Sunday, June 24, 2007

ഇപ്പോ ശര്യാക്കിത്തരാം

കുളിക്കുന്നതിനുമുന്‍പ്‌ ബാത്ത്‌ റൂമില്‍ പൈപ്പും ബക്കറ്റും വച്ച്‌ അല്‍പം കസര്‍ത്ത്‌ നടത്തുക എന്നത്‌ മിന്നുവിന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്‌.

അങ്ങനെ പൈപ്പ്‌ തുറന്നിട്ട്‌ ബക്കറ്റില്‍ നിന്ന് വെള്ളം കപ്പില്‍ എടുത്ത്‌ ആറ്റി കളിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞാനും ഭാര്യയും കൂടി വാതില്‍ക്കല്‍ നിന്ന് നോക്കി...

ഞങ്ങളുടെ ഒരുമയോടെ നിന്നുള്ള ആ നോട്ടം മിന്നൂസിന്‌ അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു...

"ഇപ്പോ ശര്യാക്കിത്തരാം..." എന്ന് പറഞ്ഞ്‌ മിന്നു തന്റെ ക്രിയകള്‍ തുടര്‍ന്നു.

'ഇത്ര ശരിയാക്കാനെന്തിരിയ്ക്കുന്നു..' എന്ന ചിന്തയില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക്‌ നേരെ മിന്നു ഒരു കപ്പ്‌ വെള്ളം ഒരു വീശ്‌... 'ശും.......'

എന്ത്‌ ചെയ്യാനാ.. തെറ്റ്‌ നമ്മുടെയായിപ്പോയില്ലേ... ബാത്ത്‌ റൂമില്‍ ഒളിഞ്ഞ്‌ നോക്കാമോ...

Thursday, June 21, 2007

എന്താ വേണ്ടത്‌?

"അച്ഛാ... എന്താ വേണ്ടേ??" മിന്നുവിന്റെ ചോദ്യം....

"ഒന്നും വേണ്ട..." ചിരിച്ചുകൊണ്ട്‌ ഞാന്‍ മറുപടി പറഞ്ഞു.

"അതല്ലാ.... മിന്നൂന്‌ എന്താ വേണ്ടേ...??" മിന്നുവിന്റെ ചോദ്യം വീണ്ടും...

ഇപ്പോഴല്ലേ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായത്‌...

"മിന്നൂന്‌ എന്താ വേണ്ടത്‌..." ഞാന്‍ ചോദിച്ചു.

"അച്ഛ.. എന്നെ എട്ക്ക്‌..."

"ഓ.. ശരി.." ഞാന്‍ മിന്നുവിനെ എടുത്തു.

തുറന്ന് കിടക്കുന്ന ചുമരലമാര ചൂണ്ടിക്കൊണ്ട്‌ മിന്നു...
"നീങ്ങ്‌... നീങ്ങ്‌.."

ഞാന്‍ മിന്നുവിനേയും കൊണ്ട്‌ ചുമരലമാരയുടെ അടുത്തേയ്ക്ക്‌..

"നിക്ക്‌... നിക്ക്‌.."

ഞാന്‍ സ്റ്റോപ്പ്ഡ്‌.

നിമിഷനേരം കൊണ്ട്‌ അലമാരയ്ക്കുള്ളിലെ അവള്‍ക്ക്‌ ഫ്രീ ആക്സസ്സ്‌ അല്ലാതിരുന്ന വാച്ച്‌, സെല്‍ ഫോണ്‍ തുടങ്ങിയ ഐറ്റംസ്‌ കയ്യിട്ട്‌ വാരിയെടുക്കുന്ന നടപടി അവള്‍ പൂര്‍ത്തീകരിച്ചു.

Tuesday, June 19, 2007

ഐസ്‌ ക്രീം

എറണാകുളത്ത്‌ റിവോള്‍വിംഗ്‌ റെസ്റ്റോറാന്റില്‍ പോയി കാശ്‌ കളയാം എന്ന് തീരുമാനിച്ച്‌ ഞാന്‍ ഭാര്യാപുത്രീസമേതനായി കാറില്‍ പോയിക്കൊണ്ടിരിയ്ക്കുന്നു......

എന്റെ നിര്‍ബദ്ധം കൊണ്ടുമാത്രം(വെറുതേ ജാട) നോണ്‍ വെജ്‌ കഴിക്കുമായിരുന്ന എന്റെ ഭാര്യ എന്റെ മനോഗതമറിയാന്‍ വെറുതേ ചോദിച്ചു..

"ഞാന്‍ ഇന്ന് വെജ്‌ ആക്കിയാലോ..??"

ഉടനെ മിന്നു..

"ഞാന്‍ ഇന്ന് ഐക്രീം ആക്ക്യാലോ??"

"ഓ... അങ്ങനെ ആയിക്കോട്ടെ..." ഇതും പറഞ്ഞ്‌ ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

മിന്നുവിന്‌ ആ ചിരി അത്ര ഇഷ്ടമായില്ല... അവള്‍ സീരിയസ്സായി പറഞ്ഞതാണേ...

Monday, June 18, 2007

കാറിന്റെ ചന്തം

നല്ല മഴയുള്ള ഒരു ദിവസം കാറില്‍ യാത്രചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ ഭാര്യ പറഞ്ഞു...

"ഓ... എന്തൊരു മഴയാ?.."

ഉടനെ മിന്നുവിന്റെ വക ഒരു കമന്റ്‌..

"അച്ചേടെ കാറ്‌ ചന്താവട്ടെ..."

"എടീ.. ഇവള്‍ എന്നെ കളിയാക്കിയതാണോ? അങ്ങനെയെങ്കിലും അച്ഛന്റെ കാര്‍ ചന്തമാകട്ടെ എന്ന്..."

എന്റെ ചോദ്യം കേട്ട്‌ ഭാര്യയ്ക്ക്‌ ചിരിപൊട്ടി. കാര്‍ കഴുകുക എന്നത്‌ ഞാന്‍ വളരെ അപൂര്‍വ്വമായി ചെയ്തിരുന്ന ഒരു കാര്യമായിരുന്നു.

Thursday, June 14, 2007

കല്ല്യാണം കഴിഞ്ഞോ?

ഒരു ദിവസം വൈകീട്ട്‌ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മിന്നു വരവേറ്റത്‌ ചിരിച്ചുകൊണ്ടുള്ള ഒരു ചോദ്യമായാണ്‌..

"അച്ചേടെ കല്ല്യാണം കഴിഞ്ഞോ??"

ഇതെന്ത്‌ ചോദ്യം , ഇതെവിടെന്ന് കിട്ടി എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ നില്‍ക്കുമ്പോള്‍ ചോദ്യം എന്റെ ഭാര്യയോടായി..

"അമ്മേടെ കല്ല്യാണം കഴിഞ്ഞോ?"

ഇതിനൊക്കെ ഉത്തരം പറയാന്‍ നിന്നാല്‍ പ്രശ്നമാവും എന്ന് മനസ്സിലാക്കി ഞാന്‍ വീടിന്നുള്ളിലേക്ക്‌ നടക്കുമ്പോള്‍ ഭാര്യ പിറുപിറുക്കുന്ന കേട്ടു..

"അതേ... ദേ ഇപ്പോ കഴിഞ്ഞ്‌ വരുന്ന വഴിയാ..."

മിന്നുവിന്‌ ഉത്തരം ആവശ്യമില്ലാത്തതിനാല്‍ അവളും അമ്മയുടെ പിന്നാലെ പോന്നു.

('ഇതൊക്കെ എവിടെന്ന് കിട്ടുന്നൂ ആവോ... വല്ല ടി.വി. യിലും കാണുന്ന പ്രോഗ്രാമുകളില്‍ നിന്ന് അടിച്ചെടുത്ത്‌ ഇഷ്ടമുള്ള സെന്റന്‍സുകളില്‍ ഫിറ്റ്‌ ചെയ്ത്‌ വിടുന്നതാവും..' ഞങ്ങള്‍ സമാധാനിച്ചു)

Friday, June 8, 2007

സലോല്ല്യ

വൈകുന്നേരങ്ങളില്‍ മിന്നൂസിനേയും കൊണ്ട്‌ അടുത്തുള്ള ചെറിയ പാര്‍ക്കില്‍ പോയി അല്‍പം സമയം ചെലവഴിക്കാന്‍ ഇടയ്ക്കൊക്കെ ഞാനും ഭാര്യയും ശ്രമിക്കാറുണ്ട്‌.

അങ്ങനെ ഒരു ദിവസം പാര്‍ക്കിലേക്ക്‌ പോകാന്‍ കാറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ ആന്റി മിന്നൂസിനോട്‌...

"എവിടേയ്ക്കാ പോകുന്നേ മിന്നൂ..."

"പാക്കിലേക്ക്‌...." മിന്നൂസിന്റെ ഉത്തരം.

"ഞാനും വരട്ടേ...?"

"വേണ്ട..... സലോല്ല്യ..."

"കാറില്‌ സ്ഥലം ഇല്ലേ??" ആന്റി വിടാനുള്ള ഭാവമില്ല.

"പാക്കില്‌ സലോല്ല്യ.."