Wednesday, December 31, 2008

ന്യൂ ഇയര്‍

ചില കാര്യങ്ങള്‍ മിന്നൂസിനെക്കൊണ്ട്‌ അനുസരിപ്പിക്കാന്‍ അല്‍പസ്വല്‍പം പ്രലോഭനങ്ങളും ഓഫറുകളും നല്‍കേണ്ടിവരാറുണ്ട്‌.

ഭക്ഷണം കൊടുക്കുന്നത്‌ മുഴുവന്‍ കഴിക്കാതെ സ്കിപ്പ്‌ ആകുക, മിന്നൂസ്‌ അമ്മയുടെ ഇഷ്ടത്തിന്‌ വിപരീതമായി സ്വന്തം ഇഷ്ടമുള്ള ഡ്രസ്സ്‌ സെലക്റ്റ്‌ ചെയ്യുക എന്നിങ്ങനെ പോകുന്നു ഇത്തരം ഓഫറുകള്‍ നല്‍കേണ്ടിവരുന്ന ചില സാഹചര്യങ്ങള്‍..

രണ്ട്‌ ദിവസം മുന്‍പ്‌ ഇതുപോലെ ഒരു ഓഫര്‍ മിന്നുവിന്‌ അമ്മ കൊടുത്തു.

"മിന്നൂസിന്‌ ന്യൂയറിന്‌ പുതിയ ഡ്രസ്സ്‌ വാങ്ങിത്തരാംട്ടോ...."

മിന്നൂസിന്‌ വല്ല്യ സന്തോഷമായി, എന്നിട്ട്‌ എന്നെ നോക്കി പറഞ്ഞു.. "അച്ഛനും ഞാന്‍ പുതിയ ഡ്രസ്സ്‌ വാങ്ങിത്തരാം ട്ടോ.."

"അതിന്‌ മിന്നൂസിന്റെ കയ്യില്‍ എവിടെയാ കാശ്‌?" ഞാന്‍ ചോദിച്ചു.

"കാശ്‌..... അത്‌ നമുക്ക്‌ അച്ഛന്റെ പോക്കറ്റീന്ന് എടുക്കാം..." മിന്നൂസിന്റെ മറുപടി.

"ഓ.. വല്ല്യ ഉപകാരം.." എനിയ്ക്ക്‌ സമാധാനമായി.

അങ്ങനെ ഇന്നലെ വാങ്ങിയ പുതിയ ഡ്രസ്സും ഇട്ട്‌ മിന്നൂസ്‌ പ്ലേ സ്കൂളില്‍ പോയിട്ടുണ്ട്‌...

"എല്ലാവര്‍ക്കും മിന്നൂസിന്റെയും മിന്നൂസിന്റെ അച്ഛന്റെയും അമ്മയുടെയും പുതുവല്‍സര ആശംസകള്‍..."

Friday, December 19, 2008

പ്ലേ സ്കൂള്‍ ജ്ഞാനം

പ്ലേ സ്കൂളില്‍ നിന്ന് കിട്ടിയ വിവരസാങ്കേതികവിദ്യകള്‍ മിന്നൂസ്‌ വീട്ടില്‍ വന്ന് പുറത്തെടുക്കും. പ്ലേ സ്കൂളില്‍ പഠിപ്പിക്കുന്ന രീതികളും പഠിച്ച ഐറ്റംസും അച്ഛന്റെയും അമ്മയുടേയും നേരെ പ്രയോഗിച്ച്‌ അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്ന രീതി തന്നെ.

ഇടയ്ക്ക്‌ വിളിച്ച്‌ പറയുന്ന വിജ്ഞാനശകലങ്ങള്‍ കേട്ട്‌ ഞങ്ങള്‍ ഞെട്ടുകയും പതിവാണ്‌.

ചില ഞെട്ടല്‍ സാമ്പിളുകള്‍..

1. ഒരു ദിവസം, ഹിന്ദിയില്‍ ഒന്ന് മുതല്‍ 20 വരെ പുഷ്പം പോലെ എണ്ണുന്നു... 'ഏക്‌ , ദോ, തീന്‍.. ചാര്‍ പാഞ്ചേ സാത്ത്‌ ആട്ട്‌.. എന്ന പാട്ട്‌ നിലനില്‍ക്കുന്നതിനാല്‍ മാത്രം ബാരാ, തേരാ...മേരാ...' വരെ എണ്ണാനറിയുന്ന മിന്നൂസിന്റെ അമ്മയെ ഞാന്‍ കുലുക്കിവിളിച്ചാണ്‌ ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്‌.

2. "ഇന്റ്യാ ഇസ്സ്‌ മൈ കണ്ട്രി.. ഓള്‍ ഇന്റ്യന്‍സ്‌ ആര്‍ മൈ ബ്രദേര്‍സ്‌ ആന്റ്‌ സിസ്റ്റേര്‍സ്‌.." എന്ന് തുടങ്ങുന്ന ആ സംഭവം ഒരൊറ്റ കാച്ച്‌.. ആദ്യത്തെ രണ്ട്‌ സെന്റന്‍സും ഇടയിലെ ചില വാക്കുകളും ഒഴിച്ച്‌ ബാക്കി ഒന്നും മിന്നൂസിനും ഞങ്ങള്‍ക്കും മനസ്സിലായില്ലെങ്കിലും, "ജയ്‌ ഹിന്ദ്‌" എന്ന് വരെ മിന്നൂസ്‌ ഇടതടവില്ലാതെ പറഞ്ഞൊപ്പിച്ചു. ഇനി തെറ്റും ശരിയും പറഞ്ഞുകൊടുക്കാമെന്ന് വച്ചാല്‍ ആര്‌ പറഞ്ഞുകൊടുക്കാനാ? ഞാനോ? (ആദ്യം ഇത്‌ വായിച്ച്‌ പഠിക്കട്ടെ.. എന്നിട്ടാകാം)

ഇത്തരം ചില വെളിപ്പെടുത്തലുകള്‍ക്ക്‌ ശേഷം രണ്ട്‌ ദിവസം മുന്‍പ്‌ മിന്നൂസ്‌ മിന്നുസിന്റെ അമ്മയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്തു.

"ഞാന്‍ ചോദ്യം ചോദിച്ചാം.. അമ്മ ഉത്തരം പറയണം ട്ടോ..."

"ശരി..." അമ്മ തലയാട്ടി

"സ്പീക്കിംഗ്‌ ബേര്‍ഡ്‌ ഏതാ... പറയ്‌....." മിന്നൂസിന്റെ ആദ്യത്തെ ചോദ്യം.

മിന്നൂസിന്റെ അമ്മ ഒന്ന് പതറി... ഒന്ന് കണ്ണ്‍ മിഴിച്ച്‌ ആലോചിക്കാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ മിന്നൂസ്‌ ഹിന്റ്‌ കൊടുത്തു.

"പച്ച നിറത്തിലുള്ളത്‌...."

"ങാ... പാരറ്റ്‌.." അമ്മ ഉത്തരം പറഞ്ഞു.

ഇത്‌ കേട്ട്‌ മിന്നൂസിന്‌ ഒരു സംശയം.. "അമ്മച്ച്‌ അറിയാം ല്ലേ.. എന്നെ പറ്റിച്ചാനാ മിണ്ടാതിരുന്നത്‌?.."

"ങാ..." ('തല്‍ക്കാലം അങ്ങനെ ഇരിക്കട്ടെ' എന്ന് മനോഗതം).

"ഇനി... നമുക്ക്‌ ഓം ലേറ്റ്‌ തരുന്നത്‌ ആരാ??" മിന്നൂസിന്റെ അടുത്ത ചോദ്യം.

"അമ്മ..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഒരു സംശയവുമില്ല.

ഇത്‌ കേട്ട്‌ മിന്നൂസ്‌.. "അല്ലാ... ഡക്കും ഹെന്നും..."

"മിന്നൂസേ.. വാ.. നമുക്ക്‌ വേറെ വല്ല കളിയും കളിയ്ക്കാം.." മിന്നൂസിന്റെ അമ്മ അടുത്ത രക്ഷാമാര്‍ഗ്ഗം പരിഗണനക്കെടുത്തു.