Wednesday, July 18, 2007

പ്ലേ സ്കൂള്‍

ഇന്ന് മിന്നൂസിനെ അടുത്തുള്ള പ്ലേ സ്കൂളില്‍ ചേര്‍ത്ത ദിനം...

ഇന്നലെ തന്നെ പുതിയ ഉടുപ്പും ബാഗും ടിഫിന്‍ ബോക്സും കിട്ടിയതിന്റെ ത്രില്ലില്‍ രാത്രി തന്നെ സ്കൂളില്‍ പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു കക്ഷി.

മിന്നുവിന്റെ അമ്മയ്ക്ക്‌ മിന്നു കരയുന്നത്‌ കാണാനുള്ള ശേഷിയില്ല എന്ന കാരണത്താല്‍ ആ ചുമതല ഞാന്‍ ഏറ്റെടുത്തു. അതിന്റെ പേരില്‍ കിടക്കട്ടെ ഒരു ഹാഫ്‌ ഡേ ലീവ്‌...

കുളിപ്പിച്ച്‌ റെഡിയാക്കി ബാഗുമായി മിന്നൂസിനെ പ്ലേ സ്കൂളില്‍ കൊണ്ട്‌ ചെന്നു. അവിടെയുള്ള സ്വീകരണക്കമ്മിറ്റിയിലെ മിസ്സ്‌ മാരെയും ആന്റിമാരെയും നോക്കി പുഞ്ചിരി തൂകുന്നതല്ലാതെ മിന്നു എന്നെ വിട്ട്‌ താഴെ ഇറങ്ങുന്നില്ല. അതിന്നിടയില്‍ കുട്ടികളെ കൊണ്ട്‌ വിടുന്നതും കരച്ചിലുകളും സ്നേഹപ്രകടനങ്ങളും എല്ലാം കണ്ട്‌ മനസ്സിലാക്കി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നു പതുക്കെ ഒരു മിസ്സിന്റെ കൂടെ അകത്തേക്ക്‌ പോയി. ഈ അവസരം മുതലാക്കി ഞാന്‍ അല്‍പം മാറി നിന്നു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നൂസിന്റെ കരച്ചില്‍....

"എന്റെ അച്ചേ കാണാനില്ലാ......."

ഞാന്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു.

"ഇത്‌ സാരമാക്കേണ്ട... രണ്ട്‌ ദിവസത്തിനുള്ളില്‍ ശരിയാകും.." ഒരു മിസ്സ്‌ പറഞ്ഞു.

"കരച്ചില്‍ നിര്‍ത്തുന്നിലെങ്കില്‍ ഇങ്ങ്‌ കൊണ്ടുവന്നോളൂ.. ഞാന്‍ പറഞ്ഞ്‌ മനസ്സിലാക്കാന്‍ നോക്കം.." ഞാന്‍ പറഞ്ഞു.

അവര്‍ മിന്നുവിനെ എന്റെ അടുത്തേയ്ക്ക്‌ കൊണ്ടുവന്നു. കരച്ചില്‍ സാവധാനം ശമിച്ചു.

പിന്നെ, ഞാനും മിന്നുവും ഒരുമിച്ച്‌ പ്ലെ സ്കൂളില്‍ .... കുട്ടികളുടെ കളികളും വര്‍ത്തമാനങ്ങളും ചെറിയ വഴക്കുകളും കോമ്പ്രമൈസുകളും ഭാവാഭിനയങ്ങളും എല്ലാം കണ്ട്‌ ചിരിയടക്കാനാകാതെ 2 മണിക്കൂറോളം അവിടെ കുട്ടികളോടൊപ്പം ....

ഇടയ്ക്ക്‌ മിന്നൂസ്‌ ചില കുട്ടികളോട്‌ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്‌..

"എന്താ പേര്‌ ?? " അമ്മ എവിടെ???" എന്നൊക്കെ മിന്നുവിന്റെ ചോദ്യങ്ങള്‍ക്കിടയില്‍ "മിന്നൂന്റെ പേര്‌ മിന്നു.." എന്നും കേട്ടു.

അവിടെ നിന്ന് മുങ്ങാന്‍ മിന്നു എന്നെ സമ്മതിച്ചില്ല....

ഒടുവില്‍ ഉച്ചയ്ക്ക്‌ പോരാന്‍ തുടങ്ങുമ്പോള്‍ 'എല്ലാവരോടും പറഞ്ഞിട്ട്‌ വാ മിന്നൂ' എന്ന് ഞാന്‍ പറയേണ്ട താമസം... മിന്നു എല്ലാവരോടും നടന്ന് യാത്ര പറയുന്നു.

"മിന്നു പൂവാണ്‌.... നാളെ വരാം..."

ഈ യാത്ര പറയല്‍ അവള്‍ക്ക്‌ ഒരുവിധം ബോധിച്ച ചില കുട്ടികളോടും മിസ്സ്‌ മാരോടും... ഒരു മിസ്സിന്‌ ഒരു ഉമ്മയും....

അവിടെ നിന്ന് ഇറങ്ങുമ്പോള്‍ വളരെ ഉല്ലാസത്തോടെ പറയുന്ന കേട്ടു..

"മിന്നു നാളെ വരാം...." ("അച്ഛനേം കൂട്ടി'" എന്ന് അവള്‍ ആത്മഗതം പറഞ്ഞു കാണുമെന്ന് ഞാന്‍ ഊഹിച്ചു.

12 comments:

സൂര്യോദയം said...

പ്ലേ സ്കൂളില്‍ മിന്നുവിനോടൊപ്പം ഒരു ദിനം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിന്നൂ നാളെ കാണാം ട്ടാ.

പൂ‍ട്ടിയിട്ട വാതിലില്‍ മുട്ടീട്ട് കാര്യമില്ലാന്ന് മനസ്സിലാക്കി,നഴ്സറിയുടെ ജനലഴികളില്‍ പിടിച്ച് ദൂരെ മറയുന്ന മുത്തശ്ശിയേം ചേച്ചിയേം നോക്കി കൂടെക്കൂട്ടാന്‍ വാശിപിടിക്കുന്ന ഒരു മൂന്ന് വയസ്സുകാരന്‍ -- ഒപ്പ്.

സൂര്യോദയം said...

കുട്ടിച്ചാത്താ... ഹോ... ഭയങ്കര സെന്റിയായിപ്പോയി ഇത്‌ വായിച്ചിട്ട്‌.... വിഷമിപ്പിക്കല്ലേ.. :-)

deepdowne said...

മിന്നൂന്റെ ജൈത്രയാത്ര തുടരട്ടെ! ഭാവുകങ്ങള്‍ :)

നന്ദന്‍ said...

മിന്നുക്കുട്ടി പഠിച്ച് മിടുക്കിയാവട്ടെ.. :)

സങ്കുചിത മനസ്കന്‍ said...

:)

SAJAN | സാജന്‍ said...

സൂര്യോദയം ചേട്ടാ, മോള്‍ പഠിച്ച് മിടുക്കിയാവട്ടെ,
ഈ ചാത്തന്റെ ഒരു കാര്യം , ചാത്തനും നഴ്സറിയിലൊക്കെ പോയിട്ടുണ്ട് അല്ലേ?
ആ മൂന്നു വയസ്സുകാരനാണോ ഈ കിടക്കുന്നത്?

സൂര്യോദയം said...

മിന്നുക്കുട്ടിയ്ക്ക്‌ ഭാവുകങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി...

2.5 വയസ്സേ ആയുള്ളൂ എന്നതിനാല്‍ തല്‍ക്കാലം കളിക്കാനാണ്‌ അവിടെ വിട്ടിരിയ്ക്കുന്നത്‌.. പഠിക്കാനാണെന്നാണ്‌ പുള്ളിക്കാരത്തിയുടെ ഭാവം..

ഇന്നലെ വൈകീട്ട്‌ വഴിയേ പോകുന്ന ഒരു ചേച്ചിയെ വിളിച്ച്‌ പറയുന്ന കേട്ടു .."ആന്റീ... മിന്നൂട്ടി ഉക്കൂളീ പോയീ..."

"സ്കൂളില്‍ ആരൊക്കെ ഉണ്ട്‌??" എന്ന ചോദ്യത്തിന്‌...

"ടീച്ചറാന്റി, ടുട്ടുച്ചേട്ടന്‍, അച്ഛ..." എന്ന മറുപടികേട്ട്‌ ഭാര്യപറഞ്ഞു

"'അച്ഛനേം കൂട്ടി' എന്ന് അവള്‍ ആത്മഗതം പറഞ്ഞു എന്നത്‌ സത്യം തന്നെ... "

മുസാഫിര്‍ said...

മിന്നു മോള് കളിച്ചും പഠിച്ചും വലുതാ‍വട്ടെ ! ഭാവുകങ്ങള്‍ !

സു | Su said...

മിന്നൂട്ടീ സ്കൂളില്‍ പോയി നെറയെ പഠിച്ചും കളിച്ചും വാ. എന്നിട്ട് നമുക്ക് ഐസ്ക്രീമും മഞ്ചും തിന്നാന്‍ പോവാം.

ഇത്തിരിവെട്ടം said...

മിന്നു മിടുക്കിയായ് വളരട്ടേ...

Eccentric said...

ithum rasichu :)