Tuesday, November 27, 2007

അനുവാദം

പ്ലേ സ്കൂളില്‍ പോയി തുടങ്ങിയതിനുശേഷം മിന്നൂസിന്റെ വൊക്കാബുലറിയില്‍ നല്ല കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. ഈ കളക്‌ ഷനില്‍ അല്‍പം അസഭ്യങ്ങളും ഉണ്ടാകുക സ്വാഭാവികം മാത്രം...

അത്തരം പ്രയോഗങ്ങളെ കേട്ടതായി ഭാവിക്കാതിരിക്കുകയോ നല്ല ക്ഷമയോടും അനുനയത്തോടും തിരുത്താന്‍ ശ്രമിക്കുകയോ മാത്രമേ ഒരു പോംവഴിയുള്ളൂ...

ഒരു ദിവസം വൈകീട്ട്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്ന മിന്നു അമ്മയോട്‌ ഒരു ചോദ്യം..

"അമ്മേ ഞാന്‍ പട്ടീന്ന് വിളിച്ചോട്ടേ???.."

'അയ്യോ..' എന്ന ഒരു വിളി തൊണ്ടയില്‍ കുരുങ്ങി... സംയമനം വീണ്ടെടുത്ത മിന്നുവിന്റെ അമ്മയുടെ ഉപദേശം... "അങ്ങനെ വിളിക്കാന്‍ പാടില്ലാട്ടോ... നല്ല കുട്ടികള്‍ അങ്ങനെയൊന്നും വിളിക്കില്ലാ ട്ടോ..."

"എന്നാ ഞാന്‍ ജോണിനെ വിളിച്ചോട്ടേ...??"

(ജോണ്‍ മിന്നൂസിന്റെ സഹപാഠി)

Sunday, November 25, 2007

വാദി പ്രതിയാവുന്നതിങ്ങനെ

അമ്മയോട്‌ വാശിപിടിച്ച്‌ മിന്നു ഒരു മാല കഴുത്തിലിട്ട്‌ വിലസുന്നു.... ഹൈദരാബാദ്‌ പേള്‍ കൊണ്ട്‌ ഉണ്ടാക്കിയ മാല മിന്നൂസിന്റെ അമ്മയ്ക്ക്‌ അമ്മായി അവിടെനിന്ന് കൊണ്ട്‌ കൊടുത്തതാണത്രേ.... അതുകൊണ്ട്‌ തന്നെ അത്‌ മിന്നൂസിന്‌ കളിയ്ക്കാന്‍ കൊടുക്കാന്‍ വല്ല്യ താല്‍പര്യമില്ലാഞ്ഞതും...

പതിവുപോലെ ഞാനും മിന്നൂസും ഒരു ഗുസ്തിപ്രകടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ കൈ തട്ടി മിന്നൂസിന്റെ കഴുത്തിലെ മാല പൊട്ടി കിടക്കയില്‍ വീണു.. കുറച്ച്‌ മുത്തുകള്‍ ചിതറി....

"അയ്യോ... മിന്നൂസിന്റെ അമ്മ ഇന്ന് വഴക്ക്‌ പറയുമല്ലോ??" ഞാന്‍ പറഞ്ഞു.

"അതെയോ...??" മിന്നൂസ്‌ ഒന്നും അറിയാത്ത പോലെ..

"ഇത്‌ ആരാ പൊട്ടിച്ചേ...??" ഞാന്‍ ചോദിച്ചു.

"മിന്നു..."

ആഹാ.. പുള്ളിക്കാരത്തി കുറ്റം ഏറ്റതോടെ എനിയ്ക്ക്‌ സമാധാനമായി.

മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് ബെഡ്‌ റൂമിലെത്തിയപ്പോള്‍ മുത്ത്‌ കോര്‍ക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ഞാനും മിന്നുവും...

"അയ്യോ... മാല പൊട്ടിച്ചോ.... ഹൈദരബാദില്‍ നിന്ന് അമ്മായി കൊണ്ട്‌ തന്നതാ.. ഇതാരാ പൊട്ടിച്ചേ...??" മിന്നൂസിന്റെ അമ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം..

എന്റെ നിശബ്ദതയെ സാക്ഷിനിര്‍ത്തി മിന്നൂസിന്റെ മറുപടി.. "ഞാനാ..."

സംശയത്തിന്റെ നോട്ടം എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനിഷ്കളങ്കത അഭിനയിപ്പിച്ച്‌ പ്രതിഫലിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു.

"ഒരു മുത്തിന്‌ 10-15 രൂപ വരും.. അറിയോ??" മിന്നൂസിന്റെ അമ്മ വീണ്ടും..

"അതേയോ??" മിന്നൂസിന്റെ മറുചോദ്യം..

"അതേയോന്ന്??? അല്ലാന്ന് പറയ്‌.... അല്ലാന്ന് പറയ്‌..." മിന്നൂസ്‌ അല്‍പം കര്‍ക്കശത്തോടെ ദേഷ്യഭാവത്തില്‍ അമ്മയോട്‌....

അന്തം വിട്ട്‌ നില്‍ക്കുന്ന് അമ്മയെ നോക്കി മിന്നൂസ്‌ വീണ്ടും കുറേ ഡയലോഗുകള്‍..
"നിന്നെ ശരിയാക്കുന്നുണ്ട്‌... വലിച്ച്‌ കീറി ശരിയാക്കും...."

ഈ വികാരപ്രകടനത്തിന്നിടയില്‍ മിന്നു കാല്‌ ഒന്ന് വീശി... കാല്‍ എന്റെ ദേഹത്ത്‌ ചെറുതായൊന്ന് തട്ടി... ഉടനേ എന്റെ നേരെ നോക്കിയിട്ട്‌ .."നിന്നെ അല്ലാട്ടോ..."

ഈ പ്രകടനം കണ്ട്‌ അത്ര സമയം ചിരി അടക്കിപ്പിടിച്ച എനിയ്ക്ക്‌ കണ്ട്രോള്‍ പോയി...
സര്‍വ്വകഴിവും ഉപയോഗിച്ച്‌ ചിരി അടക്കിപ്പിടിച്ച്‌ മിന്നൂസിന്റെ അമ്മ പതുക്കെ മുറിയില്‍ നിന്ന് സ്കൂട്ട്‌ ആയി.

അമ്മയെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കിയ ആത്മസംതൃപ്തിയോടെ മിന്നു അടുത്ത കാര്യപരിപാടികളിലേയ്ക്ക്‌ കടന്നു.

Tuesday, November 20, 2007

വീണ്ടും ചില ചോദ്യങ്ങള്‍

വഴിയില്‍ കാണുന്ന പട്ടിയുടേയും പൂച്ചയുടേയുമെല്ലാം ഫാമിലി മാറ്റേര്‍സ്‌ അറിയാന്‍ മിന്നൂസിന്‌ വല്ല്യ താല്‍പര്യമാണ്‌.

"അതിന്റെ അമ്മയെവിടെ?" എന്ന ചോദ്യം സ്ഥിരമായി കേട്ടുവരുന്നതിനാല്‍ "അതിന്റെ അമ്മ അതിന്റെ വീട്ടിലുണ്ട്‌ ട്ടോ.." എന്ന ഉത്തരം നല്‍കിവന്നു.

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"

പൂര്‍ണ്ണചന്ദ്രനെ കാണാത്തതിന്റെ കാരണം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഒന്ന് ആലോചിച്ചു... എന്നിട്ട്‌ ഉള്ളത്‌ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു...

"അതിന്റെ കഷണം പൊട്ടിപ്പോയിട്ടില്ലാട്ടോ... അത്‌ നമുക്ക്‌ കാണാന്‍ പറ്റാഞ്ഞിട്ടാണ്‌..."

മറ്റ്‌ വിഷയങ്ങളിലേയ്ക്ക്‌ എങ്ങനെ ശ്രദ്ധ തിരിച്ച്‌ കൂടുതല്‍ കോമ്പ്ലിക്കേഷന്‍സ്‌ ഒഴിവാക്കാം എന്ന ആലോചനയില്‍ ഞാന്‍ പെട്ടെന്ന് ബിസിയായി...

Thursday, November 8, 2007

എല്ലാം മാത്രം

മിന്നൂസിനേയും കൊണ്ട്‌ ഷോപ്പുകളില്‍ ചെന്നാല്‍ പുള്ളിക്കാരത്തി അങ്ങനെ വലുതായൊന്നും ബുദ്ധിമുട്ടിക്കുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ മഞ്ച്‌ വിട്ട്‌ ജെംസില്‍ ചേക്കേറിയിരിക്കുന്നതിനാല്‍ ഒരു പായ്ക്കറ്റ്‌ ജെംസ്‌ മിഠായിയായിരുന്നു പുള്ളിക്കാരത്തിയുടെ ക്വോട്ട. പക്ഷെ, ഈയിടെ ആവശ്യം അല്‍പം ഉയര്‍ത്തി രണ്ട്‌ പായ്ക്കറ്റ്‌ ജെംസ്‌ എന്ന നിലവാരത്തില്‍ എത്തി നില്‍ക്കുന്നു.

ഇനി അഥവാ വല്ല കളിപ്പാട്ടമോ മറ്റോ ഇഷ്ടപ്പെട്ടാല്‍ തന്നെ അത്‌ വേണമെന്ന് പറഞ്ഞ്‌ വാശിപിടിച്ച്‌ കരച്ചിലൊന്നുമില്ല ഇതുവരെ (ഉടനെ തുടങ്ങുമായിരിയ്ക്കും). എങ്കിലും രഹസ്യമായി "ഇത്‌ എനിച്ച്‌ മേടിച്ച്‌ തരോ?..." എന്ന ചോദ്യം ചോദിക്കുമ്പോള്‍ "ശരി ട്ടോ..." എന്ന് ഉത്തരം മാത്രം കൊണ്ട്‌ സംതൃപ്തി അടഞ്ഞോളും. ഇടയ്ക്ക്‌ സഹതാപതരംഗം വര്‍ക്ക്‌ ഔട്ട്‌ ചെയ്ത്‌ വാങ്ങിക്കൊടുക്കുകയും ചെയ്യും.

ഈയടുത്ത്‌ ഒരു ഷോപ്പില്‍ ചെന്നപ്പോള്‍ ഷെല്‍ഫില്‍ കുട്ടികള്‍ക്കുള്ള കുറേ പുസ്തകങ്ങള്‍ ഇരിയ്ക്കുന്ന കണ്ടു. അതില്‍ നിന്ന് ചിത്രങ്ങളുള്ള ഒരെണ്ണം മിന്നൂസിന്‌ വാങ്ങാനുള്ള താല്‍പര്യത്തോടെ മിന്നുവിന്റെ അമ്മ നില്‍ക്കുന്നു.

അതില്‍ ഒരു പുസ്തകമെടുത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിനോട്‌ "ഇത്‌ മതിയോ?" എന്ന് ചോദിച്ചപ്പോള്‍ മിന്നു കാര്യമായി പ്രതികരിച്ചില്ല.

"ഇതില്‍ ഏതാ മിന്നൂട്ടിയ്ക്ക്‌ വേണ്ടത്‌?" മിന്നുവിന്റെ അമ്മയുടെ ചോദ്യം.

"എനിച്ച്‌ എല്ലാം മാത്രം മതി.."

ഒരു മിനിട്ട്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും കിട്ടിയ ഒരു പുസ്തകം എടുത്ത്‌ മിന്നുവിന്റെ അമ്മ മിന്നുവിനേയും കൊണ്ട്‌ ബില്ലിംഗ്‌ കൗണ്ടറിലേയ്ക്ക്‌ പാഞ്ഞു.