുത്തച്ഛന്‍ കൊണ്ടുവന്ന് കൊടുത്ത ഡയറി മില്‍ക്ക്‌ ചോക്ക്ലേറ്റ്‌ കയ്യിലെടുത്ത്‌ പിടിച്ചത്‌ കണ്ട്‌ മിന്നൂസിന്റെ അമ്മ അല്‍പം താല്‍പര്യത്തോടെ മിന്നൂസിനെ നോക്കി.

"ഇത്‌ പൊട്ടീതാ... പൊട്ടീത്‌ അമ്മ തിന്നണ്ടാ ട്ടോ.." മിന്നു ചോക്ലേറ്റ്‌ പൊട്ടിച്ച്‌ കഴിക്കുന്നതിന്നിടയില്‍ പറഞ്ഞു.

ഓഫീസില്‍ പോകാനായി തയ്യാറായിക്കൊണ്ടിരുന്ന എന്റെ അടുക്കലേയ്ക്ക്‌ മിന്നു വന്നു. എന്നിട്ട്‌ എന്റെ നേരെ കൈ നീട്ടി. കയ്യില്‍ ഡയറി മില്‍ക്കിന്റെ ഒരു ചെറിയ കഷണം. എനിക്ക്‌ അല്‍ഭുതമായി.. ആ സ്നേഹം.... ഞാന്‍ വാങ്ങി വായിലിട്ടു.

"നിലത്ത്‌ വീണത്‌ എനിച്ച്‌ വേണ്ട.." ഇതും പറഞ്ഞ്‌ മിന്നു അവളുടെ കയ്യിലുള്ള ബാക്കി പീസും കൊണ്ട്‌ അപ്പുറത്തേയ്ക്ക്‌ പോയി.

(വായിലിട്ട ഞാന്‍ ചവച്ച്‌ തുടങ്ങിയ ആ ചോക്ലേറ്റ്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും ആ സ്നേഹം ഓര്‍ത്ത്‌ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി)

Sunday, June 15, 2008

പച്ചേ.. ഞാന്‍ കരയും..

പ്ലേ സ്കൂളില്‍ എത്തുന്നതുവരെ മിന്നൂസ്‌ വളരെ ഹാപ്പിയാണ്‌, ഡയലോഗുകള്‍ക്കും കുറവില്ല.

റോഡിലൂടെ കുട്ടികള്‍ ബാഗും തൂക്കി നടന്നുപോകുന്നതും സ്കൂള്‍ ബസ്സുകളിലും വാനുകളിലും പോകുന്നതും ചൂണ്ടിക്കാട്ടി "കണ്ടോ, എല്ലാവരും കരയാതെ സ്കൂളില്‍ പോകുന്നത്‌.. അങ്ങനെയാ മിടുക്കി കുട്ടികള്‍.." എന്നൊക്കെ പറഞ്ഞ്‌ മിന്നൂസിനെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തിരിച്ചും അത്തരം പ്രോല്‍സാഹന വര്‍ത്തമാനങ്ങളില്‍ മിന്നൂസും പങ്ക്‌ ചേരും.

പല കുട്ടികളേയും ചൂണ്ടിക്കാട്ടിയിട്ട്‌ "കണ്ടോ, നല്ല മിടുക്കി കുട്ടികള്‌ ..ല്ലേ.. അച്ഛാ.. കരയാണ്ട്‌ ഉക്കൂളില്‍ പോണൂ ല്ലേ..." എന്ന് മിന്നൂസ്‌ ഇടയ്ക്കിടെ പറയും..

വല്ല്യ സന്തോഷത്തോടെ തലയാട്ടി മിന്നൂസിന്റെ അഭിപ്രായത്തോട്‌ പിന്തുണപ്രഖ്യാപിച്ച എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ മിന്നൂസ്‌

"പച്ചേ.. ഞാന്‍ കരയും..."

(സ്കൂളില്‍ എത്തി മിന്നൂസിനോട്‌ യാത്ര പറയുമ്പോള്‍ മിന്നു സ്ഥിരം കരയും.. കുറച്ച്‌ കഴിയുമ്പോഴെയ്ക്കും കരച്ചില്‍ നിര്‍ത്തി പ്ലേ സ്കൂളിലെ കാര്യപരിപാടികളുമായി മിന്നു മിടുക്കിയായിരിക്കുന്നു എന്ന് മിസ്സിനോട്‌ ചോദിച്ചപ്പോള്‍ അറിഞ്ഞു.)

Tuesday, June 10, 2008

പൂച്ചയായാല്‍ പോരേ?

ഒരു ഞായറാഴ്ച ദിവസം, രാവിലെ ചായ മൂന്ന് ഗ്ലാസ്സുകളിലായി ഒഴിച്ച്‌ വച്ചിരിക്കുന്നു,

"നമുക്ക്‌ മുന്നിലേച്ച്‌ പോവാം.." എന്ന മിന്നുവിന്റെ അഭിപ്രായപ്രകാരം ഉമ്മറത്ത്‌ വരാന്തയില്‍ പോയി ഇരുന്ന് ചായ കുടിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

രണ്ട്‌ ഗ്ലാസ്സ്‌ ചായ കയ്യിലെടുത്ത്‌ ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ മിന്നൂസിന്‌ ഇഷ്ടപ്പെട്ടില്ല.

"അപ്പോ ഈ ഗ്ലാസ്സോ?"

"മിന്നൂസേ.. അച്ഛന്‌ രണ്ട്‌ കയ്യല്ലേ ഉള്ളൂ.. ഇത്‌ കൊണ്ട്‌ വച്ചിട്ട്‌ വന്നിട്ട്‌ ആ ഗ്ലാസ്സ്‌ എടുക്കാം.."

ഉടനെ മിന്നുവിന്റെ ചോദ്യം..

"അച്ഛന്‌ പൂച്ചയായാപ്പോരേ?"

Sunday, June 1, 2008

കൈവേട്ടം എന്തിനോ..

മിന്നുവിന്‌ വേണ്ടാത്തതായി ഒരു സാധനവും ഇല്ല... വീട്ടില്‍ കിട്ടാവുന്ന എല്ലാ ഐറ്റംസും എടുത്ത്‌ അല്‍പം അഭ്യാസം നടത്തുക ഒരു പതിവാണ്‌...

അലമാരയില്‍ നിന്ന് കുറച്ച്‌ രൂപ എടുക്കുന്നത്‌ നോക്കിനിന്ന മിന്നുവിന്റെ ചോദ്യം..

"എനിച്ച്‌ കൈവേട്ടം തരോ...??"

ആദ്യം ഈ 'കൈവേട്ടം' എന്നത്‌ എന്താണെന്ന് സംശയിച്ചെങ്കിലും കാര്യം പെട്ടെന്ന് മനസ്സിലായി.. 'കൈനീട്ടം' ആണ്‌ ഉദ്ദേശം. കഴിഞ്ഞ വിഷു മുതലാണ്‌ കൈനീട്ടം കിട്ടുന്നതിന്റെ സുഖം പുള്ളിക്കാരത്തിക്ക്‌ മനസ്സിലായത്‌.

ആ ചോദ്യം കേട്ടാല്‍ എങ്ങനെ കൊടുക്കാതിരിക്കും എന്നതിനാല്‍ തന്നെ കുറച്ച്‌ ചില്ലറപ്പൈസയെടുത്ത്‌ കൈയില്‍ കൊടുത്തു. എന്നിട്ട്‌ ഒന്ന് ഉപദേശിച്ചു..

"ഈ കൈനീട്ടം എപ്പോഴും വാങ്ങാനുള്ളതല്ലാ ട്ടോ.. വിഷുവിന്‌ മാത്രമേ തരൂ.."

'പിന്നേ.. നിന്റെ ഒരു ഉപദേശം' എന്ന ഭാവത്തോടെ അവള്‍ അടുത്ത കാര്യപരിപാടിയിലേയ്ക്ക്‌ കടന്നു.

"നിനക്ക്‌ വേണ്ടാത്തതായി ഒന്നുമില്ലല്ലോ മിന്നൂസേ.... നിനക്കെന്തിനാ ഇതെല്ലാം..." ഞാന്‍ ചോദിച്ചു.

"എന്തിനോ..." മിന്നുവിന്റെ ഉത്തരം.

മറുപടിയില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തന്‍.

Monday, May 26, 2008

വില്‍ക്കാനുണ്ടോ?

വീടിന്നുള്ളില്‍ കുസൃതിത്തരങ്ങളുമായി മിന്നു ഇരിക്കുമ്പൊള്‍ പുറത്ത്‌ റോഡില്‍ നിന്ന്‌ ഒരു വിളി കേട്ടു..

"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"

മിന്നുവിണ്റ്റെ കുറുമ്പിനെ ഒന്ന്‌ ശമിപ്പിക്കാമല്ലോ എന്ന്‌ കരുതി ഞാന്‍ ചെറുതായൊരു ഭീഷണി ശ്രമിച്ചു.

"ങാ... ങാ... കേട്ടൊ മിന്നൂ.... "

മിന്നു ഒന്ന്‌ ശ്രദ്ധിച്ചു...

"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"

ഉടനെ മിന്നു... "ഇണ്ട്‌.... അച്ചേ കൊണ്ടക്കോ.... "

മിന്നുവിണ്റ്റെ അമ്മ ചിരിയടക്കാന്‍ പാടുപെടുന്നത്‌ ഞാന്‍ ശ്രദ്ധിക്കാത്ത പോലെ നടിച്ചു.

Monday, April 21, 2008

അന്വേഷണം

മിന്നൂസിന്റെ അമ്മയുടെ വാച്ച്‌ കാണ്മാനില്ല. വീട്‌ മുഴുവന്‍ അരിച്ച്‌ പെറുക്കി, ഇനി ചാലക്കുടിയിലോ മറ്റോ പോയപ്പോള്‍ ആ വീട്ടില്‍ വച്ച്‌ മറന്നതാവാനും മതി എന്നൊക്കെ വിചാരിച്ച്‌ സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നു.

കുറേ അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ വെറുതേ മിന്നൂസിനോട്‌ കൂടി ഒന്ന് ചോദിച്ചേക്കാമെന്ന് വച്ചു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നൂസിനോട്‌ അമ്മയുടെ ചോദ്യം...

"മിന്നൂസേ.. അമ്മേടെ വാച്ച്‌ കണ്ടോ?"

"ഇല്ലാ.... എവിടേ??" മിന്നൂസിന്റെ ചോദ്യം...

"അതല്ലാ... മിന്നൂസ്‌ വാച്ച്‌ എവിടെയെങ്കിലും കണ്ടോ എന്നാ ചോദിച്ചത്‌..."

"ഇല്ലല്ലോ.... എവിടെയാ വാച്ച്‌..???"

"അയ്യോ... വാച്ച്‌ കാണാനില്ല മിന്നൂസേ.. അതുകൊണ്ടല്ലേ മിന്നൂസെങ്ങാനും കണ്ടോ എന്ന് ചോദിച്ചത്‌..." മിന്നൂസിന്റെ അമ്മ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്നു.

"എവിടെയാ അമ്മേ..... അമ്മ ഒളിപ്പിച്ച്‌ വച്ചോ..... വാച്ച്‌ എവിടെയാ...." മിന്നൂസ്‌ നിര്‍ബദ്ധം തുടങ്ങി...

"മിന്നൂസേ... ഞാനൊന്നും ചോദിച്ചിട്ടും ഇല്ലാ.. വാച്ച്‌ പോയിട്ടും ഇല്ലാ..." എങ്ങനെയെങ്കിലും സംഗതി ഒന്ന് അവസാനിപ്പിക്കാനായി അമ്മയുടെ ശ്രമം.

"അല്ലാ.... അമ്മ പറയ്‌... വാച്ച്‌ എവിടെയാ...... പറയ്‌ അമ്മേ...."

കാര്യം കൈ വിട്ടു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ തിരിഞ്ഞ്‌ കിടന്നു.

മിന്നൂസും അമ്മയും ചോദ്യോത്തരപംക്തി തുടര്‍ന്നു

Wednesday, April 9, 2008

ഷാംപൂ എഫ്ഫക്റ്റ്‌

കാറില്‍ യാത്ര ചെയ്യവേ, മിന്നൂസ്‌ റോഡിലേയ്ക്ക്‌ ചൂണ്ടി പറഞ്ഞു. "ദേ... ഷാം പൂ തലേല്‍ മാത്രം തേച്ച്‌ ഒരാള്‍ പോണൂ...."

ഇതെന്താണ്‌ ഇവള്‍ പറയുന്നതെന്നറിയാനായി ഞാന്‍ ചോദിച്ചു... "എവിടെ? എവിടേ??"

ഈ പട്ടാപ്പകല്‍ തലയില്‍ ഷാം പൂ തേച്ച്‌ ആരാണ്‌ നടക്കുന്നതെന്നറിയണമല്ലോ....

"ദേ.... പോണൂ..." റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ കടന്നുപോയ ഒരു വയസ്സായ ആളെ ചൂണ്ടി മിന്നു പറഞ്ഞു.

തലമുടി മുഴുവന്‍ നരച്ച ഒരാള്‍....

പാവം, അയാളെയാണ്‌ തലയില്‍ ഷാം പൂ തേച്ച്‌ പോകുന്നതാണെന്ന് മിന്നു പ്രഖ്യാപിച്ചത്‌.

Monday, April 7, 2008

അമ്പാട്ടിയുടെ അച്ഛന്‍

ഉച്ചയ്ക്ക്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്നാല്‍ മിന്നൂസിന്‌ കൂട്ടായി ഒരു അമ്മൂമ്മയുണ്ട്‌ വീട്ടില്‍. പലപ്പോഴും മിന്നൂസ്‌ അമ്മയായും അമ്മൂമ്മ കുഞ്ഞ്‌ ആയുമുള്ള റോള്‍ പ്ലേ ആണ്‌ അരങ്ങേറുന്നത്‌.

അമ്മൂമ്മ ദിവസവും സന്ധ്യാസമയത്ത്‌ വീട്ടില്‍ നിലവിളക്ക്‌ കൊളുത്തി വയ്ക്കും. മിന്നൂസ്‌ അത്‌ ഊതിക്കിടത്താതിരിയ്ക്കാന്‍ അത്‌ അമ്പാട്ടിയ്ക്ക്‌ വേണ്ടിയാണെന്ന് പറഞ്ഞ്‌ കൊടുത്തിട്ടുമുണ്ട്‌.

ഈയിടെ മിന്നൂസ്‌ ഒരു സംശയം മിന്നൂസിന്റെ അമ്മയോട്‌..

"അമ്മേ.... അമ്പാട്ടി തീ തിന്ന്വോ....???" വിളക്കിലേയ്ക്ക്‌ നോക്കിയാണ്‌ ചോദ്യം...

"ഏയ്‌... ഇല്ലാ..."

"അതെന്താ... അമ്പാട്ടീടെ അച്ഛന്‍ ചീത്ത പറയോ???"

ചോദ്യം കേട്ടെങ്കിലും ഞാന്‍ സ്കൂട്ടായി.

Monday, March 24, 2008

പട്ടിപ്പാമ്പ്‌

മിന്നൂസിന്‌ ദേഷ്യം വന്നാല്‍ ആദ്യം വിളിക്കുന്നത്‌ നായയെയാണ്‌... അല്‍പം ഡീസന്റായി പറഞ്ഞെന്നേയുള്ളൂ... "നീ പോടാ പട്ടീ..." എന്നാണ്‌ വിളി. ഇത്‌ മിക്കവാറും പ്ലേ സ്കൂളില്‍ നിന്ന് സിദ്ധിച്ചതാകാം...

ആദ്യമൊക്കെ ഇത്‌ കേള്‍ക്കുമ്പോള്‍ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കി. ഇടയ്ക്ക്‌ ചുണ്ടില്‍ വിരല്‍ കൊണ്ട്‌ ഞൊടിക്കുന്ന ആക്‌ ഷന്‍ സീക്വന്‍സ്‌ വരെ ചെയ്തു. കുറച്ചൊന്ന് ഒതുങ്ങിയെങ്കിലും അല്‍പദിവസങ്ങള്‍ക്കകം വീണ്ടും പൂര്‍വാര്‍ദ്ധികം ശക്തിയായി ഈ വിളി തുടര്‍ന്നു.

ശിക്ഷാനടപടികള്‍ ഒരു പരിധിവിട്ട്‌ സ്വീകരിക്കുന്നത്‌ നല്ലതല്ലെന്ന മുതിര്‍ന്നവരുടെ അഭിപ്രായം മാനിച്ച്‌ ഇത്തരം വിളികളെ ഗൗനിക്കാതെ കേള്‍ക്കാത്തതായി നടിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.

നമ്മള്‍ അങ്ങനെ ഇഗ്നോര്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം വല്ലതും നാട്ടുകാര്‍ക്കറിയോ?

ഒരു മൂന്നാര്‍ ട്രിപ്പ്‌ (പൊളിച്ചടുക്കല്‍ കഴിഞ്ഞതിനുശേഷം)...

എന്തോ കാര്യത്തിന്‌ മിന്നൂസ്‌ പറഞ്ഞത്‌ കേള്‍ക്കാതെ വാശിപിടിച്ചപ്പോള്‍ മിന്നൂസിന്റെ അമ്മ ചെറുതായി ഒന്ന് തുടയില്‍ നുള്ളി എന്ന് തോന്നുന്നു. ദേഷ്യവും കരച്ചിലോടും കൂടി മിന്നൂസ്‌ അലറി
"നീ പോടാ പട്ടീ..."

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞങ്ങള്‍ നിന്നു... പക്ഷെ, അത്‌ വഴി പോയ ഒരു ചേട്ടന്‍ തിരിഞ്ഞ്‌ നോക്കി തിരിഞ്ഞ്‌ നോക്കി പോകുന്നു. പുള്ളിക്കാരനിട്ടാണ്‌ കിട്ടിയതെന്ന് തോന്നുന്നു...

ഇനി ഇതിന്റെ പേരില്‍ നാട്ടുകാരില്‍ നിന്ന് വല്ലതും വാങ്ങി കെട്ടേണ്ടിവരുമോ എന്ന പേടി അന്നോടെ തുടങ്ങി...

ഇപ്പോള്‍ പുള്ളിക്കാരത്തി ഒന്ന് മയപ്പെട്ടുതുടങ്ങി... ആരും വല്ല്യ സംഭവമായി ഈ വിളിയെ കാണാതായി തുടങ്ങിയത്‌ തന്നെ കാരണം... എങ്കിലും ഏറ്റവും വലിയ ദേഷ്യപ്രകടനത്തിന്റെ പട്ടികയില്‍ ഇത്‌ തന്നെയാണ്‌ മുന്നിലെന്ന് ഈയിടെയാണ്‌ മനസ്സിലായത്‌...

അതായത്‌... മിന്നൂസ്‌ ടി.വി. യില്‍ ഏതോ വൈല്‍ഡ്‌ ലൈഫ്‌ ചാനല്‍ കണ്ടുകൊണ്ടിരിക്കുന്നു... (അങ്ങനെ ശീലമുണ്ടായിട്ടൊന്നുമല്ല... എപ്പോഴോ ആ ചാനല്‍ വന്നതിനുശേഷം മാറ്റാന്‍ മറന്നപ്പോള്‍ മിന്നൂസിന്‌ നോക്കി ഇരിക്കാനും ഒരു അവസരം തരപ്പെട്ടു എന്നുമാത്രം). അതില്‍ ഒരു പാമ്പ്‌ ഒരു പക്ഷിയെ തിന്നുന്ന കണ്ട്‌ മിന്നൂസിന്‌ സഹിച്ചില്ല...

"ഈ പാമ്പ്‌ പട്ടിയാ അല്ലേ അച്ചേ... പട്ടിപ്പാമ്പ്‌..."

Monday, February 25, 2008

ചുറ്റുവിളക്കും കുറേ സംശയങ്ങളും

മിന്നൂസിന്റെ അച്ഛാച്ചന്റെ തറവാട്ട്‌ വക ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക്‌....
അമ്പലത്തിന്റെ ചുറ്റും തിരിയിട്ട്‌ വിളക്ക്‌ കൊളുത്തി കാണാന്‍ നല്ല ഭംഗിയാണ്‌..

ഇത്തവണ, അമ്പലത്തിനുചുറ്റും വിളക്കുകളില്‍ തിരി വയ്ക്കാന്‍ മിന്നൂസിന്‌ ഭയങ്കര താല്‍പര്യം.

ഈ തിരി വയ്ക്കുന്നതും തുടര്‍ നടപടികളുമെല്ലാം കണ്ട്‌ മിന്നൂസിന്‌ കുറേ സംശയങ്ങള്‍...
മിന്നൂസിന്റെ സംശയങ്ങള്‍ നിശബ്ദമായി കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ എല്ലാവരും കേള്‍ക്കേ മിന്നൂസിന്റെ അമ്മയോടാണെന്ന് മാത്രം...

പൂജാകാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിയുടെ നടപടിക്രമങ്ങളിലാണ്‌ പുള്ളിക്കാരത്തിയ്ക്ക്‌ സംശയങ്ങള്‍ ഏറെയും.

തിരുമേനി അടുപ്പ്‌ കൂട്ടി പായസം ഉണ്ടാക്കാനുള്ള ശ്രമം കണ്ടപ്പോള്‍...

"ഇതെന്താ തീയിടണേ...???"

"അത്‌ അമ്പാട്ടിയ്ക്ക്‌ പായസം ഉണ്ടാക്കാനാ.." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഉത്തരമുണ്ട്‌.

തിരുമേനി അമ്പല നടയിലെ മണി അടിച്ചപ്പോള്‍

"ആ അങ്കിളെന്തിനാ മണിയടിച്ചേ??"

മിന്നൂസിന്റെ അമ്മയുടെ ഉത്തരം ഒരു ചമ്മിയ ചിരിയിലൊതുങ്ങി.

തിരുമേനി ഉള്ളില്‍ കയറി നട അടച്ചപ്പോള്‍ അടുത്ത ചോദ്യം...

"എന്തിനാ വാതിലടച്ചേ...???"

"അത്‌ അമ്പാട്ടിയെ പൂജിക്കാനാ മിന്നൂ.. മിണ്ടാതിരിയ്ക്ക്‌..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ടെന്‍ഷന്‍.

"വാതില്‌ തുറക്കാന്‍ പറയ്‌....എനിച്ച്‌ കാണണ്ടേ..." മിന്നൂസിന്റെ നിര്‍ബദ്ധം.

നേദിച്ച പായസം കൊണ്ടുവന്നപ്പോള്‍ അടുത്ത ചോദ്യം...

"പായസം മുയോന്‍ അമ്പാട്ടി തിന്ന്വോ..???"

"ഇല്ല മിന്നൂസേ.. എല്ലാവര്‍ക്കും തരും..."

"അപ്പോ അമ്പാട്ടിച്ച്‌ വേണ്ടേ???" വീണ്ടും ഉത്തരം മൗനം.

ഒരു ചുറ്റുവിളക്ക്‌ നമ്മളെ ചുറ്റിക്കുന്ന കുറേ ചോദ്യങ്ങളുമായി അങ്ങനെ അവസാനിച്ചു.

Tuesday, February 19, 2008

കാക്കപ്പുള്ളി

എന്റെ കയ്യിലെ ചെറുവിരലിലെ രണ്ട്‌ ചെറിയ കറുത്ത മറുക്‌ ('കാക്കപ്പുള്ളി') നോക്കിക്കൊണ്ട്‌ മിന്നൂസിന്റെ ചോദ്യം...

"അച്ഛാ... ഇത്‌ കാക്കപ്പുള്ള്യാണോ??"

"ങാ... അതേ..." ഞാന്‍ സമ്മതിച്ചു.

ഉടനെ മിന്നൂസിന്‌ മറ്റൊരു സംശയം...

"കാക്ക അപ്പീട്ടതാണോ???"

'ദൈവമേ, കാക്കപ്പുള്ളിയ്ക്ക്‌ ഇത്തരം വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ടോ?' എന്ന് എനിയ്ക്കും സംശയമായി. മറുപടി കൊടുക്കാതെ മിന്നു വിടുമോ..

"അതേയ്‌.. കാക്ക അപ്പി ഇട്ടതല്ലാ... കാക്കയുടെ നിറത്തിലുള്ളതായതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ ട്ടോ....."

ഇനി അധികം വിവരണത്തിന്‌ സ്കോപ്പില്ലാത്തതിനാല്‍ പതിവുപോലെ ഗതി തിരിച്ച്‌ വിടുകതന്നെ...

"ദേ അങ്ങോട്ട്‌ നോക്കിയേ......"

Monday, February 11, 2008

ഗൂഢാലോചന

പനി മാറാനുള്ള മരുന്ന് കഴിയ്ക്കാന്‍ ആദ്യമൊക്കെ മിന്നൂസിന്‌ വല്ല്യ മടിയായിരുന്നു. സ്നേഹവും സമാധാനവും മരുന്ന് കഴിപ്പിക്കുന്നതിന്‌ പ്രചോദനങ്ങളല്ലെന്ന സത്യം മനസ്സിലാക്കിയ ഞാന്‍ വലിയ ദേഷ്യം അഭിനയിച്ച്‌ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു... അതിന്റെ ഫലമായി മിന്നു ഒന്ന് പേടിക്കുകയും മരുന്ന് അകത്താവുകയും ചെയ്തു.

ഇതുകൊണ്ട്‌ ഉണ്ടായ ഗുണം എന്തെന്നാല്‍ അടുത്ത ഡോസ്‌ മുതല്‍ 'ഹായ്‌ ഐസ്ക്രീം' എന്ന മനോഭാവത്തോടെ നല്ല അനുസരണയുള്ള കുട്ടിയായി മിന്നു മരുന്ന് കഴിച്ച്‌ തുടങ്ങി.

അങ്ങനെ ആദ്യത്തെ ദേഷ്യപ്രകടനവും ബലപ്രയോഗത്തിലൂടെയുള്ള മരുന്ന് കഴിയ്ക്കലും കഴിഞ്ഞ്‌ മിന്നു ഒന്ന് റിലാക്സ്ഡ്‌ ആയ ശേഷം ബെഡില്‍ ഇരുന്ന് മിന്നൂസിന്റെ അമ്മയുമായി നടത്തിയ ഒരു സംഭാഷണം...

മിന്നു: "ഈ അച്ചയെ നമുക്ക്‌ വേണ്ടാല്ലേ??"

അമ്മ: "അതേ.. നമുക്ക്‌ വേണ്ട... എന്താ ചെയ്യേണ്ടേ???"

മിന്നു: "നമുക്ക്‌ കളയാം.."

അമ്മ: "എങ്ങനെ?"

മിന്നു: "പൊട്ടിച്ച്‌ പൊട്ടിച്ച്‌ കളയാം..."

അമ്മ: "എവിടെ കളയും???"

മിന്നു: "വെയ്റ്റ്‌ ബാക്കറ്റിലിടാം..."

അമ്മ: "അപ്പോ നമുക്ക്‌ വേറെ അച്ഛനെ വേണോ?"

മിന്നു: "ങാ.... വേറെ അച്ചേ കടേന്ന് വാങ്ങാം..."



അങ്ങനെ ആ കാര്യത്തിലൊരു തീരുമാനമായി.

Wednesday, February 6, 2008

ഹാപ്പി ബെര്‍ത്ത്‌ ഡേ

നാലഞ്ച്‌ മാസമായി മിന്നൂസ്‌ സ്ഥിരമായി ചോദിക്കുന്ന ഒരു കാര്യമുണ്ട്‌... "ഇന്ന്‌ എന്റെ ഹാപ്പി ബെര്‍ത്ത്‌ ഡേ ആണൊ?" എന്ന്‌....

ചോദിക്കുന്നതില്‍ കാരണമുണ്ട്‌... പ്ളേ സ്കൂളില്‍ കുട്ടികളുടെ ബെര്‍ത്ത്‌ ഡേ ആഘൊഷിക്കാറുണ്ട്‌..

തലയില്‍ തൊപ്പി വക്കുക, കേക്ക്‌ മുറിക്കുക, ഗിഫ്റ്റ്‌ കിട്ടുക എന്നീ കാര്യങ്ങളാണ്‌ മിന്നുവിനെ സംബദ്ധിച്ചിടത്തോളം പിറന്നാളിന്റെ പ്രാധാന്യം...

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഇന്ന്‌ മിന്നൂസിന്റെ ബെര്‍ത്ത്‌ ഡേ....

രണ്ട്‌ ദിവസമായി പനിയുണ്ടായിരുന്നതിനാല്‍ ബെര്‍ത്ത്‌ ഡേ അത്ര ഉഷാറോടെയല്ല മിന്നു എഴുന്നേറ്റത്‌.. എങ്കിലും ഒരു ഡോസ്‌ മരുന്ന്‌ കഴിച്ചപ്പൊഴേയ്ക്ക്‌ ആള്‌ ഉഷാറായി.

പതിവുപൊലെത്തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. മിന്നുവിണ്റ്റെ അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ മാത്രമേ ക്ഷണമുണ്ടാകൂ... മിന്നുവിന്റെ അമ്മയുടെ വീട്ടില്‍ നിന്ന്‌ മുത്തച്ചനൊ അമ്മൂമ്മയൊ അച്ഛന്റെ വീട്ടില്‍ നിന്ന്‌ അച്ചമ്മയൊ അച്ഛാച്ചനൊ കുഞ്ഞച്ചനൊ അമ്മായിയൊ സൌകര്യപ്പെട്ടാല്‍ വരാന്‍ പറയും... മുടക്ക്‌ ദിവസമല്ലാത്തതിനാല്‍ ആരെയും നിര്‍ബദ്ധിക്കലില്ല. പക്ഷെ, ഒരു ചെറിയ ഡെക്കറേഷനൊക്കെ ചെയ്ത്‌ കേക്ക്‌ മുറിക്കലും മറ്റുമായി ഞങ്ങള്‍ ഒരു പരിപാടി തയ്യാറാക്കും... നാലോ അഞ്ചോ പേരേ ഉണ്ടാകൂ എന്നതിനാല്‍ ചെറിയൊരു സദ്യയും.
അടുത്തുള്ള ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കും മറ്റ്‌ അന്തേവാസികള്‍ക്കുമായി ഭക്ഷണം അറേഞ്ച്‌ ചെയ്ത്‌ കൊടുക്കും.. അത്ര തന്നെ..

ഇത്തവണയും അതേ പടിതന്നെ... മിന്നുവിന്റെ മുത്തച്ചന്‍ എത്തിയിട്ടുണ്ട്‌. മിന്നുവിനേയും കൂട്ടി മിന്നുവിണ്റ്റെ അമ്മയും മുത്തച്ഛനും അമ്പലത്തില്‍ പൊയി.. ഞാന്‍ പതിവുപൊലെ ഡ്രൈവര്‍ ജോലി...

പ്ളേ സ്കൂളില്‍ ചെന്ന്‌ കുട്ടികളൊടൊപ്പം കേക്ക്‌ മുറിച്ച്‌ ഗിഫ്റ്റ്‌ വാങ്ങി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന്‌ ഞങ്ങള്‍ നാലുപേരും ചേര്‍ന്ന്‌ വീണ്ടും ഒരു കേക്ക്‌ മുറിക്കല്‍ നടത്തി.

ബാക്കി ചില കാര്യപരിപാടികളും കൂടി ബാക്കി..

മിന്നുവിന്റെ കുസൃതിത്തരങ്ങളൊന്നുമല്ല ഈ പൊസ്റ്റിലെങ്കിലും മിന്നുസ്‌ ഡയറിയില്‍ ഒരു ബെര്‍ത്ത്‌ ഡേ വിശേഷം ഇരിക്കട്ടെ എന്നു വിചാരിച്ചു എന്ന് മാത്രം.. കൂടെ മിന്നൂസ്‌ ഡയറി വായിക്കുന്നവരുണ്ടെങ്കില്‍ അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവട്ടെ...

Thursday, January 31, 2008

മാമന്റെ നോട്ടം

പരസ്യമായി അഭിപ്രായം പറയുന്നതുകൊണ്ട്‌ തന്നെ മിന്നുവിനെ ചിലപ്പോള്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌...

പലതവണ, കഷണ്ടിത്തലയുള്ളവരെപ്പറ്റി അവരുടെ മുന്നില്‍ വച്ചുതന്നെ നമ്മളോട്‌ പറയുകയും മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌.

ഒരു കടയില്‍ ബില്ല് കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ നിന്നിരുന്ന അല്‍പം പ്രായമായ ആളെ നോക്കിക്കൊണ്ട്‌.. "ഈ മാമന്റെ മൊട്ടത്തലയാല്ലേ....?" എന്ന് ചോദിച്ചതും ഞാന്‍ വേഗം സ്ഥലം കാലിയാക്കി. അത്‌ കേട്ട്‌ നിന്നിരുന്ന മറ്റൊരാള്‍ ചിരിയടക്കാനാവാതെ ഞങ്ങള്‍ പോകുന്നത്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നത്‌ കണ്ടു... കഷണ്ടിമാമന്‍ കേട്ടുകാണും.. കേള്‍ക്കാത്തതായി ഭാവിച്ചതായിരിക്കണം...

പലപ്പോഴും കുസൃതി അല്‍പം കൂടുമ്പോള്‍ (അതായത്‌ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാകുമ്പോള്‍) അല്‍പം ദൂരെ നില്‍ക്കുന്ന ഏതെങ്കില്‍ ആളെ ചൂണ്ടി മിന്നുവിന്റെ അമ്മ പറയുന്ന ഒരു ഭീഷണിയുണ്ട്‌..

"ദേ... ആ നില്‍ക്കുന്ന മാമന്‍ നോക്കുന്ന കണ്ടോ... കുറുമ്പ്‌ കാണിച്ചിട്ടാ നോക്കുന്നേ... ഇന്ന് ശരിയാവും..."

ചിലപ്പോഴൊക്കെ ആ ഭീഷണി ഏല്‍ക്കാറുമുണ്ട്‌.

ഒരു ദിവസം ഒരു ഷോപ്പില്‍ നിന്ന് ഇറങ്ങി വരുന്ന വഴി, അവിടുത്തെ ബസ്റ്റ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരാളെ ചൂണ്ടി മിന്നു പറഞ്ഞു...

"ദേ... ആ മാമന്‍ എന്നെയല്ല നോക്കണേ... അമ്മേ ആണ്‌ നോക്കണ... ഇന്ന് ശരിയാവും..."

അയാള്‍ക്ക്‌ വ്യക്തമായി കേള്‍ക്കാവുന്ന ഡിസ്റ്റന്‍സ്‌...

മിന്നുവിന്റെ അമ്മ ഒന്ന് പതറി... ഞാന്‍ ചിരിയടക്കി കാറിലേയ്ക്ക്‌ കയറുമ്പോള്‍ അയാളെ ഒന്ന് ഇടക്കണ്ണിട്ട്‌ നോക്കി... അയാളുടെ നിസ്സഹായാവസ്ഥയും അയാള്‍ ചിന്തിച്ചേക്കാവുന്ന കാര്യങ്ങളും എന്റെ മനസ്സില്‍ തെളിഞ്ഞു..

"അയ്യോ.. സത്യമായിട്ടും ഞാന്‍ നോക്കിയിട്ടില്ലാ... ഇതെങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കണാ ച്ഛേ..."

അല്ലെങ്കില്‍

"ശ്ശൊ.. ഈ കൊച്ച്‌ വിളിച്ച്‌ പറഞ്ഞു കുളമാക്കിയല്ലേ ഈശ്വരാ.... നാണക്കേടായി..."

Tuesday, January 22, 2008

കാറിന്റെ വൃത്തി

കാര്‍ കഴുകുന്നത്‌ പൊതുവേ അലര്‍ജിയായതിനാല്‍ മഴക്കാലത്ത്‌ മാത്രമേ എന്റെ കാര്‍ വെള്ളം കാണൂ... പിന്നെ, സര്‍വ്വീസിനുകൊടുക്കുമ്പോള്‍ അവന്മാര്‍ പ്രാകിക്കൊണ്ട്‌ കഴുകുന്നുണ്ടാവും.... നല്ല തച്ച്‌ പണിയുണ്ടേ...

അപ്പോ പറഞ്ഞ്‌ വന്നത്‌.... കാറിന്റെ ഉള്‍ഭാഗം അതുപോലല്ലാ... അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്‌... മിന്നൂസിന്റെ കളിപ്പാട്ടങ്ങള്‍, കളിക്കുടുക്ക പോലുള്ള പുസ്തകങ്ങള്‍, പാദരക്ഷകള്‍, ബിസ്കറ്റ്‌ പോലുള്ള ഈറ്റബിള്‍സ്‌... അങ്ങനെ അങ്ങനെ....

ഈയടുത്താണ്‌ എനിയ്ക്ക്‌ കാര്‍ വൃത്തിയായി സൂക്ഷിക്കണം എന്ന് സൂര്യോദയം (ബോധോദയം) ഉണ്ടായത്‌...അതിന്റെ ഫലമായി ഞാന്‍ കാര്‍ ഇടയ്ക്കിടെ കഴുകിത്തുടങ്ങി (മാസത്തിലൊരിയ്ക്കല്‍)...

മിന്നൂസ്‌ ഷൂവും ചെരിപ്പുമൊക്കെ ഇട്ട്‌ വളരെ മാന്യമായി സീറ്റില്‍ കയറി നില്‍ക്കുന്ന ഏര്‍പ്പാടുണ്ട്‌... അത്‌ എനിയ്ക്കങ്ങ്‌ സഹിച്ചില്ലാ...ഒരു ദിവസം ഇത്‌ കണ്ട്‌ എന്റെ വൃത്തിമാന്‍ ഉണര്‍ന്നു...

"മിന്നൂസേ... ഇനി മേലാല്‍ ചെരിപ്പിട്ട്‌ കാറിന്റെ സീറ്റില്‍ കയറിപ്പോകരുത്‌.... എവിടെയൊക്കെ ഇട്ട്‌ നടക്കുന്ന ചെരിപ്പാ... അതിലെ പൊടിയും ചെളിയുമെല്ലാം സീറ്റിലാകില്ലേ??" ഞാന്‍ അല്‍പം ചൂടായോ എന്നൊരു സംശയം..

ഇത്‌ കേട്ട്‌ മിന്നൂസിന്റെ അമ്മ ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കി..

മിന്നു ഒന്നും മിണ്ടാതെ തലയാട്ടി...

രണ്ട്‌ സെക്കന്റുകള്‍ക്കകം മിന്നുവിന്റെ മറുപടി കിട്ടി.. അതും ഒരല്‍പ്പം കടുപ്പിച്ച്‌ എന്നെ ചോദ്യം ചെയ്യുന്ന ഭാവത്തില്‍..

"അപ്പോ എന്റെ കാലില്‍ ചെളിയാവില്ലേ...???"

Sunday, January 6, 2008

വലുതും ചെറുതും

മുതിര്‍ന്ന ആളുകള്‍ ഉപയോഗിക്കുന്ന എന്തെങ്കിലും (ചുരിദാറോ, സാരിയോ തുടങ്ങിയ വസ്ത്രങ്ങളും ഇതില്‍ പെടും) മിന്നൂസിന്‌ വേണമെന്ന് തോന്നിയാല്‍ മിന്നുവിന്റെ ഒരു സ്ഥിരം ചോദ്യമുണ്ട്‌...

"അച്ഛാ..വലുതാകുമ്പോ എനിച്ച്‌ അതുപോലത്തെ വാങ്ങിച്ച്‌ തരോ..???"

"ഓ.. ശരീ ട്ടോ.." എന്ന എന്റെയോ മിന്നുവിന്റെ അമ്മയുടേയോ ഉത്തരവും പതിവുള്ളതു തന്നെ...

പലപ്പോഴും മിന്നൂസ്‌ അവളുടെ പ്രായത്തിനൊക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങളുടെ ഒരു സ്ഥിരം ഉപദേശമുണ്ട്‌..

"അത്‌ വല്ല്യ ആളുകള്‍ക്കുള്ളതല്ലേ..??? കുട്ടികള്‍ക്കുള്ളതല്ലാ... മിന്നു വലുതാവട്ടേട്ടോ... അപ്പോ വാങ്ങിച്ച്‌ തരാം..."

പലപ്പോഴും മിന്നു അതുകേട്ട്‌ ഒതുങ്ങുകയും ഈ ഡയലോഗ്‌ സ്വയം പറഞ്ഞ്‌ സംതൃപ്തി അടയുകയും ചെയ്യും...

ഒരു ദിവസം മിന്നൂസ്‌ തന്റെ വളകളുടെ കളക്‌ ഷന്‍ എടുത്ത്‌ വച്ച്‌ കളിക്കുകയാണ്‌...
അതൊന്ന് വാങ്ങിവക്കണമല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ ചോദിച്ചു..

"മിന്നൂസേ.. വളകള്‍ അച്ഛന്‌ തരുമോ??"

ഉടനെ മിന്നൂസിന്റെ ഉത്തരം..

"ഇത്‌ കുട്ടികള്‍ക്കുള്ളതല്ലേ.... അച്ഛന്‍ ചെറുതായീട്ട്‌ തരാം ട്ടോ...."