Tuesday, September 25, 2007

ഒരുക്കം

ശനിയാഴ്ച രാവിലെ ചാലക്കുടിയ്ക്ക്‌ പോകുവാനായുള്ള തയ്യാറെടുപ്പ്‌ നടക്കുന്നു.

മിന്നുവിന്റെ അമ്മ മിന്നുവിനെ റെഡിയാക്കാനായി വിളിച്ചു..

"മിന്നൂ... വരൂ... അമ്മ ഒരുക്കിത്തരാം..."

"ഒരുക്കീട്ട്‌ എന്താ തരാ....???" മിന്നുവിന്റെ ചോദ്യം.

ചോദ്യം കേട്ട്‌ ഒന്ന് അന്തം വിട്ട മിന്നുവിന്റെ അമ്മയെയും അത്‌ കേട്ട്‌ പൊട്ടിച്ചിരിക്കുന്ന മിന്നുവിന്റെ അച്ഛനെയും സാക്ഷിനിര്‍ത്തി മിന്നു അല്‍പം നിര്‍ബന്ധത്തോടെ വീണ്ടും..

"ഒരുക്കീട്ട്‌ എന്താ തരാ...???"

"അതേയ്‌.. മിന്നൂ... മിന്നൂസിനെ പോകാന്‍ ഡ്രസ്സ്‌ ഇടീച്ച്‌ റെഡിയാക്കാം എന്നാ അമ്മ പറഞ്ഞത്‌ ട്ടോ.."

അമ്മയുടെ വിശദീകരണം വല്ല്യ തൃപ്തിയോടെയല്ലെങ്കിലും മിണ്ടാതെ മിന്നു അംഗീകരിച്ചു. ഭാഗ്യം !

Sunday, September 23, 2007

മുത്തിയമ്മൂമ്മ

പ്ലേ സ്കൂളില്‍ നിന്ന് മിന്നുവിനെയും കൊണ്ട്‌ ഉച്ചയ്ക്ക്‌ വീട്ടിലേയ്ക്ക്‌ പോരുമ്പോള്‍ ഒരു വയസ്സായ സ്ത്രീ റോഡിലൂടെ നടന്ന് പോകുന്ന കണ്ടു.

അവരെ നോക്കി മിന്നു പറഞ്ഞു..

"ദേ ഒരു മുത്തിയമ്മൂമ്മ... പാവം.... മുത്തിയമ്മൂമ്മച്ച്‌ ആരും ഇല്ലാ ല്ലേ...."

"അതെന്താ ആരും ഇല്ലാണ്ട്‌..??" മിന്നുവിന്റെ അമ്മയുടെ ചോദ്യം..

"മുത്തിയമ്മൂമ്മേടെ അച്ഛനും അമ്മയും ഓപ്പീസില്‍ പോയിരിച്ചാ... നമുക്ക്‌ മുത്തിയമ്മൂമ്മേടെ അച്ഛനെ വിളിച്ച്‌ പറയാം ല്ലേ??..." മിന്നു വീണ്ടും...

"എന്ത്‌ പറയും??? മുത്തിയമ്മൂമ്മ സ്കൂളില്‍ പോകാതെ റോഡില്‍ നടക്കുകയാണെന്നോ??"

"ങാ... മുത്തിയമ്മൂമ്മ ഉകൂളില്‍ പോണില്ലാ.... മടിയാ...."

Wednesday, September 19, 2007

തേങ്ങയുടെ തലമുടി

ശനി, ഞായര്‍ അവധികഴിഞ്ഞ്‌ തിരിച്ച്‌ ജോലിസ്ഥലത്തെ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ ഇടയ്ക്ക്‌ വീട്ടാവശ്യത്തിനുള്ള കുറച്ച്‌ നാളികേരം വീട്ടില്‍ നിന്ന് പൊതിച്ച്‌ കൊണ്ടുവരിക പതിവുണ്ട്‌. ഇത്തവണ തേങ്ങ പൊതിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മിന്നുവിന്‌ അടുത്ത്‌ നില്‍ക്കണമെന്ന് വല്ല്യ നിര്‍ബദ്ധം... എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞാനും വിചാരിച്ചു.

അങ്ങനെ ഞാന്‍ തേങ്ങ പൊതിയ്ക്കുന്നത്‌ നോക്കി മിന്നു നിന്നു.

ചകിരി വലിച്ചെടുക്കുന്നത്‌ നോക്കി നിന്ന മിന്നുവിന്‌ ഒരു സംശയം..

"തേങ്ങേടെ തലമുടി കളയാണല്ലേ??"

ചിരിവന്നെങ്കിലും ഒന്ന് ആലോചിച്ച്‌ നോക്കിയപ്പോള്‍ ഏതാണ്ട്‌ സംഭവം അത്‌ തന്നെയല്ലേ എന്നെനിയ്ക്കൊരു സംശയം...

അങ്ങനെ മുടി കളഞ്ഞ തേങ്ങയെ നോക്കി മിന്നു പറഞ്ഞു..

"അയ്യേ... മുട്ടത്തല ല്ലേ...??"

Sunday, September 16, 2007

സൂചന മാത്രം

ചില ദിവസങ്ങളില്‍ മിന്നുവിന്റെ കുസൃതി അതിര്‌ വിടുമ്പോള്‍ ഞാനൊന്ന് ചെറുതായി ദേഷ്യപ്പെടും.. അതു മതി മിന്നുവിന്‌ സങ്കടവും കരച്ചിലും വരുവാന്‍...

ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പായി ഇത്തരം ഒരു ചെറിയ കരച്ചില്‍ നടന്നു....

പിറ്റേന്ന് കാലത്ത്‌ ഉറങ്ങി എഴുന്നേറ്റ മിന്നു അടുത്ത വീട്ടില്‍ ഒരു ചെറിയ കുട്ടി കരയുന്ന കേട്ടു...

"ഉവ്വാ... ഉവ്വാ... ന്ന് കുട്ടി കരയുണൂല്ലേ???" മിന്നു പറഞ്ഞു.

ഇത്‌ കേട്ട്‌ ഞാന്‍ ചിരിച്ചു.

ഉടനെ മിന്നു ബാക്കി കൂടി മുഴുമിപ്പിച്ചു...

"കുട്ടീടെ അച്ഛന്‍ ചീത്ത പറഞ്ഞിട്ടാ....."

അതില്‍ എന്തൊക്കെയോ സൂചന അടങ്ങിയിട്ടുണ്ടോ എന്ന് ഒരു സംശയം മാത്രം... ങാ.. വെറുതേ തോന്നിയതാവാം എന്നങ്ങ്‌ ഞാന്‍ സമാധാനിച്ചു.

Thursday, September 13, 2007

മാലയും കല്ല്യാണവും

മിന്നുവിന്‌ മിന്നുവിന്റെ അച്ചന്റെയും അമ്മയുടെയും വിവാഹ ആല്‍ബം എത്ര കണ്ടാലും മതിയാവില്ല. മിക്കവാറും ദിവസം ഇത്‌ എടുത്ത്‌ കൊടുക്കാന്‍ പറഞ്ഞ്‌ വാശിപിടിക്കുകയും അത്‌ കിട്ടിയാല്‍ അതില്‍ നോക്കി വിവരണം നല്‍കുകയുമാണ്‌ പതിവ്‌.

"ഇത്‌ കണ്ടോ.. അച്ഛന്‍ അമ്മേടെ കഴുത്തില്‍ മാല ഇടുന്നു..." തുടങ്ങിയ ഡയലോഗുകള്‍ നമ്മോട്‌ തന്നെ പറയും...

ഇന്നലെ രാത്രി മിന്നുവിന്റെ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മാല എടുത്ത്‌ നോക്കിയിട്ട്‌ മിന്നു അമ്മയോട്‌...

"ഇത്‌ അച്ഛന്‍ ഇട്ട്‌ തന്നതാല്ലേ??"

"അതേ.. അച്ഛന്‍ അമ്മയെ കല്ല്യാണം കഴിച്ചപ്പോള്‍ ഇട്ട്‌ തന്നതാ... ദേ അച്ചന്റെ കഴുത്തില്‍ അമ്മയും മാല ഇട്ട്‌ കൊടുത്തിട്ടുണ്ട്‌..." മിന്നുവിന്റെ അമ്മയുടെ വിശദീകരണം.

ഉടനെ മിന്നു അവളുടെ കഴുത്തിലെ മാല എടുത്ത്‌ കാട്ടിയിട്ട്‌...

"ദേ... എന്റെ കല്ല്യാണത്തിന്‌ ഇട്ട്‌ തന്നതാ... കണ്ടോ.."

(ഇന്ന് മിന്നുവിന്റെ അച്ഛന്റെയും അമ്മയുടെയും നാലാം വിവാഹ വാര്‍ഷികം. ഇന്ന് രാവിലെയും മിന്നു ഇന്നലെ രാത്രി പറഞ്ഞ അതേ ഡയലോഗ്‌ ആവര്‍ത്തിച്ചു.)

Monday, September 10, 2007

ഫോട്ടോ വിവരണം

മിന്നുവിന്റെ ഇഷ്ടപ്പെട്ട പുസ്തകമായ 'വനിത' നോക്കി മിന്നു അമ്മയ്ക്ക്‌ വിവരണം നല്‍കിക്കൊണ്ടിരിക്കുന്നു.

കുറേ പരസ്യങ്ങളുള്ള ഒരു പേജില്‍ കുറേ ഫോട്ടോകള്‍ കണ്ട്‌ മിന്നു അമ്മയോട്‌ ...

"പാവം...ഇവരൊക്കെ മരിച്ചുപോയീല്ലേ....??? "

ഒന്ന് ഞെട്ടി മിന്നുവിനെ നോക്കി ഇരിക്കുന്ന അമ്മയോട്‌ മിന്നു മുഴുമിപ്പിച്ചു...
"വെള്ളത്തീ പെട്ടിട്ട്‌..."

(പിന്നീടുള്ള അന്വേഷണത്തില്‍ നിന്ന് മിന്നുവിന്റെ ഈ വിവരണത്തിന്റെ സ്രോതസ്സ്‌ മനസ്സിലായത്‌... വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്ന അല്‍പം പ്രായം ചെന്ന ഒരു ചേച്ചിയുണ്ട്‌. ഞങ്ങള്‍ ഓഫീസില്‍ പോയാല്‍ മിന്നൂസിനെ നോക്കുന്നതും അവരാണ്‌... മിന്നൂസിന്റെ മടിയില്‍ വച്ചുകൊണ്ടുള്ള പത്രപാരായണത്തില്‍ ചരമ പേജ്‌ കണ്ടപ്പോള്‍ മിന്നുവിന്റെ സംശയം ദൂരീകരിച്ച്‌ കൊടുത്തിരുന്നു. പിന്നെ, എല്ലാവരുടേയും മരണകാരണ ം വിവരിക്കാന്‍ മെനക്കെടാതെ എല്ലാവരും 'വെള്ളത്തില്‍ പെട്ട്‌' മരിച്ചതാണെന്ന് അവര്‍ പറഞ്ഞു കൊടുത്തിരുന്നു അത്രേ...)