Thursday, January 31, 2008

മാമന്റെ നോട്ടം

പരസ്യമായി അഭിപ്രായം പറയുന്നതുകൊണ്ട്‌ തന്നെ മിന്നുവിനെ ചിലപ്പോള്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌...

പലതവണ, കഷണ്ടിത്തലയുള്ളവരെപ്പറ്റി അവരുടെ മുന്നില്‍ വച്ചുതന്നെ നമ്മളോട്‌ പറയുകയും മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌.

ഒരു കടയില്‍ ബില്ല് കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ നിന്നിരുന്ന അല്‍പം പ്രായമായ ആളെ നോക്കിക്കൊണ്ട്‌.. "ഈ മാമന്റെ മൊട്ടത്തലയാല്ലേ....?" എന്ന് ചോദിച്ചതും ഞാന്‍ വേഗം സ്ഥലം കാലിയാക്കി. അത്‌ കേട്ട്‌ നിന്നിരുന്ന മറ്റൊരാള്‍ ചിരിയടക്കാനാവാതെ ഞങ്ങള്‍ പോകുന്നത്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നത്‌ കണ്ടു... കഷണ്ടിമാമന്‍ കേട്ടുകാണും.. കേള്‍ക്കാത്തതായി ഭാവിച്ചതായിരിക്കണം...

പലപ്പോഴും കുസൃതി അല്‍പം കൂടുമ്പോള്‍ (അതായത്‌ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാകുമ്പോള്‍) അല്‍പം ദൂരെ നില്‍ക്കുന്ന ഏതെങ്കില്‍ ആളെ ചൂണ്ടി മിന്നുവിന്റെ അമ്മ പറയുന്ന ഒരു ഭീഷണിയുണ്ട്‌..

"ദേ... ആ നില്‍ക്കുന്ന മാമന്‍ നോക്കുന്ന കണ്ടോ... കുറുമ്പ്‌ കാണിച്ചിട്ടാ നോക്കുന്നേ... ഇന്ന് ശരിയാവും..."

ചിലപ്പോഴൊക്കെ ആ ഭീഷണി ഏല്‍ക്കാറുമുണ്ട്‌.

ഒരു ദിവസം ഒരു ഷോപ്പില്‍ നിന്ന് ഇറങ്ങി വരുന്ന വഴി, അവിടുത്തെ ബസ്റ്റ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരാളെ ചൂണ്ടി മിന്നു പറഞ്ഞു...

"ദേ... ആ മാമന്‍ എന്നെയല്ല നോക്കണേ... അമ്മേ ആണ്‌ നോക്കണ... ഇന്ന് ശരിയാവും..."

അയാള്‍ക്ക്‌ വ്യക്തമായി കേള്‍ക്കാവുന്ന ഡിസ്റ്റന്‍സ്‌...

മിന്നുവിന്റെ അമ്മ ഒന്ന് പതറി... ഞാന്‍ ചിരിയടക്കി കാറിലേയ്ക്ക്‌ കയറുമ്പോള്‍ അയാളെ ഒന്ന് ഇടക്കണ്ണിട്ട്‌ നോക്കി... അയാളുടെ നിസ്സഹായാവസ്ഥയും അയാള്‍ ചിന്തിച്ചേക്കാവുന്ന കാര്യങ്ങളും എന്റെ മനസ്സില്‍ തെളിഞ്ഞു..

"അയ്യോ.. സത്യമായിട്ടും ഞാന്‍ നോക്കിയിട്ടില്ലാ... ഇതെങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കണാ ച്ഛേ..."

അല്ലെങ്കില്‍

"ശ്ശൊ.. ഈ കൊച്ച്‌ വിളിച്ച്‌ പറഞ്ഞു കുളമാക്കിയല്ലേ ഈശ്വരാ.... നാണക്കേടായി..."

6 comments:

സൂര്യോദയം said...

മാമന്റെ നോട്ടത്തെക്കുറിച്ച്‌ മിന്നുവിന്റെ അഭിപ്രായം...

ശ്രീ said...

ഹ ഹ... പാവം മാമന്‍‌ ചമ്മിപ്പോയിക്കാണണം.

;)

Mr. K# said...

ഹ ഹ കിടിലോല്‍ക്കിടിലന്‍.

ആരാ ശരിക്കും ഐസായേ? മിന്നുവിന്റെ അമ്മയോ സൂര്യോദയമോ അതോ അയാളോ? :-)

sreeni sreedharan said...

ഹ ഹ ഹ അതു കലക്കി.
ഇതുപോലൊരുത്തന്‍ എന്‍റെ വീട്ടിലുണ്ട്; ഞാന്‍ നിന്‍റെ ആരാ എന്ന് അപ്പുപ്പന്‍ ചോദിച്ചപ്പൊ നീ എന്‍റെ അപ്പുപ്പനാടാ എന്നാരുന്നു ആന്‍സര്‍.

കാര്‍വര്‍ണം said...

കലക്കി മിന്ന്വേ :)))

Anonymous said...

ഹഹഹ... മിന്നുട്ട്യേ ഇത് തകര്‍ത്തു........ ശരിക്കും.