Monday, June 1, 2009

പഠിച്ച്‌ പഠിച്ച്‌...

പുതിയ സ്കൂളില്‍ L.K.G യില്‍ ചേര്‍ന്നതിനാല്‍ വെക്കേഷന്‍ സമയങ്ങളില്‍ മിന്നൂസിനെ ഇടയ്ക്കിടയ്ക്ക്‌ പുതിയ സ്കൂളില്‍ പോകുന്നതിനുള്ള പ്രോല്‍സാഹനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കലായിരുന്നു മിന്നൂസിന്റെ അമ്മയുടെ പ്രധാന പരിപാടി.

പുതിയ ബാഗും, കുടയും, യൂര്‍ണിഫോമും, ഷൂവുമൊക്കെയായി മിന്നൂസും വലിയ ഉത്സാഹത്തില്‍ തന്നെ.

ക്ലാസ്സ്‌ ആരംഭിക്കുന്നതിനുമുന്‍പ്‌ മെയ്‌ 30 ന്‌ രക്ഷകര്‍ത്താക്കള്‍ കുട്ടിയുമായി സ്കൂളില്‍ ചെല്ലുകയും അവിടെ പഠനരീതികളും മറ്റ്‌ ബന്ധപ്പെട്ട വിഷയങ്ങളും അദ്ധ്യാപകരും മറ്റും ഡെമോണ്‍സ്റ്റ്രേഷനുകളിലൂടെയും വിശദീകരണങ്ങളിലൂടെയും അറിയിക്കുകയും ചെയ്തു. അത്‌ കണ്ടും കേട്ടും കഴിഞ്ഞപ്പോള്‍ ഞാനും മിന്നൂസിന്റെ അമ്മയും ഒരു തീരുമാനമെടുത്തു.
"ഇനി മിന്നൂസ്‌ സ്കൂളില്‍ പറയുന്ന പോലെ പഠിച്ചോളൂ ട്ടോ...".
കാരണം, നമുക്ക്‌ പിടിപാടില്ലാത്ത ചില നൂതന രീതികളും ശൈലികളുമായതിനാല്‍ നമ്മള്‍ പഠിപ്പിച്ച്‌ വെറുതേ കുട്ടിയെ ചീത്തയാക്കണ്ടല്ലോ എന്നൊരു തോന്നല്‍..

"മിന്നൂസ്‌ പ്രീ കെജിയില്‍ നിന്ന് LKG യിലേയ്ക്ക്‌ വല്ല്യ കുട്ടിയായിട്ട്‌ ചേരാന്‍ പോകാണ്‌.." മിന്നൂസിനെ LKG യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ അമ്മയുടെ ശ്രമം.

"അല്ല അല്ല... ഞാന്‍ പ്രീകെജീ യും UKG യും കഴിഞ്ഞിട്ടാ പുതിയ സ്കൂളില്‍ LKG പഠിക്കാന്‍ പോണത്‌.." മിന്നൂസിന്റെ തിരുത്തല്‍..

(വളരെ ന്യായം.. കഴിഞ്ഞ സ്കൂളില്‍ പ്രീ കെജി ക്ലാസ്സിലാണ്‌ ചേര്‍ത്തിരുന്നതെങ്കിലും ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ UKG ക്ലാസ്സില്‍ വരെ അതിക്രമിച്ചുകയറിയിരുന്ന സംഗതി നമുക്കും അറിയാവുന്നതാണല്ലോ..)

"പഠിച്ച്‌ പഠിച്ച്‌ മിടുക്കി ആവണം ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഉപദേശം.

"ങാ..." മിന്നൂസ്‌ സമ്മതിച്ചു.

"പഠിച്ച്‌ പഠിച്ച്‌ ആരാവാനാ മിന്നൂസിന്‌ ആഗ്രഹം?"

"എനിച്ച്‌ പഠിച്ച്‌ പഠിച്ച്‌ ചേച്ചിയാവണം.."

"എന്നാ പിന്നെ.. അങ്ങനെ ആവട്ടേ ല്ലേ...?" ഞാന്‍ മിന്നൂസിന്റെ അമ്മയെ നോക്കി.

4 comments:

സൂര്യോദയം said...

(ഇന്ന് വിദ്യോദയ സ്കൂളില്‍ LKG ക്ലാസ്സില്‍ മിന്നൂസിന്റെ ആദ്യ ദിനം..)

ശ്രീ said...

മിന്നൂസിന്റെ ആഗ്രഹം കൊള്ളാമല്ലോ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഗ്രജന്റെ പാച്ചൂന്റെ ആഗ്രഹം ഇപ്പോള്‍ മിന്നൂനും ബ്ലോഗ് വഴി പകര്‍ന്നതാണോ?

Mr. K# said...

അതിനു സൂര്യോദയം തന്നെ വിചാരിക്കണം. ഞാനീ വഴിക്കൊന്നും വന്നിട്ടില്ലേയ്‌ :-)