Friday, August 31, 2007

ഞായറാഴ്ച

മിന്നുവിന്റെ അമ്മ ശ്രമിച്ച്‌ പരാജയപ്പെട്ട കേസുകള്‍ പൊതുവേ എന്റെ പരിഗണനയ്ക്ക്‌ വിടുന്ന നാട്ടുനടപ്പാണ്‌ വീട്ടിലുള്ളത്‌. അങ്ങനെ വരുന്ന കേസുകള്‍ "അച്ഛന്റെ സുന്ദരിയല്ലേ..???" എന്ന ഒറ്റ ചോദ്യത്തില്‍ സന്തോഷത്തോടുകൂടി അനുസരിക്കുന്ന മിന്നൂസിനെ കണ്ട്‌ മിന്നൂസിന്റെ അമ്മ അസൂയപ്പെടും.

'മിന്നു ഭക്ഷണം കഴിക്കുന്നില്ല' എന്ന പരാതിയാണ്‌ ഇത്തവണ എനിയ്ക്ക്‌ മിന്നൂസിന്റെ അമ്മ സമര്‍പ്പിച്ചുകൊണ്ട്‌ അടുക്കളയിലേയ്ക്ക്‌ പോയത്‌.

"മിന്നൂസേ... മിന്നൂസ്‌ പാപ്പം കഴിച്ചോ?" എന്റെ ചോദ്യം..

"കയിച്ചു..."

("അയ്യോ... അവള്‍ വെറുതേ പറയുന്നതാ..." മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് വിളിച്ച്‌ പറഞ്ഞു)

ഞാന്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു...

"എന്ത്‌ പാപ്പം കഴിച്ചു?"

"ദോശപ്പാപ്പം.."

"എപ്പോ കഴിച്ചു??"

"ഞായറാച്ച കയിച്ചു..."

ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച്‌ സത്യസന്ധയായ മിന്നൂസിനേയും എടുത്ത്‌ ഞാന്‍ അടുക്കളയിലേയ്ക്ക്‌ നടന്നു.

Wednesday, August 29, 2007

കുശലാന്വേഷണം

ഓണം പ്രമാണിച്ച്‌ മിന്നു മുത്തച്ചനെയും അമ്മൂമ്മയെയും കാണാന്‍ പാലക്കാട്‌ എത്തി. അവിടെ മിന്നു ഞങ്ങളുടെ കൂടെ കറങ്ങി നടക്കുന്നതിന്നിടയില്‍ വഴിയില്‍ വച്ച്‌ കണ്ട ഒരു ബന്ധു മിന്നുവിനോട്‌ അല്‍പം കുശലം പറയാനെത്തി.

"ങാ... ആരായിത്‌???" മുഖവുരയായി ഒരു ചോദ്യം..

"മിന്നു..." ഒരു സംശയവുമില്ലാത്ത മറുപടി.

"ഓ.. അതെയോ... എപ്പോഴാ മിന്നു വന്നത്‌???"

"എപ്പൊഴെങ്കിലും വന്നു..."

മിന്നുവിന്റെ ഉത്തരം കേട്ട്‌ അവരെക്കാള്‍ മുമ്പ്‌ ഞെട്ടിയത്‌ ഞാന്‍.

"അതേയ്‌... അര്‍ത്ഥം അറിഞ്ഞിട്ടൊന്നുമല്ല..." എന്നൊരു വിശദീകരണവും കൊടുത്ത്‌ ഞങ്ങള്‍ വേഗം സ്ഥലം കാലിയാക്കി.

Saturday, August 18, 2007

ഒരു പാട്ടും ഒരു കഥയും

മിന്നൂസിന്റെ ഒരു പാട്ടും (പച്ചപ്പനം തത്തേ..), ഒരു കഥയും (എന്താണാവോ കഥ)


download



powered by ODEO

Sunday, August 12, 2007

ഭീഷണി

മിന്നുവിനെ അമ്മ എന്തെങ്കിലും പറഞ്ഞാല്‍ മിന്നുവിന്‌ കളിയാണ്‌... ഭക്ഷണം കഴിക്കാന്‍ വിളിച്ചാലും കുളിക്കാന്‍ വിളിച്ചാലും എല്ലാം... അമ്മയെ കളിപ്പിച്ചുകൊണ്ട്‌ ചിരിച്ചുകൊണ്ട്‌ മിന്നു ഓടും... പിന്നെ, ഓടിച്ചിട്ട്‌ പിടിയ്ക്കണം...

"ഈ മിന്നു ഞാന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കുന്നില്ല... അച്ഛന്‍ പറഞ്ഞാല്‍ മാത്രം അനുസരിക്കും... ഒരു അച്ഛന്‍ കുട്ടി..." മിന്നുവിന്റെ അമ്മയുടെ സ്ഥിരം പരിഭവം ...

പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയ ശേഷം സ്കൂളിലെ ടീച്ചറെ മിന്നുവിന്‌ പേടി കാണുമെന്ന് മിന്നുവിന്റെ അമ്മ കരുതി.

മിന്നുവിനെ എന്തോ കാര്യത്തിന്‌ വിളിച്ചപ്പോള്‍ മിന്നു വല്ല്യ മൈന്‍ഡ്‌ ചെയ്തില്ല. ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ..

"മിന്നൂ... സ്കൂളിലെ ടീച്ചറോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌ നീ പറഞ്ഞാല്‍ അനുസരിക്കുന്നില്ല എന്ന്.... "

മിന്നുവിന്‌ ഒരു ഭാവമാറ്റവുമില്ല.

"പറഞ്ഞുകൊടുക്കട്ടേ???" അമ്മ വീണ്ടും...

"ങാ..."

മിന്നുവിന്റെ ലളിതമായ മറുപടി കേട്ട്‌ അല്‍പം നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്ന അമ്മയോട്‌ മിന്നു വീണ്ടും..

"പറഞ്ഞ്‌ കൊക്ക്‌...."

മിന്നുവിന്റെ അമ്മ നിശബ്ദം...

"പറഞ്ഞ്‌ കൊക്ക്‌......" മിന്നുവിന്റെ നിര്‍ബദ്ധം..

മിന്നുവിന്റെ അമ്മ കേട്ടതായി ഭാവിക്കാതെ അടുക്കളയിലേക്ക്‌ നടന്നു.

Friday, August 10, 2007

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കഥപറച്ചിലിനുപുറമേ പാട്ടുകളും ഇപ്പോ മിന്നൂസിന്റെ വായില്‍ നിന്ന് കേട്ട്‌ തുടങ്ങി...

ഇതില്‍ സിനിമാപാട്ടുമുതല്‍ നേഴ്സറിഗാങ്ങള്‍ വരെ പെടും...

ഇന്നലെ കേട്ടത്‌....

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു...
കാക്ക കൊത്തി കെണറ്റിലിട്ടു...
തിന്നാന്‍ പിള്ളേര്‌ മുങ്ങിയെട്‌ ത്തൂ..
തട്ടാന്‍ പിള്ളേര്‌ തട്ടിയെട്‌ ത്തൂ...

Wednesday, August 8, 2007

കഥ, നീണ്ടകഥ

ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാന്‍ കിടന്നാല്‍ മിന്നു ഒരു പുസ്തകോം എടുത്ത്‌ വച്ച്‌ കഥ പറച്ചില്‍ നടത്തും...

അങ്ങനെ കേട്ട ഒരു കഥ.....

"പൂച്ച പോമ്പൊഴേ... ഒരു ചിങ്കം.. ചിങ്കം മ്യാവൂ ന്ന് കരഞ്ഞപ്പോഴേ പൂച്ച ഓടിപ്പോയി..... അപ്പോഴേ... ഒരു കരടി.... ഒരു കൊമ്പുള്ള കരടി..... അപ്പോഴേ.... പേച്ചുപോയി.... അപ്പോഴേ.... ഒരു പുലി.... അപ്പോഴേ...."

"അപ്പോഴേ..... മതി മിന്നൂ... ബാക്കി നാളെ പറയാം....."

മിന്നുവിന്റെ അമ്മയുടെ ഉപദേശം മിന്നു കേട്ടിട്ടേയില്ല..

കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.....

(ഇടയ്ക്കിടയ്ക്ക്‌ 'അപ്പോഴേ...' എന്ന പദം ഉപയോഗിക്കല്‍ കഥ പറയുമ്പോള്‍ മിന്നൂസിന്‌ നിര്‍ബദ്ധം.)

എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌... കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..