Monday, June 23, 2008

ഇത്‌ കണ്ടാല്‌ ???

മൃഗങ്ങളുടെ ചെറിയ ചെറിയ രൂപങ്ങള്‍ മിന്നൂസിന്റെ കയ്യില്‍ കുറേ കിട്ടിയിട്ടുണ്ട്‌. അതെല്ലാം വരിവരിയായി വയ്ക്കുന്നകണ്ടിട്ട്‌ ഞാന്‍ സഹായിക്കാന്‍ ചെന്നു.

ഒരു മൃഗത്തെ മറ്റേതിനു മുന്നില്‍ മുഖത്തോട്‌ മുഖം വച്ചപ്പോള്‍ മിന്നൂസിന്‌ ഇഷ്ടപ്പെട്ടില്ല.

"ഇത്‌ കണ്ടാല്‌ പേടിച്ച്‌ ഓടില്ലേ.... പിന്നില്‌ പിന്നില്‌ വച്ചണം.." മിന്നൂസ്‌ ഞാന്‍ വച്ചതിനെ എടുത്ത്‌ മാറ്റി, ഓരോന്നിന്റെയും പിന്നിലേയ്ക്ക്‌ ക്യൂ ആയി വയ്ക്കാന്‍ തുടങ്ങി.

ഓരോ മൃഗത്തേയും എടുത്തിട്ട്‌ എന്നോട്‌ ചോദിക്കും "ഇതിന്റെ പേരെന്താ?"

ഞാന്‍ മൃഗത്തിന്റെ പേര്‌ പറഞ്ഞുകൊടുക്കും.

ഒരെണ്ണം എടുത്തിട്ട്‌ ചോദിച്ചു.. "ഇതിന്റെ പേരെന്താ?"

"കണ്ടാമൃഗം.." ഞാന്‍ പറഞ്ഞു.

അടുത്തതിനെ എടുത്തിട്ട്‌ മിന്നൂസ്‌ ചോദിച്ചു.. "ഇത്‌ കണ്ടാല്‌..???"

രണ്ട്‌ നിമിഷം ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലാവാതെ ഞാന്‍ അന്തിച്ച്‌ നിന്നു.

Tuesday, June 17, 2008

എന്തൊരു സ്നേഹം.. ചോക്ലേറ്റ്‌ സ്നേഹം

ഡയറി മില്‍ക്‌ ബ്രാന്‍ഡിനോടുള്ള മിന്നൂസിന്റെ വിശ്വാസ്യത ഇപ്പോഴും തുടരുന്നു.

മുത്തച്ഛന്‍ കൊണ്ടുവന്ന് കൊടുത്ത ഡയറി മില്‍ക്ക്‌ ചോക്ക്ലേറ്റ്‌ കയ്യിലെടുത്ത്‌ പിടിച്ചത്‌ കണ്ട്‌ മിന്നൂസിന്റെ അമ്മ അല്‍പം താല്‍പര്യത്തോടെ മിന്നൂസിനെ നോക്കി.

"ഇത്‌ പൊട്ടീതാ... പൊട്ടീത്‌ അമ്മ തിന്നണ്ടാ ട്ടോ.." മിന്നു ചോക്ലേറ്റ്‌ പൊട്ടിച്ച്‌ കഴിക്കുന്നതിന്നിടയില്‍ പറഞ്ഞു.

ഓഫീസില്‍ പോകാനായി തയ്യാറായിക്കൊണ്ടിരുന്ന എന്റെ അടുക്കലേയ്ക്ക്‌ മിന്നു വന്നു. എന്നിട്ട്‌ എന്റെ നേരെ കൈ നീട്ടി. കയ്യില്‍ ഡയറി മില്‍ക്കിന്റെ ഒരു ചെറിയ കഷണം. എനിക്ക്‌ അല്‍ഭുതമായി.. ആ സ്നേഹം.... ഞാന്‍ വാങ്ങി വായിലിട്ടു.

"നിലത്ത്‌ വീണത്‌ എനിച്ച്‌ വേണ്ട.." ഇതും പറഞ്ഞ്‌ മിന്നു അവളുടെ കയ്യിലുള്ള ബാക്കി പീസും കൊണ്ട്‌ അപ്പുറത്തേയ്ക്ക്‌ പോയി.

(വായിലിട്ട ഞാന്‍ ചവച്ച്‌ തുടങ്ങിയ ആ ചോക്ലേറ്റ്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും ആ സ്നേഹം ഓര്‍ത്ത്‌ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി)

Sunday, June 15, 2008

പച്ചേ.. ഞാന്‍ കരയും..

പ്ലേ സ്കൂളില്‍ എത്തുന്നതുവരെ മിന്നൂസ്‌ വളരെ ഹാപ്പിയാണ്‌, ഡയലോഗുകള്‍ക്കും കുറവില്ല.

റോഡിലൂടെ കുട്ടികള്‍ ബാഗും തൂക്കി നടന്നുപോകുന്നതും സ്കൂള്‍ ബസ്സുകളിലും വാനുകളിലും പോകുന്നതും ചൂണ്ടിക്കാട്ടി "കണ്ടോ, എല്ലാവരും കരയാതെ സ്കൂളില്‍ പോകുന്നത്‌.. അങ്ങനെയാ മിടുക്കി കുട്ടികള്‍.." എന്നൊക്കെ പറഞ്ഞ്‌ മിന്നൂസിനെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തിരിച്ചും അത്തരം പ്രോല്‍സാഹന വര്‍ത്തമാനങ്ങളില്‍ മിന്നൂസും പങ്ക്‌ ചേരും.

പല കുട്ടികളേയും ചൂണ്ടിക്കാട്ടിയിട്ട്‌ "കണ്ടോ, നല്ല മിടുക്കി കുട്ടികള്‌ ..ല്ലേ.. അച്ഛാ.. കരയാണ്ട്‌ ഉക്കൂളില്‍ പോണൂ ല്ലേ..." എന്ന് മിന്നൂസ്‌ ഇടയ്ക്കിടെ പറയും..

വല്ല്യ സന്തോഷത്തോടെ തലയാട്ടി മിന്നൂസിന്റെ അഭിപ്രായത്തോട്‌ പിന്തുണപ്രഖ്യാപിച്ച എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ മിന്നൂസ്‌

"പച്ചേ.. ഞാന്‍ കരയും..."

(സ്കൂളില്‍ എത്തി മിന്നൂസിനോട്‌ യാത്ര പറയുമ്പോള്‍ മിന്നു സ്ഥിരം കരയും.. കുറച്ച്‌ കഴിയുമ്പോഴെയ്ക്കും കരച്ചില്‍ നിര്‍ത്തി പ്ലേ സ്കൂളിലെ കാര്യപരിപാടികളുമായി മിന്നു മിടുക്കിയായിരിക്കുന്നു എന്ന് മിസ്സിനോട്‌ ചോദിച്ചപ്പോള്‍ അറിഞ്ഞു.)

Tuesday, June 10, 2008

പൂച്ചയായാല്‍ പോരേ?

ഒരു ഞായറാഴ്ച ദിവസം, രാവിലെ ചായ മൂന്ന് ഗ്ലാസ്സുകളിലായി ഒഴിച്ച്‌ വച്ചിരിക്കുന്നു,

"നമുക്ക്‌ മുന്നിലേച്ച്‌ പോവാം.." എന്ന മിന്നുവിന്റെ അഭിപ്രായപ്രകാരം ഉമ്മറത്ത്‌ വരാന്തയില്‍ പോയി ഇരുന്ന് ചായ കുടിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

രണ്ട്‌ ഗ്ലാസ്സ്‌ ചായ കയ്യിലെടുത്ത്‌ ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ മിന്നൂസിന്‌ ഇഷ്ടപ്പെട്ടില്ല.

"അപ്പോ ഈ ഗ്ലാസ്സോ?"

"മിന്നൂസേ.. അച്ഛന്‌ രണ്ട്‌ കയ്യല്ലേ ഉള്ളൂ.. ഇത്‌ കൊണ്ട്‌ വച്ചിട്ട്‌ വന്നിട്ട്‌ ആ ഗ്ലാസ്സ്‌ എടുക്കാം.."

ഉടനെ മിന്നുവിന്റെ ചോദ്യം..

"അച്ഛന്‌ പൂച്ചയായാപ്പോരേ?"

Sunday, June 1, 2008

കൈവേട്ടം എന്തിനോ..

മിന്നുവിന്‌ വേണ്ടാത്തതായി ഒരു സാധനവും ഇല്ല... വീട്ടില്‍ കിട്ടാവുന്ന എല്ലാ ഐറ്റംസും എടുത്ത്‌ അല്‍പം അഭ്യാസം നടത്തുക ഒരു പതിവാണ്‌...

അലമാരയില്‍ നിന്ന് കുറച്ച്‌ രൂപ എടുക്കുന്നത്‌ നോക്കിനിന്ന മിന്നുവിന്റെ ചോദ്യം..

"എനിച്ച്‌ കൈവേട്ടം തരോ...??"

ആദ്യം ഈ 'കൈവേട്ടം' എന്നത്‌ എന്താണെന്ന് സംശയിച്ചെങ്കിലും കാര്യം പെട്ടെന്ന് മനസ്സിലായി.. 'കൈനീട്ടം' ആണ്‌ ഉദ്ദേശം. കഴിഞ്ഞ വിഷു മുതലാണ്‌ കൈനീട്ടം കിട്ടുന്നതിന്റെ സുഖം പുള്ളിക്കാരത്തിക്ക്‌ മനസ്സിലായത്‌.

ആ ചോദ്യം കേട്ടാല്‍ എങ്ങനെ കൊടുക്കാതിരിക്കും എന്നതിനാല്‍ തന്നെ കുറച്ച്‌ ചില്ലറപ്പൈസയെടുത്ത്‌ കൈയില്‍ കൊടുത്തു. എന്നിട്ട്‌ ഒന്ന് ഉപദേശിച്ചു..

"ഈ കൈനീട്ടം എപ്പോഴും വാങ്ങാനുള്ളതല്ലാ ട്ടോ.. വിഷുവിന്‌ മാത്രമേ തരൂ.."

'പിന്നേ.. നിന്റെ ഒരു ഉപദേശം' എന്ന ഭാവത്തോടെ അവള്‍ അടുത്ത കാര്യപരിപാടിയിലേയ്ക്ക്‌ കടന്നു.

"നിനക്ക്‌ വേണ്ടാത്തതായി ഒന്നുമില്ലല്ലോ മിന്നൂസേ.... നിനക്കെന്തിനാ ഇതെല്ലാം..." ഞാന്‍ ചോദിച്ചു.

"എന്തിനോ..." മിന്നുവിന്റെ ഉത്തരം.

മറുപടിയില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തന്‍.