Tuesday, February 3, 2009

ചെറിയ ഒരു സ്വകാര്യം

രണ്ട്‌ ദിവസം മുത്തച്ഛന്റെയും അമ്മൂമ്മയുടേയും കൂടെ നില്‍ക്കാനായി മിന്നൂസ്‌ പുറപ്പെടുന്നു. മിന്നൂസിന്‌ അമ്മ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നകൂട്ടത്തില്‍ ഒരു വാര്‍ണിംഗ്‌ കൂടി കൊടുത്തു.

"അവിടെപ്പോയി കുറുമ്പ്‌ കാണിച്ച്‌ അമ്മൂമ്മയെ ബുദ്ധിമുട്ടിക്കരുത്‌ ട്ടോ... മുത്തച്ഛന്റെ കായ്യീന്ന് നല്ല അടികിട്ടും... "

ഇത്രയും പറഞ്ഞിട്ട്‌ മിന്നൂസിന്റെ അമ്മ മിന്നൂസിന്റെ മുത്തച്ഛനെ നോക്കി "വികൃതി കാണിച്ചാല്‍ ഒന്ന് പേടിപ്പിച്ചോളൂട്ടോ അച്ഛാ.." എന്നൊരു വാല്‍ക്കഷണവും.

ഇതെല്ലാം കണ്ട്‌ നിസ്സാരമായമട്ടില്‍ പുഞ്ചിരിച്ചുകൊണ്ട്‌ നിന്ന മിന്നു, അമ്മയോട്‌ സ്വകാര്യം പറയാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഗ്യം കാണിച്ചു ('തല ഒന്ന് താഴ്ത്തി ആ ചെവി ഒന്ന് കാണിച്ചേ..' എന്ന ആക്‌ ഷന്‍).

എന്തോ സ്നേഹനിര്‍ഭരമായകാര്യമോ ഉമ്മയോ മറ്റോ നല്‍കാനായിരിക്കും എന്ന് കരുതി മിന്നൂസിന്റെ അമ്മ കുനിഞ്ഞ്‌ നിന്ന് ചെവി കൊടുത്തു.

മിന്നൂസിന്റെ സ്വകാര്യം കേട്ട്‌ മിന്നൂസിന്റെ അമ്മ ആദ്യം മിന്നൂസിനെ ഒന്ന് അന്തം വിട്ട്‌ നോക്കുകയും എന്നിട്ട്‌ പൊട്ടിച്ചിരിക്കുകയും ചെയ്തു.

മിന്നൂസിന്റെ മുഖത്ത്‌ സ്വകാര്യം പറയുന്നതിനുമുന്‍പുള്ള അതേ ഭാവം തന്നെ.

"അമ്മ അമ്മേടെ കാര്യം നോക്ക്‌... ഞാന്‍ എന്റെ കാര്യം നോക്കാം... മുത്തച്ഛ മുത്തച്ഛേടെ കാര്യം നോക്കിക്കോളും ട്ടോ.." ഇതായിരുന്നു സ്വകാര്യം.

7 comments:

Haree said...

ഒന്നും മിണ്ടണില്ല... ഞാന്‍ ദേ എന്റെ കാര്യം നോക്കി പോണൂ... :-D
--

സൂര്യോദയം said...

സിനിമകളില്‍ സ്വകാര്യമായി ചെവിയില്‍ തെറിവിളിക്കുന്ന സീനിന്റെ മറ്റൊരു ഭാവാവിഷ്‌ കാരം..മിന്നൂസിന്റെ ഒരു ചെറിയ സ്വകാര്യം

സു | Su said...

അതെ. മിന്നൂസ് പറഞ്ഞതാണ് കാര്യം. ഞാനും എന്റെ കാര്യം നോക്കിപ്പോകട്ടെ. :)

അഗ്രജന്‍ said...

ഹഹഹ... ഞാനും സ്ഥലം വിട്ടു :)

ശ്രീ said...

അതു കലക്കി
:)

Typist | എഴുത്തുകാരി said...

കളി മിന്നൂസിനോടാ?

പ്രയാസി said...

ആ രംഗം ഒന്നു ആലോചിച്ച് ചിരിയും വരുന്നു..:)