Friday, September 3, 2010

സൗരയൂഥം

മിന്നു ഇപ്പോള്‍ UKG യില്‍ ആയതിനാല്‍ പറയുന്ന വര്‍ത്തമാനങ്ങളുടേയും ചോദിക്കുന്ന ചോദ്യങ്ങളുടേയും നിലവാരം കൂടി. ചില സമയങ്ങളില്‍ അമ്മയുമായി മിന്നു ചില വാക്കുതര്‍ക്കങ്ങളൊക്കെ കഴിഞ്ഞ്‌ അമ്മ തോറ്റ്‌ മടങ്ങുമ്പോള്‍ അമ്മ പിറുപിറുക്കുന്ന കേട്ടു.. 'അവളാണ്‌ ഇപ്പോള്‍ എന്റെ അമ്മ... അല്ലാ പിന്നെ..'

ഞാന്‍ അതില്‍ വലിയ അഭിപ്രായം പ്രകടിപ്പിക്കാനും പോയില്ല. എന്തിനാ വെറുതേ...

(എങ്കിലും സംസാരം ഓവര്‍ ആകാതിരിക്കാന്‍ ഇടയ്ക്ക്‌ ഒരല്‍പ്പം ഭീഷണി പ്രയോഗിക്കാറുണ്ട്‌)

ഭൂമി തിരിയുന്നതും സൂര്യപ്രകാശം ലഭിക്കുന്നതും എല്ലാം ക്ലാസ്സില്‍ വിശദീകരിച്ച്‌ കാണിച്ചുകൊടുത്തിട്ടുള്ളതെല്ലാം വീട്ടില്‍ വന്ന് വിവരിച്ചു.

ഈയിടെ മിന്നു ചോദിച്ച ഒരു ചോദ്യം "അച്ഛാ ഈ സണ്ണും മൂണും താഴെ വീഴാതെ ആകാശത്തില്‍ ഇങ്ങനെ നില്‍ക്കുന്നതെങ്ങനെയാ?"

ചോദ്യം എന്നോട്‌ തന്നെയാണോ എന്നും അത്‌ വന്ന ദിശ കറക്റ്റ്‌ ആണോന്നും അറിയാതെ ഞാന്‍ ഒന്ന് വിഭ്രമിച്ച്‌ നില്‍ക്കുമ്പോള്‍, ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ('ആ വേല കയ്യിലിരിക്കട്ടെ അച്ഛാ' എന്ന് മിന്നു മനസ്സില്‍ പറഞ്ഞ്‌ കാണും.. ആവോ)

"അതായത്‌... ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാം ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു... അത്‌ സൗരയൂഥത്തില്‍ ഇങ്ങനെ സ്ഥിതി ചെയ്യുന്നു.... മിന്നൂസേ... ഇതൊക്കെ മോള്‌ കുറച്ച്‌ കൂടി വലുതാകുമ്പോള്‍ സ്കൂളില്‍ പഠിപ്പിച്ചു തരും ട്ടോ... ഇപ്പോ അതങ്ങനെ നില്‍ക്കട്ടെ.. വീഴാതെ നില്‍ക്കട്ടെ.... "

പതിവുപോലെ "ദേ... അത്‌ നോക്കിയേ..."

Monday, February 8, 2010

പാമ്പും തുണിയും

പതിവുപോലെ സ്കൂളില്‍ നിന്ന്‌ വന്ന്‌ മിന്നൂസ്‌ അന്നത്തെ വിശേഷങ്ങളും പുതിയ അറിവുകളും മിന്നൂസിണ്റ്റെ അമ്മയ്കും എനിയ്ക്കുമായി വിളമ്പുകയാണ്‌...
"അമ്മേ അമ്മേ... പാമ്പ്‌ കടിക്കാന്‍ വന്നാല്‍ എന്താ ചെയ്യാന്നറിയോ?"

"ഇല്ലാ... എന്താ ചെയ്യാ?" മിന്നൂസിണ്റ്റെ അമ്മയ്ക്ക്‌ പാവം അറിയില്ല.

"കിട്ടിയ ഗ്യാപ്പില്‍ ഓടി രക്ഷപ്പെടുക..." പതിവുപോലെ കാര്യമായ ശ്രദ്ധ കൊടുക്കാതെയുള്ള എണ്റ്റെ മറുപടി...

"അയ്യോ... അങ്ങെനെ ഒന്നും അല്ല... ഞാന്‍ പറഞ്ഞു തരാം.. " മിന്നൂസ്‌

എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന മട്ടില്‍ ഞങ്ങള്‍.

"ഒരു പാമ്പ്‌ നമ്മളെ കടിക്കാന്‍ വരാണെന്ന്‌ വിചാരിക്ക്യാ.... അപ്പോ നമ്മള്‍ എന്ത്‌ ചെയ്യണന്നറിയോ?.... നമ്മള്‍ ഒരു തുണിയെടുത്ത്‌ കയ്യില്‍ പിടിയ്ക്ക്യാ.... "

ഇത്രയുമായപ്പോഴെയ്ക്കും ഞങ്ങള്‍ക്ക്‌ ഒരല്‍പം ടെന്‍ഷനായി.

"എന്നിട്ട്‌... നമ്മള്‍ കാലില്‍ തുണികൊണ്ട്‌ കെട്ടുക.... പാമ്പ്‌ പിന്നെ കടിച്ചാലും നമുക്ക്‌ വിഷം കയറില്ലല്ലോ... അതാണ്‌.. "
"
അയ്യോ മിന്നൂ.... നമ്മള്‍ പാമ്പ്‌ കടിച്ചാലാണ്‌ തുണികൊണ്ട്‌ കെട്ടുക... അല്ലാതെ പാമ്പ്‌ കടിക്കാന്‍ വരുമ്പോഴല്ലാ..." മിന്നൂസിണ്റ്റെ അമ്മ തിരക്കിട്ട്‌ മിന്നൂസിനെ കറക്റ്റ്‌ ചെയ്യാനുള്ള ശ്രമം.

"അല്ല... ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല.. എണ്റ്റെ ടീച്ചര്‍ പഠിപ്പിച്ചതാ..." മിന്നു വിട്ടുകൊടുക്കാനുള്ള ഭാവമില്ല.

"അല്ല മിന്നൂ.. പറയുന്നത്‌ കേള്‍ക്ക്‌... നമ്മള്‍ പാമ്പ്‌ കടിച്ചാലാണ്‌....." അമ്മയും ശ്രമം തുടരുന്നു.

"അല്ല.. അല്ല... "

ഈ സംഭവത്തില്‍ പങ്കെടുത്ത്‌ വെറുതേ നാണം കെടേണ്ടല്ലോ എന്ന്‌ വിചാരിച്ച്‌ ഞാന്‍ പതുക്കെ സ്കൂട്ടായി.