Wednesday, August 5, 2009

മിന്നുരാമായണം

സ്കൂളില്‍നിന്ന് കിട്ടിയ രാമായണം വിജ്ഞാനം മിന്നു ഒരു കഥയായി പറഞ്ഞ്‌ തന്നത്‌ താഴെ കൊടുക്കുന്നു.

രാമനും സീതേം ലഷ്മണനും കാട്ടില്‌ പോയി. പത്ത്‌ തലയുള്ള രാക്ഷസന്‍... രാവണന്‍ വന്ന് സീതേ പിടിച്ചോണ്ട്‌ പോയി... കൊല്ലാനാണ്‌ പിടിച്ചോണ്ട്‌ പോയതേ....

ഹനുമാന്‍ വന്നു... വയസ്സായ ഒരു ഹനുമാനെ കണ്ടു. കടലിണ്റ്റെ അപ്പുറത്തേയ്ക്ക്‌ പോകാന്‍ പറഞ്ഞപ്പോ 'ഞാന്‍ ചെറുതല്ലേ... ഞാന്‍ കാല്‌ വച്ചാല്‍ കടലില്‌ കാല്‌ പെട്ട്‌ പോകില്ലേ?' എന്ന് പറഞ്ഞു. അപ്പോ വയസ്സായ ഹനുമാന്‍ പറഞ്ഞു 'നീ പണ്ട്‌ വലുതായത്‌ ഒാര്‍മ്മയില്ലേ?' ന്ന്...

'ഞാന്‍ ഓര്‍ത്ത്‌ നോക്കട്ടെ... ങാ.. ശരിയാണല്ലോ' എന്ന് പറഞ്ഞ്‌ ഹനുമാന്‍ പ്രാര്‍ത്ഥിച്ചു.. 'ഞാന്‍ ടോള്‍ ആവട്ടേ..' ന്ന്. അപ്പോ ഹനുമാന്‍ ടോള്‍ ആയി. എന്നിട്ട്‌ കാല്‌ വച്ച്‌ കടന്നു... പറന്നു പോയി...

സീതേ മരത്തിണ്റ്റെ അടിയില്‌ ഇരുത്തീക്കാണേയ്‌... നിറയേ രാക്ഷസിമാര്‌ അവിടെണ്ടേയ്‌... ഹനുമാന്‍ ഉറുമ്പിണ്റ്റെ പോലെ ചെറുതായീട്ട്‌ സീതേടെ അടുത്ത്‌ ചെന്നിട്ട്‌ 'ദേ.. മോതിരം നോക്കിയേ...' എന്ന് പറഞ്ഞ്‌ കാണിച്ചുകൊടുത്തു. ഹനുമാനെ പിടിച്ച്‌ കെട്ടിയിട്ടു... എന്നിട്ട്‌ വാലില്‍ തുണിയൊക്കെ ചുറ്റിയിട്ട്‌ തീ കൊടുത്തു. ഹനുമാന്‍ എല്ലായിടത്തും പോയി ഇരുന്നു.. എല്ലായിടത്തും തീി പിടിച്ചു.. 'അയ്യോ അയ്യോ.. എന്ന് പറഞ്ഞ്‌ രാക്ഷസന്‍മാരൊക്കെ ഒാടി.. എല്ലാവരേം യുദ്ധം ചെയ്ത്‌ കൊന്നു.. എന്നിട്ട്‌ സീതേം കൊണ്ട്‌ ഒാടിപ്പ്പോയി... എന്നിട്ട്‌ കല്ല്യാണം കഴിച്ചു.

Tuesday, July 28, 2009

ചക്കമുളഞ്ഞി

ഒരു ചക്ക രണ്ടായി മുറിച്ച്‌ മുറ്റത്ത്‌ വച്ചിരിക്കുന്നു.

മിന്നൂസ്‌ ചക്കയിലേയ്ക്ക്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി. എന്നിട്ട്‌ ഒരു ചോദ്യം....

"അച്ഛാ അച്ഛാ... ചക്കയ്ക്ക്‌ ജലദോഷം ആണോ? മൂക്ക്‌ ഒലിക്കുന്നുണ്ടല്ലോ?"

('അങ്ങനെ പറഞ്ഞാലും ശരിയാണല്ലോ... അല്ലേ?... ആവോ?.. ഹോ.. എന്തെങ്കിലുമാകട്ടെ' എന്നൊക്കെ മനസ്സില്‍ പറഞ്ഞ്‌ കണ്‍ഫ്യൂഷനടിക്കയല്ലാതെ വേറെ വഴിയുണ്ടോ?)

Thursday, July 23, 2009

മിടുക്കിന്റെ ടെന്‍ഷന്‍

മിന്നൂസ്‌ സ്കൂളില്‍ നിന്നെത്തി ബാഗും കുടയും എല്ലം സെറ്റിയിലേയ്ക്കിട്ട്‌ പതിവ്‌ വിവരണങ്ങള്‍ തുടങ്ങി.

"അമ്മേ.. ഇന്നെന്നെ മിസ്സ്‌ മിസ്സിന്റെ അടുത്ത്‌ കൊണ്ട്‌ നിര്‍ത്തി.."

"അതെന്താ? എന്തിനാ മിസ്സിന്റെ അടുത്ത്‌ നിര്‍ത്തിയേ..?"

"ഞാന്‍ കുട്ടികളുടെ അടുത്ത്‌ പോയി വര്‍ത്തമാനം പറഞ്ഞിട്ട്‌.."

"അയ്യോ.. മിന്നൂസേ.. അങ്ങനെ ക്ലാസ്സില്‍ വര്‍ത്തമാനം പറയാന്‍ പാടില്ല... മിടുക്കി കുട്ടികള്‍ അങ്ങനെ ചെയ്യില്ല.." അമ്മയുടെ ഉപദേശം.

"പിന്നേ... എനിയ്ക്ക്‌ വര്‍ത്താനം പറയേണ്ടേ?...." മിന്നൂസിന്‌ ദേഷ്യം വന്നു, ഒരല്‍പ്പം കരച്ചിലും...

"മിന്നൂസ്‌ മിടുക്കിയായതുകൊണ്ടാണ്‌ കുട്ടികളോട്‌ വര്‍ത്തമാനം പറയുന്നത്‌... അതുകൊണ്ടാണ്‌ മിസ്സ്‌ അടുത്ത്‌ കൊണ്ട്‌ നിര്‍ത്തിയത്‌..." തല്‍ക്കാലം ഒന്ന് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ എന്റെ ശ്രമം.

"അല്ലാ... ഞാന്‍ മിടുക്കി ആയതുകൊണ്ടല്ലാ മിസ്സ്‌ എന്നെ അവിടെ നിര്‍ത്തിയത്‌..." മിന്നൂസ്‌ എന്റെ നേരെ ദേഷ്യപ്പെടുകയും കരച്ചില്‍ തുടരുകയും ചെയ്തു.

"കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കാതെ വെറുതേ സപ്പോര്‍ട്ട്‌ ചെയ്ത്‌ കൂടുതല്‍ വഷളാക്കാനായി ഒരു അച്ഛന്‍" അമ്മയുടെ വക എനിയ്ക്കിട്ട്‌ ഒരു കുത്ത്‌.

"ഓ... കുട്ടികളായാല്‍ അതൊക്കെയുണ്ടാകും.. " എന്ന് പതിവ്‌ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ ഞാന്‍ സ്ഥലം കാലിയാക്കുമ്പോഴും മിന്നൂസിന്റെ അമ്മയും മിന്നൂസും തെറ്റും ശരിയും മിടുക്കും തമ്മിലുള്ള ഇക്വേഷന്‍സ്‌ ശരിയാക്കാനുള്ള കഠിനപ്രയത്നം തുടരുന്നുണ്ടായിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ അതേ പശ്ചാത്തലത്തിലുള്ള മറ്റൊരു സീന്‍

"അമ്മേ... മിസ്സ്‌ ഇന്നെന്നെ വേറെ സീറ്റില്‍ കൊണ്ടിരുത്തി..."

"ങേ... അതെന്താ? " അമ്മയുടെ പതിവ്‌ ടെന്‍ഷന്‍.

"ഞാന്‍ കാതറിനോട്‌ വര്‍ത്തമാനം പറഞ്ഞിട്ട്‌..."

(ആ കഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു)

Tuesday, June 30, 2009

ലീഡര്‍

ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞെത്തിയ മിന്നൂസ്‌ പതിവുപോലെ അന്നത്തെ വിശേഷങ്ങള്‍ നിരത്തി.

"അച്ഛാ... സുഗീപ്തയെ ലീഡറാക്കി..."

"ഉവ്വോ..."

"അതെന്താ മിന്നൂസിനെ ലീഡര്‍ ആക്കാഞ്ഞത്‌?" മിന്നൂസിന്റെ അമ്മയുടെ അന്വേഷണം.

"പിന്നേയ്‌... എല്ലാവരേം ഒന്നും ലീഡറാക്കില്ലാ..."

"പിന്നെ?"

"അതേയ്‌... നല്ല മിടുക്കി കുട്ടികളെയാണ്‌ ലീഡറാക്കാ.."

"അപ്പോ മിന്നൂസ്‌ മിടുക്കി കുട്ടിയല്ലേ? മിന്നൂസിന്‌ ലീഡറാവണ്ടേ?" അമ്മയ്ക്ക്‌ ആവലാതി തീരുന്നില്ല.

"ങാ.. കുറച്ച്‌ ദിവസം കഴിഞ്ഞാല്‍ ആവും.." മിന്നൂസിന്റെ മറുപടി.

(കുറച്ച്‌ ദിവസം കഴിയുമ്പോഴേയ്ക്കു മിടുക്കി ആവുമെന്നാണോ അതോ അപ്പോഴേയ്ക്കും ഗ്രൂപ്പുണ്ടാക്കി ലീഡര്‍ ആവുമെന്നാണോ ... ആരു കണ്ടു?)

Monday, June 1, 2009

പഠിച്ച്‌ പഠിച്ച്‌...

പുതിയ സ്കൂളില്‍ L.K.G യില്‍ ചേര്‍ന്നതിനാല്‍ വെക്കേഷന്‍ സമയങ്ങളില്‍ മിന്നൂസിനെ ഇടയ്ക്കിടയ്ക്ക്‌ പുതിയ സ്കൂളില്‍ പോകുന്നതിനുള്ള പ്രോല്‍സാഹനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കലായിരുന്നു മിന്നൂസിന്റെ അമ്മയുടെ പ്രധാന പരിപാടി.

പുതിയ ബാഗും, കുടയും, യൂര്‍ണിഫോമും, ഷൂവുമൊക്കെയായി മിന്നൂസും വലിയ ഉത്സാഹത്തില്‍ തന്നെ.

ക്ലാസ്സ്‌ ആരംഭിക്കുന്നതിനുമുന്‍പ്‌ മെയ്‌ 30 ന്‌ രക്ഷകര്‍ത്താക്കള്‍ കുട്ടിയുമായി സ്കൂളില്‍ ചെല്ലുകയും അവിടെ പഠനരീതികളും മറ്റ്‌ ബന്ധപ്പെട്ട വിഷയങ്ങളും അദ്ധ്യാപകരും മറ്റും ഡെമോണ്‍സ്റ്റ്രേഷനുകളിലൂടെയും വിശദീകരണങ്ങളിലൂടെയും അറിയിക്കുകയും ചെയ്തു. അത്‌ കണ്ടും കേട്ടും കഴിഞ്ഞപ്പോള്‍ ഞാനും മിന്നൂസിന്റെ അമ്മയും ഒരു തീരുമാനമെടുത്തു.
"ഇനി മിന്നൂസ്‌ സ്കൂളില്‍ പറയുന്ന പോലെ പഠിച്ചോളൂ ട്ടോ...".
കാരണം, നമുക്ക്‌ പിടിപാടില്ലാത്ത ചില നൂതന രീതികളും ശൈലികളുമായതിനാല്‍ നമ്മള്‍ പഠിപ്പിച്ച്‌ വെറുതേ കുട്ടിയെ ചീത്തയാക്കണ്ടല്ലോ എന്നൊരു തോന്നല്‍..

"മിന്നൂസ്‌ പ്രീ കെജിയില്‍ നിന്ന് LKG യിലേയ്ക്ക്‌ വല്ല്യ കുട്ടിയായിട്ട്‌ ചേരാന്‍ പോകാണ്‌.." മിന്നൂസിനെ LKG യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ അമ്മയുടെ ശ്രമം.

"അല്ല അല്ല... ഞാന്‍ പ്രീകെജീ യും UKG യും കഴിഞ്ഞിട്ടാ പുതിയ സ്കൂളില്‍ LKG പഠിക്കാന്‍ പോണത്‌.." മിന്നൂസിന്റെ തിരുത്തല്‍..

(വളരെ ന്യായം.. കഴിഞ്ഞ സ്കൂളില്‍ പ്രീ കെജി ക്ലാസ്സിലാണ്‌ ചേര്‍ത്തിരുന്നതെങ്കിലും ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ UKG ക്ലാസ്സില്‍ വരെ അതിക്രമിച്ചുകയറിയിരുന്ന സംഗതി നമുക്കും അറിയാവുന്നതാണല്ലോ..)

"പഠിച്ച്‌ പഠിച്ച്‌ മിടുക്കി ആവണം ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഉപദേശം.

"ങാ..." മിന്നൂസ്‌ സമ്മതിച്ചു.

"പഠിച്ച്‌ പഠിച്ച്‌ ആരാവാനാ മിന്നൂസിന്‌ ആഗ്രഹം?"

"എനിച്ച്‌ പഠിച്ച്‌ പഠിച്ച്‌ ചേച്ചിയാവണം.."

"എന്നാ പിന്നെ.. അങ്ങനെ ആവട്ടേ ല്ലേ...?" ഞാന്‍ മിന്നൂസിന്റെ അമ്മയെ നോക്കി.

Monday, April 6, 2009

പാരയായ ഉപദേശം

കുട്ടികളില്‍ അനുസരണാശീലം വളര്‍ത്തേണ്ടത്‌ രക്ഷകര്‍ത്താക്കളുടെ കടമയാകുന്നു എന്തുകൊണ്ടെന്നാല്‍ നമ്മള്‍ പറയുന്നത്‌ വല്ലതും അനുസരിച്ചാലല്ലേ നമുക്ക്‌ ഒന്ന് സുഖിച്ച്‌ കഴിയാന്‍ പറ്റൂ...

മിന്നൂസില്‍ അനുസരണാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി പലപ്പോഴും മിന്നൂസിന്റെ അമ്മ ഉപദേശങ്ങള്‍ സ്നേഹം, ഗാംഭീര്യം, ദേഷ്യം തുടങ്ങിയ ഭാവാവിഷ്കാരങ്ങളോടെ നല്‍കിവരാറുണ്ട്‌.

മിന്നൂസ്‌ എന്തോ വരച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ കയ്യില്‍ നിന്ന് പെന്‍സില്‍ താഴെ വീണു. മിന്നൂസ്‌ ഉടനെ അമ്മയെ വിളിച്ച്‌ അത്‌ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

കിട്ടിയ അവസരം മുതലാക്കി മിന്നൂസിന്റെ അമ്മ താഴെ വീണ പെന്‍സില്‍ എടുത്തുകൊടുക്കുന്നതിനുപകരം ഒരു കെട്ട്‌ ഉപദേശം അങ്ങ്‌ കൊടുത്തു.

"മിന്നൂ... കുട്ടികളായാല്‍ മടി പാടില്ല. മിന്നൂസിന്റെ കയ്യില്‍ നിന്നല്ലേ അത്‌ താഴെ വീണത്‌.... അവനവന്റെ കയ്യില്‍ നിന്ന് വീണത്‌ അവനവന്‍ തന്നെ എടുക്കണം.. മറ്റുള്ളവരെ വിളിച്ച്‌ അവരെക്കൊണ്ട്‌ എടുപ്പിക്കാതെ മിന്നൂസ്‌ തന്നെ അത്‌ എടുക്കേണ്ടേ?... അങ്ങനെയല്ലേ നല്ല മിടുക്കി കുട്ടികള്‍?... അത്‌ മിന്നൂസ്‌ തന്നെ എടുക്കൂ..."

ആ ഉപദേശത്തിന്റെ റിസല്‍ട്ട്‌ ആ സാഹചര്യത്തില്‍ എന്തായി എന്നറിയില്ല... പക്ഷേ, പിന്നീടൊരു ദിവസം.......

മിന്നൂസിന്റെ അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു പേപ്പര്‍ കാറ്റില്‍ പറന്ന് ഒരല്‍പം അകലെ വീണു. എഴുതുന്ന തിരക്കില്‍ അത്‌ ചെന്ന് എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ മിന്നൂസിന്റെ അമ്മ "മിന്നൂസേ.. ആ പേപ്പര്‍ അമ്മയ്ക്ക്‌ ഒന്ന് എടുത്തു താടാ..." എന്നൊരു റിക്വസ്റ്റ്‌ ...

സ്നേഹനിധിയായ മിന്നൂസ്‌ ആ ഊഷ്മളമായ റിക്വസ്റ്റില്‍ ഒന്ന് അലിഞ്ഞ്‌ ആ പേപ്പര്‍ എടുത്ത്‌ അമ്മയുടെ അടുത്തേയ്ക്ക്‌ ചെന്നു. പെട്ടെന്നാണ്‌ മിന്നൂസിന്‌ അമ്മയുടെ ഉപദേശം ഓര്‍മ്മ വന്നത്‌...

"അതേയ്‌... അമ്മയല്ലേ പറഞ്ഞത്‌ അവനവന്റെ കയ്യില്‍ നിന്ന് വീണുപോയത്‌ അവനവന്‍ തന്നെ എടുക്കണം ന്ന്...."

ഇത്രയും പറഞ്ഞ്‌ കയ്യിലുള്ള പേപ്പറിനെ അല്‍പം ദൂരത്തേയ്ക്ക്‌ നീക്കി നിലത്തിട്ടിട്ട്‌ മിന്നൂസ്‌ ബാക്കി തുടര്‍ന്നു.. "അമ്മ ഇട്ടത്‌ അമ്മ തന്നെ പോയി വേണെങ്കില്‌ എടുക്ക്‌..."

Tuesday, March 31, 2009

'മിസ്റ്റര്‍ ബീന്‍' എഫ്ഫക്റ്റ്‌

കുറച്ചുനാളായി 'ടോം ആന്‍ഡ്‌ ജെറി' കൂടാതെ 'മിസ്റ്റര്‍ ബീനും' മിന്നൂസിന്റെ ഫേവറേറ്റ്‌ പരിപാടിയില്‍ ഇടം പിടിച്ചിട്ടുണ്ട്‌. എന്റെ വാര്‍ത്ത കാണല്‍ താല്‍പര്യങ്ങളെ വീറ്റോ ചെയ്തുകൊണ്ടുള്ള ഈ കാര്‍ട്ടൂണ്‍ ചാനലുകളുടെ വിളയാട്ടം ഉടനടി നിര്‍ത്തലാക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. നടപ്പിലാക്കുന്ന കാര്യം മിന്നൂസും മിന്നൂസിന്റെ സപ്പോര്‍ട്ടിംഗ്‌ ആക്റ്ററായ മിന്നൂസിന്റെ അമ്മയും ഏകദേശ ധാരണയിലായിട്ടുണ്ട്‌. അതായത്‌, കാര്‍ട്ടൂണ്‍ പരിപാടിയുടെ സമയം ചുരുക്കി ചിട്ടപ്പെടുത്തി നമുക്ക്‌ കൂടി ഈ മുന്നണി സംവിധാനത്തില്‍ അല്‍പസമയം വാര്‍ത്തകള്‍ക്കും മറ്റ്‌ പരിപാടികള്‍ക്കുമായി അനുവദിച്ച്‌ തരാമെന്ന ഒരു സമ്മതസൂചന.

മിന്നൂസിന്റെ പ്രവര്‍ത്തികളിലും ചില ആക്‌ ഷനുകളിലും മിസ്റ്റര്‍ ബീന്‍ സ്വാധീനിക്കുന്നുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്‌.

രണ്ട്‌ ദിവസം മുന്‍പ്‌, കളിക്കുടുക്ക എന്ന പുസ്തകത്തില്‍ നിന്നോ മറ്റോ കിട്ടിയ ഒരു സ്റ്റിക്കര്‍ എടുത്തിട്ട്‌ മിന്നൂസ്‌ അത്‌ ഒട്ടിക്കുവാനായി തുടങ്ങുന്നതിനുമുന്‍പ്‌ അതൊന്ന് നക്കി.

ഇത്‌ കണ്ട്‌ ഞാന്‍ ഒരല്‍പം ദേഷ്യത്തില്‍ പ്രതികരിച്ചു. "എന്താ മിന്നൂ ഈ കാണിക്കുന്നത്‌? അങ്ങനെയൊക്കെ ചെയ്യാമോ? പ്ലേ സ്കൂളില്‍ കുട്ടികളില്‍ നിന്ന് കിട്ടിയതാവും അല്ലേ ഇതൊക്കെ?"

"ങാ... അത്‌ തന്നെയാവും.." മിന്നൂസിന്റെ അമ്മയും സപ്പോര്‍ട്ട്‌ ചെയ്തു.

"ഏയ്‌ അല്ലാ... സ്കൂളീന്നല്ലാ... മിസ്റ്റര്‍ ബീനിന്റേന്ന് കിട്ടിയതാ..." യാതൊരു കൂസലും കൂടാതെയുള്ള മിന്നൂസിന്റെ മറുപടി.

Thursday, March 19, 2009

ഗ്ലാമര്‍ പ്രശ്നം

ഓഫീസില്‍ നിന്നെത്തിയാല്‍ മിന്നൂസ്‌ ഞങ്ങളോട്‌ പ്ലേ സ്കൂളിലെ വിശേഷങ്ങള്‍ നിരത്തലായി.

"അമ്മേ അമ്മേ... എന്റെ ക്ലാസ്സിലെ റിക്ക പറയാണേ.... നിന്നെ കാണാന്‍ നിന്റെ അമ്മേടെ പോലെ ഉണ്ടെന്ന്..." വളരെ തമാശ പറയുന്ന പ്രതീതിയോടെ ചിരിച്ചുകൊണ്ട്‌ മിന്നൂസ്‌ പറഞ്ഞു.

"എന്നിട്ട്‌ മിന്നൂസ്‌ എന്തു പറഞ്ഞു?" മിന്നൂസിന്റെ അമ്മയ്ക്ക്‌ അറിയാന്‍ തിരക്കായി.

"ഞാന്‍ പറഞ്ഞു... അത്‌ സാരല്ല്യാന്ന്..." മിന്നൂസിന്റെ വളരെ സില്ലിയായ മറുപടി.

ചിരി പുറത്ത്‌ കാണിക്കാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നതിന്നിടയില്‍ മിന്നൂസിന്റെ അമ്മ കണ്ണാടി ലക്ഷ്യമാക്കി നടന്നു. (എന്താ പ്രശ്നമെന്ന് അറിയണമല്ലോ..)

Saturday, February 14, 2009

പ്രതികാരസ്നേഹം.

മിന്നൂസിന്‌ തന്നെക്കാല്‍ മുതിര്‍ന്ന കുട്ടികളെയാണ്‌ കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ തന്നെ, മിന്നൂസിന്റെ അമ്മായിയുടെ മകന്‍ ഉണ്ണിക്കുട്ടനെയും, വലിയമ്മയുടെ മകള്‍ ആരതിയെയും (രണ്ടുപേരും 6 വയസ്സ്‌) വല്ല്യ ഇഷ്ടമാണ്‌. ഈ ഇഷ്ടം കൊണ്ട്‌ തന്നെ ഇടയ്ക്കിടയ്ക്ക്‌ വഴക്ക്‌ കൂടുകയും ചെയ്യും. അവര്‍ക്കിട്ട്‌ നല്ല കീറ്‌ വച്ച്‌ കൊടുത്താലും അവര്‍ അനിയത്തിയല്ലേ എന്ന കണ്‍സിഡറേഷനില്‍ തിരിച്ച്‌ ഒന്നും ചെയ്യാന്‍ പോകാറുമില്ല.

ഇവരുടെ വഴക്ക്‌ തീര്‍ക്കാന്‍ ആരേലും ചെന്നാല്‍ പിന്നെ സെക്കന്റുകള്‍ക്കുള്ളില്‍ അവര്‍ ഒറ്റക്കെട്ടാകുകയും പ്രശ്നം തീര്‍ക്കാന്‍ ചെന്ന ആള്‍ പ്രതിയാകുകയും ചെയ്യും. അതിനാല്‍ തന്നെ ഇപ്പോള്‍ ആരും ആ യുദ്ധത്തില്‍ വെള്ളക്കൊടിയും കൊണ്ട്‌ ചെല്ലാറില്ല.

ഈയടുത്ത്‌ ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും ഒരു പുതിയ ഫ്ലാറ്റിലേയ്ക്ക്‌ താമസമായതിന്റെ ഒരു ചെറിയ ഫംഗ്ഷന്‍... കിട്ടിയ അവസരം മുതലാക്കി മിന്നൂസും ഉണ്ണിക്കുട്ടനും തകര്‍ക്കുകയാണ്‌... അതിനിടയില്‍ ചെറിയ ചെറിയ വഴക്കുകള്‍ നടക്കുന്നുണ്ട്‌. വഴക്കിന്നിടയില്‍ മിന്നൂസിന്റെ ഒരു ഭീഷണി കേട്ടു.. "ഞാന്‍ ഈ ഉണ്ണിച്ചേട്ടന്റെ ഫ്ലാറ്റിന്റെ ചുമരെല്ലാം ചെളി വച്ച്‌ തേയ്ക്കും..." (വല്ല്യ തരക്കേടില്ലാത്ത ഒരു ഭീഷണി തന്നെ എന്ന് കേട്ടവര്‍ക്കും തോന്നി).

ഇതിനിടയില്‍ അവിടെ അടുത്തുള്ള കാഴ്ചബംഗ്ലാവ്‌ കാണാന്‍ പോയാലോ എന്നൊരു ആലോചന പൊതുവേ വന്നു.

ഇത്‌ കേട്ട്‌ ആരോ മിന്നൂസിനോട്‌ ചോദിക്കുന്ന കേട്ടു "ഞങ്ങളേയും കാഴ്ചബംഗ്ലാവ്‌ കാണിക്കാന്‍ കൊണ്ടുപോവ്യോ മിന്നൂസേ...??"

"ഇല്ല... ഉണ്ണിച്ചേട്ടനെ മാത്രേ കൊണ്ടുവുള്ളൂ..." മിന്നൂസിന്റെ നല്ല ഉറച്ച തീരുമാനം.

അത്‌ കേട്ട്‌ ഞങ്ങള്‍ക്ക്‌ അല്‍പം അല്‍ഭുതം തോന്നി. കാരണം, വഴക്കിട്ട്‌ സെക്കന്റുകള്‍ കഴിഞ്ഞിട്ടില്ല, എന്തൊരു സ്നേഹം...

"അതെന്താ ഉണ്ണിച്ചേട്ടനെ മാത്രം കൊണ്ടുപോകുന്നേ???"

"ഉണ്ണിച്ചേട്ടനെ അവിടെയുള്ള ജിറാഫിനെക്കൊണ്ട്‌ കടിപ്പിക്കാനാ..."

കണ്‍ഫിയൂഷന്‍ മാറിക്കിട്ടി...

Tuesday, February 3, 2009

ചെറിയ ഒരു സ്വകാര്യം

രണ്ട്‌ ദിവസം മുത്തച്ഛന്റെയും അമ്മൂമ്മയുടേയും കൂടെ നില്‍ക്കാനായി മിന്നൂസ്‌ പുറപ്പെടുന്നു. മിന്നൂസിന്‌ അമ്മ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നകൂട്ടത്തില്‍ ഒരു വാര്‍ണിംഗ്‌ കൂടി കൊടുത്തു.

"അവിടെപ്പോയി കുറുമ്പ്‌ കാണിച്ച്‌ അമ്മൂമ്മയെ ബുദ്ധിമുട്ടിക്കരുത്‌ ട്ടോ... മുത്തച്ഛന്റെ കായ്യീന്ന് നല്ല അടികിട്ടും... "

ഇത്രയും പറഞ്ഞിട്ട്‌ മിന്നൂസിന്റെ അമ്മ മിന്നൂസിന്റെ മുത്തച്ഛനെ നോക്കി "വികൃതി കാണിച്ചാല്‍ ഒന്ന് പേടിപ്പിച്ചോളൂട്ടോ അച്ഛാ.." എന്നൊരു വാല്‍ക്കഷണവും.

ഇതെല്ലാം കണ്ട്‌ നിസ്സാരമായമട്ടില്‍ പുഞ്ചിരിച്ചുകൊണ്ട്‌ നിന്ന മിന്നു, അമ്മയോട്‌ സ്വകാര്യം പറയാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഗ്യം കാണിച്ചു ('തല ഒന്ന് താഴ്ത്തി ആ ചെവി ഒന്ന് കാണിച്ചേ..' എന്ന ആക്‌ ഷന്‍).

എന്തോ സ്നേഹനിര്‍ഭരമായകാര്യമോ ഉമ്മയോ മറ്റോ നല്‍കാനായിരിക്കും എന്ന് കരുതി മിന്നൂസിന്റെ അമ്മ കുനിഞ്ഞ്‌ നിന്ന് ചെവി കൊടുത്തു.

മിന്നൂസിന്റെ സ്വകാര്യം കേട്ട്‌ മിന്നൂസിന്റെ അമ്മ ആദ്യം മിന്നൂസിനെ ഒന്ന് അന്തം വിട്ട്‌ നോക്കുകയും എന്നിട്ട്‌ പൊട്ടിച്ചിരിക്കുകയും ചെയ്തു.

മിന്നൂസിന്റെ മുഖത്ത്‌ സ്വകാര്യം പറയുന്നതിനുമുന്‍പുള്ള അതേ ഭാവം തന്നെ.

"അമ്മ അമ്മേടെ കാര്യം നോക്ക്‌... ഞാന്‍ എന്റെ കാര്യം നോക്കാം... മുത്തച്ഛ മുത്തച്ഛേടെ കാര്യം നോക്കിക്കോളും ട്ടോ.." ഇതായിരുന്നു സ്വകാര്യം.

Monday, January 26, 2009

ഉന്നത പഠനം - UKG

പ്രായത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടികളോടാണ്‌ മിന്നൂസിന്‌ പൊതുവേ താല്‍പര്യം. ഈയിടെ പ്ലേ സ്കൂളില്‍ ചെന്ന് മിന്നൂസിന്റെ അമ്മ മിന്നൂസിന്റെ പഠനതാല്‍പര്യങ്ങളും മറ്റ്‌ സ്വഭാവ കാര്യങ്ങളും അവിടുത്തെ ടീച്ചര്‍മാരോട്‌ അന്വേഷിക്കുകയുണ്ടായി.

ഇത്‌ ചോദിച്ചറിയുവാനുണ്ടായ സാഹചര്യം എന്തെന്നാല്‍ മിന്നൂസിന്റെ ബാഗില്‍ നിന്ന് ഒരു ടെസ്റ്റ്‌ പേപ്പര്‍ നടത്തിയതിന്റെ തെളിവ്‌ ലഭിച്ചു. അതില്‍ പല സെക്‌ ഷന്‍സ്‌ ആയി തിരിച്ച്‌ ടെസ്റ്റ്‌ നടത്തിയതിന്റെ കാര്യങ്ങളും മാര്‍ക്കും ഉണ്ട്‌. ഒരു സെക്‌ ഷനില്‍ ഒഴിച്ച്‌ ബാക്കി എല്ലാത്തിലും ഫുള്‍ മാര്‍ക്ക്‌. പക്ഷേ, ജനറല്‍ നോളേജ്‌ സെക്‌ ഷനില്‍ രണ്ടെണ്ണം തെറ്റിയിരിക്കുന്നു.

ഇത്‌ കണ്ട്‌ മിന്നൂസിന്റെ അമ്മയ്ക്ക്‌ വേവലാതി. "അയ്യോ.. ദേ ഇവിടെ ടെസ്റ്റ്‌ പേപ്പറൊക്കെ നടത്തുന്നുണ്ടല്ലോ.. മിന്നൂസ്‌ ഇതൊന്നും വീട്ടില്‍ പറയുന്നില്ലല്ലോ.. നമ്മള്‍ വല്ലതും പഠിപ്പിച്ച്‌ കൊടുക്കണമോ ആവോ... മിസ്സിനോട്‌ ഇന്ന് ചോദിക്കണം..."

"പിന്നേ... മോള്‌ കളക്ടറാവാന്‍ പഠിക്കുകയല്ലേ ഇത്ര വേവലാതിപ്പെടാന്‍.. ആ പാവം പ്ലേ സ്കൂളില്‍ പോയി വല്ലതും കളിച്ച്‌ രസിക്കട്ടെ.. കൂട്ടത്തില്‍ വല്ലതും പഠിച്ചാല്‍ പഠിക്കട്ടെ.. അല്ലാതെ പിന്നെ...." എന്റെ സ്ഥിരം ഉഴപ്പന്‍ മറുപടി കേട്ട്‌ മിന്നൂസിന്റെ അമ്മ എന്നെ കലിപ്പിച്ചൊന്ന് നോക്കി.

അങ്ങനെ പ്ലേ സ്കൂളില്‍ ചെന്നപ്പോള്‍ മിന്നൂസിനെക്കുറിച്ചുള്ള ഫീഡ്‌ ബാക്ക്‌ കളക്റ്റ്‌ ചെയ്തു.

"മിന്നൂസ്‌ മിടുക്കിയാണ്‌...പഠിക്കാന്‍ നല്ല ഇന്ററസ്റ്റ്‌ ആണ്‌.." എന്നൊക്കെ പറഞ്ഞ്‌ മിസ്സ്‌ പുകഴ്ത്താന്‍ തുടങ്ങി.

"അല്ലാ.. എന്നിട്ടെന്താ ജനറല്‍ നോളേജിന്‌ രണ്ടെണ്ണം തെറ്റിയത്‌ ?..." മിന്നൂസിന്റെ അമ്മയുടെ സംശയം.

"ഓ.. അത്‌ പിന്നെ, ക്ലാസ്സില്‍ ഇരിക്കാത്തതുകൊണ്ടാണ്‌... അത്‌ പഠിപ്പിച്ചപ്പോള്‍ മിന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല..." എന്ന ടീച്ചറുടെ മറുപടി കേട്ട്‌ മിന്നൂസിന്റെ അമ്മ ഒന്ന് ഞെട്ടുകയും 'ഈശ്വരാ... അച്ഛന്റെ സ്വഭാവം തന്നെ കിട്ടിയോ?...' എന്ന് ആത്മഗതം പറയുകയും ചെയ്തു.

"അതെന്താ ക്ലാസ്സില്‍ ഇരിക്കുന്നില്ല എന്ന് പറഞ്ഞത്‌?" മിന്നൂസിന്റെ അമ്മയുടെ ടെന്‍ഷനോടെയുള്ള ചോദ്യം.

"മിന്നൂസ്‌ ദേ ആ ക്ലാസ്സിലാണ്‌ അധികസമയവും..."

"അതേതാണ്‌ ക്ലാസ്സ്‌... LKG ആണോ?"

"അല്ലാ... അത്‌ UKG..." ടീച്ചര്‍ വളരെ നിസ്സാരഭാവത്തില്‍ മറുപടി പറഞ്ഞു.

"അയ്യോ.. മിസ്സ്‌ മോളെ നിര്‍ബദ്ധിച്ച്‌ ഈ പ്രീ കെജി ക്ലാസ്സില്‍ തന്നെ ഇരുത്തൂ..." മിന്നൂസിന്റെ അമ്മയുടെ റിക്വസ്റ്റ്‌...

"ഹേയ്‌.. അത്‌ സാരമില്ല.. വെറുതേ നിര്‍ബദ്ധിച്ച്‌ അവരെ വിഷമിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു... പിന്നെ ഒരു 11.30 ആവുമ്പോള്‍ പുള്ളിക്കാരത്തി പ്രീ കെജി ക്ലാസ്സിന്റെ വാതുക്കല്‍ വന്ന് എത്തി നോക്കും... 'വാ.. കയറി വാ..' എന്ന് പറയുമ്പോള്‍ വന്ന് കയറി ഇരിക്കും..."

പ്ലേ സ്കൂളില്‍ ചേര്‍ത്ത മോള്‌ UKG പഠിക്കുന്നതിന്റെ ഭാരവും താങ്ങി മിന്നൂസിനെ ഉപദേശിച്ച്‌ നേരെയാക്കാനുള്ള ശ്രമങ്ങളുമായി മിന്നൂസിന്റെ അമ്മ തിരിച്ച്‌ പോന്നു.