Tuesday, October 30, 2007

പുതിയ ഭീഷണി

പലപ്പോഴും സിനിമകളിലൊക്കെ കാണുന്ന തരം ഒരു ഡയലോഗുണ്ട്‌..
"നിന്നെ ഇടിച്ച്‌ ചമ്മന്തിയാക്കി, കണ്ണില്‍ മുളകരച്ച്‌ പെരട്ടി..... " എന്നൊക്കെ തുടങ്ങുന്ന ആ ദേഷ്യം മാക്സിമം പ്രകടമാക്കുന്ന ഇനം ഡയലോഗ്‌...

മിന്നുവിന്റെ അടുത്ത്‌ ചിലപ്പോള്‍ ഒരു രസത്തിന്‌ ഇത്തരം ഡയലോഗുകളുടെ ഒരു ചെറിയ പതിപ്പ്‌ ഞാനും ഇറക്കാറുണ്ട്‌... അത്‌ ദേഷ്യം വരുമ്പോഴല്ലാ.. മറിച്ച്‌ മിന്നുവിന്റെ കുസൃതിത്തരങ്ങളോടൊത്ത്‌ കളിച്ചുകൊണ്ടിരിക്കുമ്പോഴാണെന്ന് മാത്രം...

ഒരു ദിവസം ഇത്തരം ഒരു കുസൃതി സന്ദര്‍ഭത്തില്‍ മിന്നു മിന്നുവിന്റെ അമ്മയോട്‌...

"നിന്നെ ഞാന്‍ വെള്ളത്തിലിട്ട്‌ മീനാക്കി വറുത്ത്‌ തിന്നും..."

(മീന്‍ മിന്നുവിന്റെ വീക്ക്‌ നസ്‌ ആണേ....)

Monday, October 22, 2007

മിമിക്രി എഫ്ഫക്റ്റ്‌

ചില നേരത്ത്‌ മിന്നുവിന്‌ വികൃതി അല്‍പം കൂടും.. അന്നേരം പുള്ളിക്കാരത്തി നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ അല്‍പം വൈമുഖ്യം കാണിയ്ക്കും.. അതിന്റെ പേരില്‍ ചിലപ്പോല്‍ അല്‍പം ദേഷ്യപ്രകടനവും ചെറിയതോതിലുള്ള ശിക്ഷാനടപടികളും മിന്നുവിന്‌ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്‌...

ഇടയ്ക്ക്‌ ചില വികൃതികളെ മറ്റ്‌ ചില നയപരമായ നടപടികളിലൂടെ നിയന്ത്രിക്കാനും ശ്രമിക്കാറുണ്ട്‌.

മിന്നു വാതില്‍ തുറന്ന് പുറത്ത്‌ പോകുകയും വാതില്‍ പുറത്ത്‌ നിന്ന് അടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു...

'മിന്നൂ.. പുറത്ത്‌ ആ പൂച്ചയ്ണ്ട്‌ ട്ടോ... അത്‌ കടിയ്ക്കട്ടെ ഒറ്റയ്ക്ക്‌ പുറത്ത്‌ പോയാല്‍...'
ഞാന്‍ ഒരു ഭീഷണിയിട്ടു.

മിന്നു ഒന്ന് പതറിയെങ്കിലും മുഴുവന്‍ തീരുമാനമാവാത്തപോലെ നിലകൊണ്ടു.

ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ ഒരു എഫ്ഫക്റ്റിനുവേണ്ടി ഒരു മിമിക്രി ട്രൈ ചെയ്തു..

"മ്യാവൂ.. മ്യാവൂ..."

ഇത്‌ കേട്ട്‌ മിന്നു തിരിഞ്ഞ്‌ നിന്ന് അമ്മയുടെ മുഖത്ത്‌ നോക്കിയിട്ട്‌ പറഞ്ഞു..

"ങാ,.. ഇനിയും പൂച്ച കരയ്‌.....കരയ്‌"

Monday, October 15, 2007

കല്ല്യാണം വിളിയ്ക്കല്‍

ഏതെങ്കിലും കല്ല്യാണത്തിന്‌ പോകാനുള്ള തയ്യാറെടുപ്പും ഡ്രസ്സിങ്ങും നടക്കുമ്പോള്‍ മിന്നു സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്‌...

"എന്റെ കല്ല്യാണാ...."

ഇത്‌ കേട്ട്‌ "ഇവളുടെ കല്ല്യാണത്തിന്‌ നമ്മളെയൊക്കെ വിളിക്കുമോ ആവോ.." എന്ന് ഞാന്‍ വെറുതേ പറഞ്ഞു.

"മിന്നൂട്ടീ.. കല്ല്യാണത്തിന്‌ അമ്മയെ വിളിക്കണം ട്ടോ..." മിന്നുവിന്റെ അമ്മയുടെ ഉപദേശം..

ഉടനെ മിന്നു "അമ്മേ.. അമ്മേ..."

'ഇതെന്ത്‌?' എന്ന് വിചാരിച്ച്‌ അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക്‌ കാര്യം മനസ്സിലാകാന്‍ ഒരു രണ്ട്‌ മിനിട്ടെടുത്തു. മിന്നു കല്ല്യാണം വിളിച്ചതായിരുന്നു അത്‌.