Tuesday, July 31, 2007

കുന്തവും ചന്തവും

രാത്രി മിന്നുവിനെ ഉറക്കുക എന്നത്‌ അല്‍പം കഠിനമായ ഒരു പരിപാടിയാണ്‌. 11 മണിയായാലും പുള്ളിക്കാരത്തി തന്റെ പുസ്തകവായനയും പാട്ടും കഥയും നിര്‍ത്തുന്ന മട്ടില്ല. ഞാനും ഭാര്യയും ഉറക്കം നടിച്ച്‌ കിടക്കുമ്പോഴും മിന്നു നടുക്കിരുന്ന് തന്റെ കാര്യപരിപാടികളില്‍ മുഴുകിയിരിക്കും.

വെറുതേ പുസ്തകപാരായണമാണെങ്കിലും സഹിക്കാമായിരുന്നു. ഇത്‌, ഇടയ്ക്കിടയ്ക്ക്‌ പുസ്തകത്തിലെ പലതും ചൂണ്ടി "അച്ഛാ.. ഇതെന്താ??" എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിയ്ക്കും.

ഒരു ദിവസം, ഈ ചോദ്യം കുറേ ആയിട്ടും മിന്നു ഉറങ്ങാനുള്ള ലക്ഷണം കാണുന്നില്ല. എനിയ്ക്കാണെങ്കില്‍ ഉറക്കം വന്ന് തുടങ്ങി.

പുസ്തകത്തിലെ എന്തോ ഒന്ന് ചൂണ്ടി മിന്നു ചോദിച്ചു...

"അച്ഛാ.... ഇതെന്താ??"

"അത്‌ കുന്തം..." എന്റെ ഉത്തരം.

"അത്‌ കുന്തല്ലാ... അത്‌ ചന്തം.." മിന്നൂന്റെ മറുപടി.

ഉറക്കം നടിച്ച്‌ കിടന്നിരുന്ന മിന്നൂസിന്റെ അമ്മയുടെ പൊട്ടിച്ചിരി ഞാന്‍ കേട്ടതായി ഭാവിച്ചില്ല.

Wednesday, July 25, 2007

ശമ്പളം

'വനിത' എന്ന പുസ്തകം മിന്നൂസിന്റെ വീക്ക്നസ്‌ ആണ്‌. മിന്നുവിന്റെ അമ്മ പുതിയ വനിത വായിക്കാനെടുത്താല്‍ മിന്നുവിന്‌ അത്‌ തന്നെ കിട്ടണം. പഴയ ഒരെണ്ണം എടുത്ത്‌ കൊടുത്താലൊന്നും പുള്ളിക്കാരത്തിക്ക്‌ ഇഷ്ടപ്പെടില്ല. അതിന്‌ ഞങ്ങള്‍ കണ്ടുപിടിച്ച ഒരു വഴി എന്താണെന്ന് വച്ചാല്‍ പുതിയ വനിത താല്‍പര്യമില്ലാത്ത പോലെ അവിടെ വച്ചിട്ട്‌ പഴയ വനിത വായിക്കുന്നതായി നടിക്കും. അപ്പോള്‍ മിന്നു നമ്മള്‍ വായിക്കുന്ന വനിത മതിയെന്ന് പറഞ്ഞ്‌ വാങ്ങിക്കും.

പക്ഷെ, ഈ പ്രക്രിയ അധികം നീണ്ടുപോയില്ല. പുതിയത്‌ ഏതെന്ന് തിരിച്ചറിയാനുള്ള എന്തോ ഒരു ടെക്നിക്ക്‌ മിന്നു ഇപ്പോ പഠിച്ചിട്ടുണ്ട്‌.

അങ്ങനെ, ഈ പുസ്തകത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണുന്ന ഓരോന്നിനെക്കുറിച്ചും ചില കമന്റുകളും കഥകളും പാട്ടുകളുമായി മുന്നേറുമ്പോള്‍ അതില്‍ കാണുന്ന ചില വളകള്‍, ചുരിദാറുകള്‍, സാരികള്‍ എന്നിവയെ ചൂണ്ടി മിന്നു പറയും...

"ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"ഓ... അങ്ങനെ ആയിക്കോട്ടെ.." എന്ന് മിന്നുവിന്റെ അമ്മയും പറയും...

കുറേ നാളായി ഈ ശമ്പളം കിട്ടുമ്പോള്‍ വാങ്ങിത്തരാമെന്ന വാഗ്ദാനം തുടങ്ങിയിട്ട്‌. ഇന്നലെയും ഇതേ ഡയലോഗ്‌

"ഈ ചുരിദാറ്‌ ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"മിന്നൂ... ആര്‍ക്ക്‌ ശമ്പളം കിട്ടുമ്പോ??" ഞാന്‍ ചോദിച്ചു.

"അമ്മച്ച്‌..."

യാതൊരു ഭാവമാറ്റവുമില്ലാതെ പുസ്തകത്തില്‍ നിന്ന് മുഖമെടുക്കാതെയുള്ള മറുപടി...

അങ്ങനെ ആ സംശയം തീര്‍ന്നു.

Wednesday, July 18, 2007

പ്ലേ സ്കൂള്‍

ഇന്ന് മിന്നൂസിനെ അടുത്തുള്ള പ്ലേ സ്കൂളില്‍ ചേര്‍ത്ത ദിനം...

ഇന്നലെ തന്നെ പുതിയ ഉടുപ്പും ബാഗും ടിഫിന്‍ ബോക്സും കിട്ടിയതിന്റെ ത്രില്ലില്‍ രാത്രി തന്നെ സ്കൂളില്‍ പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു കക്ഷി.

മിന്നുവിന്റെ അമ്മയ്ക്ക്‌ മിന്നു കരയുന്നത്‌ കാണാനുള്ള ശേഷിയില്ല എന്ന കാരണത്താല്‍ ആ ചുമതല ഞാന്‍ ഏറ്റെടുത്തു. അതിന്റെ പേരില്‍ കിടക്കട്ടെ ഒരു ഹാഫ്‌ ഡേ ലീവ്‌...

കുളിപ്പിച്ച്‌ റെഡിയാക്കി ബാഗുമായി മിന്നൂസിനെ പ്ലേ സ്കൂളില്‍ കൊണ്ട്‌ ചെന്നു. അവിടെയുള്ള സ്വീകരണക്കമ്മിറ്റിയിലെ മിസ്സ്‌ മാരെയും ആന്റിമാരെയും നോക്കി പുഞ്ചിരി തൂകുന്നതല്ലാതെ മിന്നു എന്നെ വിട്ട്‌ താഴെ ഇറങ്ങുന്നില്ല. അതിന്നിടയില്‍ കുട്ടികളെ കൊണ്ട്‌ വിടുന്നതും കരച്ചിലുകളും സ്നേഹപ്രകടനങ്ങളും എല്ലാം കണ്ട്‌ മനസ്സിലാക്കി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നു പതുക്കെ ഒരു മിസ്സിന്റെ കൂടെ അകത്തേക്ക്‌ പോയി. ഈ അവസരം മുതലാക്കി ഞാന്‍ അല്‍പം മാറി നിന്നു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നൂസിന്റെ കരച്ചില്‍....

"എന്റെ അച്ചേ കാണാനില്ലാ......."

ഞാന്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു.

"ഇത്‌ സാരമാക്കേണ്ട... രണ്ട്‌ ദിവസത്തിനുള്ളില്‍ ശരിയാകും.." ഒരു മിസ്സ്‌ പറഞ്ഞു.

"കരച്ചില്‍ നിര്‍ത്തുന്നിലെങ്കില്‍ ഇങ്ങ്‌ കൊണ്ടുവന്നോളൂ.. ഞാന്‍ പറഞ്ഞ്‌ മനസ്സിലാക്കാന്‍ നോക്കം.." ഞാന്‍ പറഞ്ഞു.

അവര്‍ മിന്നുവിനെ എന്റെ അടുത്തേയ്ക്ക്‌ കൊണ്ടുവന്നു. കരച്ചില്‍ സാവധാനം ശമിച്ചു.

പിന്നെ, ഞാനും മിന്നുവും ഒരുമിച്ച്‌ പ്ലെ സ്കൂളില്‍ .... കുട്ടികളുടെ കളികളും വര്‍ത്തമാനങ്ങളും ചെറിയ വഴക്കുകളും കോമ്പ്രമൈസുകളും ഭാവാഭിനയങ്ങളും എല്ലാം കണ്ട്‌ ചിരിയടക്കാനാകാതെ 2 മണിക്കൂറോളം അവിടെ കുട്ടികളോടൊപ്പം ....

ഇടയ്ക്ക്‌ മിന്നൂസ്‌ ചില കുട്ടികളോട്‌ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്‌..

"എന്താ പേര്‌ ?? " അമ്മ എവിടെ???" എന്നൊക്കെ മിന്നുവിന്റെ ചോദ്യങ്ങള്‍ക്കിടയില്‍ "മിന്നൂന്റെ പേര്‌ മിന്നു.." എന്നും കേട്ടു.

അവിടെ നിന്ന് മുങ്ങാന്‍ മിന്നു എന്നെ സമ്മതിച്ചില്ല....

ഒടുവില്‍ ഉച്ചയ്ക്ക്‌ പോരാന്‍ തുടങ്ങുമ്പോള്‍ 'എല്ലാവരോടും പറഞ്ഞിട്ട്‌ വാ മിന്നൂ' എന്ന് ഞാന്‍ പറയേണ്ട താമസം... മിന്നു എല്ലാവരോടും നടന്ന് യാത്ര പറയുന്നു.

"മിന്നു പൂവാണ്‌.... നാളെ വരാം..."

ഈ യാത്ര പറയല്‍ അവള്‍ക്ക്‌ ഒരുവിധം ബോധിച്ച ചില കുട്ടികളോടും മിസ്സ്‌ മാരോടും... ഒരു മിസ്സിന്‌ ഒരു ഉമ്മയും....

അവിടെ നിന്ന് ഇറങ്ങുമ്പോള്‍ വളരെ ഉല്ലാസത്തോടെ പറയുന്ന കേട്ടു..

"മിന്നു നാളെ വരാം...." ("അച്ഛനേം കൂട്ടി'" എന്ന് അവള്‍ ആത്മഗതം പറഞ്ഞു കാണുമെന്ന് ഞാന്‍ ഊഹിച്ചു.

Sunday, July 15, 2007

ചൂട്ടച്ച്‌ പോവില്ല്യേ?

ഓഫീസ്‌ നിന്ന് വീട്ടിലെത്തി ഞാനെങ്ങാന്‍ ടി.വി. ന്യൂസ്‌ കാണാന്‍ ഇരുന്നാല്‍ ഉടന്‍ മിന്നൂസ്‌ തുടങ്ങും..

"ഇടി കൂടാം... സൂര്യോദയം ചേട്ടാ ഇടി കൂടാം"
('സൂര്യോദയം', 'സൂര്യോദയം ചേട്ടാ', 'അച്ഛാ' എന്നൊക്കെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച്‌ വിളിയ്ക്കുകയാണ്‌ പതിവ്‌)

ഒടുവില്‍ ടി.വി. വോള്യം കൂട്ടി വച്ച്‌ മിന്നൂസിന്റെ പിന്നാലെ പോകുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ പുള്ളിക്കാരത്തി ഇടയും... ഇടഞ്ഞാല്‍ വല്ല്യ പ്രശ്നമാണ്‌...

"അച്ഛനെ എനിച്ച്‌ വേണ്ട... അച്ഛന്‍ പോടാ.. എനിച്ച്‌ ആരൂല്ല്യാ..." തുടങ്ങിയ വായില്‍ ഒതുങ്ങാത്ത ടൈപ്പ്‌ ഡയലോഗുകള്‍ റിലീസാവും....

അങ്ങനെ മിന്നുവിനോടൊപ്പം അഭ്യാസപ്രകടനത്തിനിടയില്‍ മുഖത്ത്‌ രണ്ട്‌ മൂന്ന് ഭാഗത്തായി ഒരു നീറല്‍ അനുഭവപ്പെട്ടപ്പോളാണ്‌ ഞാനൊരുകാര്യം ശ്രദ്ധിച്ചത്‌. നല്ല മൂര്‍ച്ചയുള്ള നഖം... അത്‌ വച്ച്‌ സ്നേഹപ്രകടനം നടത്തുന്നതിനിടയില്‍ നഖക്ഷതങ്ങള്‍ പതിഞ്ഞ്‌ ചോര പൊടിഞ്ഞിരിയ്ക്കുന്നു.

"എടീ ഭാര്യേ... ഇവളുടെ നഖം വളര്‍ന്നിരിയ്ക്കുന്നു. ഇന്ന് ഉറങ്ങുമ്പോള്‍ അങ്ങ്‌ കാച്ചിയേക്ക്‌.."
ഞാന്‍ വിളിച്ചുപറഞ്ഞു.

പെട്ടെന്ന് മിന്നു മുഖമുയര്‍ത്തി പുരികം വളച്ച്‌ എന്നെ നോക്കി ഒരു ചോദ്യം..

"ചൂട്ടച്ച്‌ പോവില്ല്യേ..??"

"എന്ത്‌... ചൂട്ടച്ചോ??" ഞാന്‍ തിരിച്ച്‌ ചോദിച്ചു.

"ങാ... അമ്മ കയ്യിലിട്ട്‌ തന്ന ചൂട്ടച്ച്‌ പോവില്ല്യേ..???"

(ക്യൂട്ടക്സ്‌ അഥവാ നെയില്‍ പോളിഷ്‌ എന്ന സാധനം മിന്നൂസിന്റെ നിഘണ്ടുവില്‍ 'ചൂട്ടച്ച്‌' എന്നേ ആയിട്ടുള്ളൂ... അപ്ഗ്രേഡ്‌ ചെയ്യുമായിരിയ്ക്കും)

Tuesday, July 10, 2007

വേണ്ടാല്ലേ??

പാര്‍ക്കിലേക്ക്‌ പോകുന്ന വഴിയില്‍ ഒരു ചെറിയ പലചരക്ക്‌ കടയുണ്ട്‌. മിന്നൂസിന്റെ അമ്മയും അമ്മൂമ്മയും മുത്തച്ഛനും ആ വഴി പോകുമ്പോള്‍ ഇടയ്ക്ക്‌ മിന്നൂസിന്റെ ഫേവറൈറ്റ്‌ മിഠായിയായ 'മഞ്ച്‌' വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.

ഇതറിഞ്ഞ്‌ 'ഇതൊരു ശീലമായി മാറുമോ' എന്ന സന്ദേഹം എനിയ്ക്കുണ്ടായതിനാല്‍ മിന്നുവിനെ നല്ല ബുദ്ധി ഉപദേശിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ("ഓ.. അച്ഛന്‍ പറഞ്ഞാലല്ലേ മോള്‌ അനുസരിയ്കൂ... " എന്ന ഭാര്യയുടെ വെല്ലുവിളിയും ഒരു കാരണമാണ്‌)

"എന്നും മഞ്ച്‌ മിഠായി തിന്നരുത്‌ ട്ടോ... പല്ല് കേടുവരില്ലേ.... " എന്നൊക്കെയുള്ള നമ്പറുകള്‍ക്ക്‌ വല്ല്യ സ്വീകരണമോ പ്രതികരണമോ ലഭിക്കാതായപ്പോള്‍ ഞാന്‍ അടുത്ത നമ്പറിട്ടു...

"മഞ്ച്‌ ചോദിക്കില്ലെങ്കിലേ ഇനി പാര്‍ക്കില്‍ കൊണ്ടുപോകൂ.... മഞ്ച്‌ ചോദിക്കുമോ??"

"ഇല്ല... " എന്ന് മനസ്സില്ലാ മനസ്സോടെയും "പാക്കില്‍ പോവാം.." എന്ന് വന്‍ ഉത്സാഹത്തോടെയും ഉത്തരം കിട്ടി.

അങ്ങനെ പാര്‍ക്കില്‍ പോകുന്ന വഴി ആ കടയെത്തിയപ്പോള്‍ മിന്നു ഒരു കള്ളച്ചിരി മാത്രം ചിരിച്ചു. (സാധാരണ തിരിച്ച്‌ വരുമ്പോഴാണല്ലോ കിട്ടാറ്‌...)

തിരിച്ച്‌ വരുന്നവഴി ആ കട ക്രോസ്സ്‌ ചെയ്തതും മിന്നു എന്നോട്‌ ഒരു ചോദ്യം..

"മിന്നൂന്‌ മഞ്ച്‌ വേണ്ടാല്ലേ???"

"ഹോ... ഇവളെന്തൊരു ഡീസന്റ്‌" എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ പറഞ്ഞു...

"ങാ... മിന്നൂസിന്‌ വേണ്ടാല്ലേ??... ഗുഡ്‌ ഗേര്‍ള്‍.."

ഉടനെ മിന്നു വീണ്ടും അതേ ഡയലോഗ്‌... പക്ഷേ, ഇത്തവണ പരിഭവവും സങ്കടവും പരസ്പരം പോരടിച്ച്‌ നില്‍ക്കുന്ന ടോണ്‍ ..

"ഹും... മിന്നൂന്‌ മഞ്ച്‌ വേണ്ടാല്ലേ???"

പതുക്കെ മുഖത്ത്‌ വിഷാദത്തിന്‍ കാര്‍മേഘം പരക്കുന്നതും അത്‌ ജലകണികകളാകാനുള്ള സാഹചര്യവും വളരെ ക്ലിയര്‍.....

ഇത്രയുമായപ്പോഴെയ്ക്കും ഇതിന്‌ ദൃക്‌സാക്ഷിയായ എന്റെ ഭാര്യ ആ കട ലക്ഷ്യമാക്കി തിരിച്ച്‌ നടന്ന് തുടങ്ങിയിരുന്നു....

"അത്‌ ശരി.... ഇങ്ങനേയും ചോദിക്കാം അല്ലേ.." എന്ന് പറഞ്ഞുകൊണ്ട്‌ മിന്നൂസിനേയും കൊണ്ട്‌ പുറകേ ഞാനും....

Tuesday, July 3, 2007

ആരാ പൊട്ടിച്ചേ???

മിന്നുവുമൊന്നിച്ച്‌ ഒരു ട്രെയിന്‍ യാത്ര.....

ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ അപ്പുറത്തെ പാളത്തില്‍ ഒരു ഗുഡ്സ്‌ ട്രെയിന്റെ ഒരു ഭാഗം മാത്രം കിടക്കുന്നു.

ഇതു കണ്ട്‌ മിന്നുവിന്റെ ചോദ്യം..

"അച്ഛാ.... അച്ഛാ... കു കൂ വണ്ടി പൊട്ടിപ്പോയി..."

ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്‌.. അങ്ങനേയും പറയാം....

ഉടനെ അടുത്ത ചോദ്യം..

"ആരാ പൊട്ടിച്ചേ....???"

"അത്‌.... ഒരു മാമന്‍ പൊട്ടിച്ചതാണ്‌... ഇപ്പോ ശരിയാക്കും ട്ടോ..." ഞാന്‍ ആശ്വസിപ്പിച്ചു.

"എന്തിനാ പൊട്ടിച്ചേ???..." മിന്നു വിടാനുള്ള ഭാവമില്ല...

"അത്‌.... അത്‌... ജബ ജബ...... ദേ മോള്‌ അങ്ങോട്ട്‌ നോക്കിയേ... അതു കണ്ടോ...."

Sunday, July 1, 2007

എങ്ങനെ നോക്കും?

മിന്നു എന്തൊക്കെയോ കളി സാധനങ്ങള്‍ പെറുക്കിക്കൂട്ടി കളിച്ചുകൊണ്ടിരിയ്ക്കുന്നു...

എന്റെ ഭാര്യ ഒരു പനിയുടെ ലക്ഷണം പറഞ്ഞപ്പോള്‍ ഒരു ഗുളിക കഴിയ്ക്കാന്‍ ഞാന്‍ പറഞ്ഞു...

മിന്നു കളിയ്ക്കിടയില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി...

ഇത്‌ കണ്ട്‌ മോളുടെ സഹതാപം വാങ്ങിക്കളയാം എന്ന വ്യാമോഹത്തോടെ ഭാര്യ ചോദിച്ചു...

"അമ്മയ്ക്ക്‌ അസുഖം വന്നാല്‍ മിന്നു നോക്ക്വോടാ...???"

"നോക്കും...." മിന്നുവിന്റെ മറുപടി...

"എങ്ങനെ നോക്കും???" ഭാര്യ വീണ്ടും...

മിന്നു രണ്ടുകണ്ണുകളും വിടര്‍ത്തി അവളുടെ അമ്മയുടെ മുഖത്തോട്‌ അവളുടെ മുഖം അടുപ്പിച്ച്‌ വച്ചിട്ട്‌...

"ഇങ്ങനെ നോക്കും....."