Thursday, May 31, 2007

ഉപദേശം

കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ജനാലകള്‍ തുറന്നുകിടക്കുന്നുണ്ടോ എന്ന് തപ്പി കണ്ടുപിടിച്ച്‌ പുറത്തേക്ക്‌ വലിച്ചെറിയുക എന്നത്‌ മിന്നുവിന്റെ ഒരു ഹോബിയായിരുന്നു.

മിന്നൂട്ടിയെ ഉപദേശിച്ച്‌ കുറുമ്പ്‌ ശമിപ്പിക്കാനായുള്ള എന്റെ ഭാര്യയുടെ ഒരു ശ്രമം....

"സാധങ്ങള്‍ ഇങ്ങനെ കളയാന്‍ പാടുണ്ടോ??... പുറത്തേയ്ക്കിട്ടാല്‍ പിന്നെ അത്‌ പോകില്ലേ?? മിന്നൂന്‌ പിന്നെ അത്‌ കിട്ടില്ല....കളിപ്പാട്ടം ഒക്കെ പൊട്ടിപ്പോകില്ലേ???"

മിന്നു നിശബ്ദം...

"അങ്ങനെ സാധനങ്ങള്‍ പുറത്തേക്കിടരുത്‌ ട്ടോ... നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല.....മിന്നൂട്ടി നല്ല കുട്ടിയാവണം..... മനസ്സിലായോ..??"

മിന്നും അപ്പോഴും നിശബ്ദം..

"മനസ്സിലായോ???" എന്റെ ഭാര്യ വീണ്ടും...

"മനസ്സിലായില്ലാ...." മിന്നൂട്ടിയുടെ അല്‍പം നീട്ടിയുള്ള മറുപടി.

ചെറുതായൊന്ന് ഞെട്ടിയെങ്കിലും കേട്ടത്‌ ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പിയ്ക്കാന്‍ ഭാര്യ വീണ്ടും..

"മനസ്സിലായോ മിന്നൂ..???"

"മനസ്സിലായില്ലാ....." മിന്നു വീണ്ടും...

Wednesday, May 30, 2007

ചെരുപ്പിന്റെ സ്ഥാനം

ഒരു ദിവസം വൈകീട്ട്‌ പുറത്ത്‌ പോകാനായി തയ്യാറാകുമ്പോള്‍ മിന്നൂട്ടിയുടെ ചെരുപ്പ്‌ (പാദരക്ഷ ഇല്ലേ... അതു തന്നെ) കാണാനില്ല.

ഞാനും ഭാര്യയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ ചെരുപ്പ്‌ തിരയാന്‍ ആരംഭിച്ചു.

'ചെരുപ്പെവിടെ മിന്നൂട്ടീ...' എന്ന് ഞങ്ങള്‍ ഇടയ്ക്കിടെ വിളിച്ച്‌ ചോദിയ്ക്കുന്നുമുണ്ട്‌.

മിന്നൂട്ടി നേരെ ബെഡ്‌ റൂമിലേക്ക്‌ പോകുന്നകണ്ടു.....

നേരെ ചെന്ന് അവളുടെ ഡ്രസ്സും മറ്റ്‌ സാധനങ്ങളും വയ്ക്കുന്ന ചെറിയ അലമാര തുറന്ന് അതില്‍നിന്ന് ചെരുപ്പ്‌ എടുത്തുകൊണ്ട്‌ തര്‍ക്കിച്ചുകൊണ്ടുനില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലൂടെ അതും പിടിച്ചുകൊണ്ട്‌ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്‌ നടന്നുപോയി....