Monday, April 21, 2008

അന്വേഷണം

മിന്നൂസിന്റെ അമ്മയുടെ വാച്ച്‌ കാണ്മാനില്ല. വീട്‌ മുഴുവന്‍ അരിച്ച്‌ പെറുക്കി, ഇനി ചാലക്കുടിയിലോ മറ്റോ പോയപ്പോള്‍ ആ വീട്ടില്‍ വച്ച്‌ മറന്നതാവാനും മതി എന്നൊക്കെ വിചാരിച്ച്‌ സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നു.

കുറേ അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ വെറുതേ മിന്നൂസിനോട്‌ കൂടി ഒന്ന് ചോദിച്ചേക്കാമെന്ന് വച്ചു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നൂസിനോട്‌ അമ്മയുടെ ചോദ്യം...

"മിന്നൂസേ.. അമ്മേടെ വാച്ച്‌ കണ്ടോ?"

"ഇല്ലാ.... എവിടേ??" മിന്നൂസിന്റെ ചോദ്യം...

"അതല്ലാ... മിന്നൂസ്‌ വാച്ച്‌ എവിടെയെങ്കിലും കണ്ടോ എന്നാ ചോദിച്ചത്‌..."

"ഇല്ലല്ലോ.... എവിടെയാ വാച്ച്‌..???"

"അയ്യോ... വാച്ച്‌ കാണാനില്ല മിന്നൂസേ.. അതുകൊണ്ടല്ലേ മിന്നൂസെങ്ങാനും കണ്ടോ എന്ന് ചോദിച്ചത്‌..." മിന്നൂസിന്റെ അമ്മ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്നു.

"എവിടെയാ അമ്മേ..... അമ്മ ഒളിപ്പിച്ച്‌ വച്ചോ..... വാച്ച്‌ എവിടെയാ...." മിന്നൂസ്‌ നിര്‍ബദ്ധം തുടങ്ങി...

"മിന്നൂസേ... ഞാനൊന്നും ചോദിച്ചിട്ടും ഇല്ലാ.. വാച്ച്‌ പോയിട്ടും ഇല്ലാ..." എങ്ങനെയെങ്കിലും സംഗതി ഒന്ന് അവസാനിപ്പിക്കാനായി അമ്മയുടെ ശ്രമം.

"അല്ലാ.... അമ്മ പറയ്‌... വാച്ച്‌ എവിടെയാ...... പറയ്‌ അമ്മേ...."

കാര്യം കൈ വിട്ടു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ തിരിഞ്ഞ്‌ കിടന്നു.

മിന്നൂസും അമ്മയും ചോദ്യോത്തരപംക്തി തുടര്‍ന്നു

Wednesday, April 9, 2008

ഷാംപൂ എഫ്ഫക്റ്റ്‌

കാറില്‍ യാത്ര ചെയ്യവേ, മിന്നൂസ്‌ റോഡിലേയ്ക്ക്‌ ചൂണ്ടി പറഞ്ഞു. "ദേ... ഷാം പൂ തലേല്‍ മാത്രം തേച്ച്‌ ഒരാള്‍ പോണൂ...."

ഇതെന്താണ്‌ ഇവള്‍ പറയുന്നതെന്നറിയാനായി ഞാന്‍ ചോദിച്ചു... "എവിടെ? എവിടേ??"

ഈ പട്ടാപ്പകല്‍ തലയില്‍ ഷാം പൂ തേച്ച്‌ ആരാണ്‌ നടക്കുന്നതെന്നറിയണമല്ലോ....

"ദേ.... പോണൂ..." റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ കടന്നുപോയ ഒരു വയസ്സായ ആളെ ചൂണ്ടി മിന്നു പറഞ്ഞു.

തലമുടി മുഴുവന്‍ നരച്ച ഒരാള്‍....

പാവം, അയാളെയാണ്‌ തലയില്‍ ഷാം പൂ തേച്ച്‌ പോകുന്നതാണെന്ന് മിന്നു പ്രഖ്യാപിച്ചത്‌.

Monday, April 7, 2008

അമ്പാട്ടിയുടെ അച്ഛന്‍

ഉച്ചയ്ക്ക്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്നാല്‍ മിന്നൂസിന്‌ കൂട്ടായി ഒരു അമ്മൂമ്മയുണ്ട്‌ വീട്ടില്‍. പലപ്പോഴും മിന്നൂസ്‌ അമ്മയായും അമ്മൂമ്മ കുഞ്ഞ്‌ ആയുമുള്ള റോള്‍ പ്ലേ ആണ്‌ അരങ്ങേറുന്നത്‌.

അമ്മൂമ്മ ദിവസവും സന്ധ്യാസമയത്ത്‌ വീട്ടില്‍ നിലവിളക്ക്‌ കൊളുത്തി വയ്ക്കും. മിന്നൂസ്‌ അത്‌ ഊതിക്കിടത്താതിരിയ്ക്കാന്‍ അത്‌ അമ്പാട്ടിയ്ക്ക്‌ വേണ്ടിയാണെന്ന് പറഞ്ഞ്‌ കൊടുത്തിട്ടുമുണ്ട്‌.

ഈയിടെ മിന്നൂസ്‌ ഒരു സംശയം മിന്നൂസിന്റെ അമ്മയോട്‌..

"അമ്മേ.... അമ്പാട്ടി തീ തിന്ന്വോ....???" വിളക്കിലേയ്ക്ക്‌ നോക്കിയാണ്‌ ചോദ്യം...

"ഏയ്‌... ഇല്ലാ..."

"അതെന്താ... അമ്പാട്ടീടെ അച്ഛന്‍ ചീത്ത പറയോ???"

ചോദ്യം കേട്ടെങ്കിലും ഞാന്‍ സ്കൂട്ടായി.