Sunday, July 15, 2007

ചൂട്ടച്ച്‌ പോവില്ല്യേ?

ഓഫീസ്‌ നിന്ന് വീട്ടിലെത്തി ഞാനെങ്ങാന്‍ ടി.വി. ന്യൂസ്‌ കാണാന്‍ ഇരുന്നാല്‍ ഉടന്‍ മിന്നൂസ്‌ തുടങ്ങും..

"ഇടി കൂടാം... സൂര്യോദയം ചേട്ടാ ഇടി കൂടാം"
('സൂര്യോദയം', 'സൂര്യോദയം ചേട്ടാ', 'അച്ഛാ' എന്നൊക്കെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച്‌ വിളിയ്ക്കുകയാണ്‌ പതിവ്‌)

ഒടുവില്‍ ടി.വി. വോള്യം കൂട്ടി വച്ച്‌ മിന്നൂസിന്റെ പിന്നാലെ പോകുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ പുള്ളിക്കാരത്തി ഇടയും... ഇടഞ്ഞാല്‍ വല്ല്യ പ്രശ്നമാണ്‌...

"അച്ഛനെ എനിച്ച്‌ വേണ്ട... അച്ഛന്‍ പോടാ.. എനിച്ച്‌ ആരൂല്ല്യാ..." തുടങ്ങിയ വായില്‍ ഒതുങ്ങാത്ത ടൈപ്പ്‌ ഡയലോഗുകള്‍ റിലീസാവും....

അങ്ങനെ മിന്നുവിനോടൊപ്പം അഭ്യാസപ്രകടനത്തിനിടയില്‍ മുഖത്ത്‌ രണ്ട്‌ മൂന്ന് ഭാഗത്തായി ഒരു നീറല്‍ അനുഭവപ്പെട്ടപ്പോളാണ്‌ ഞാനൊരുകാര്യം ശ്രദ്ധിച്ചത്‌. നല്ല മൂര്‍ച്ചയുള്ള നഖം... അത്‌ വച്ച്‌ സ്നേഹപ്രകടനം നടത്തുന്നതിനിടയില്‍ നഖക്ഷതങ്ങള്‍ പതിഞ്ഞ്‌ ചോര പൊടിഞ്ഞിരിയ്ക്കുന്നു.

"എടീ ഭാര്യേ... ഇവളുടെ നഖം വളര്‍ന്നിരിയ്ക്കുന്നു. ഇന്ന് ഉറങ്ങുമ്പോള്‍ അങ്ങ്‌ കാച്ചിയേക്ക്‌.."
ഞാന്‍ വിളിച്ചുപറഞ്ഞു.

പെട്ടെന്ന് മിന്നു മുഖമുയര്‍ത്തി പുരികം വളച്ച്‌ എന്നെ നോക്കി ഒരു ചോദ്യം..

"ചൂട്ടച്ച്‌ പോവില്ല്യേ..??"

"എന്ത്‌... ചൂട്ടച്ചോ??" ഞാന്‍ തിരിച്ച്‌ ചോദിച്ചു.

"ങാ... അമ്മ കയ്യിലിട്ട്‌ തന്ന ചൂട്ടച്ച്‌ പോവില്ല്യേ..???"

(ക്യൂട്ടക്സ്‌ അഥവാ നെയില്‍ പോളിഷ്‌ എന്ന സാധനം മിന്നൂസിന്റെ നിഘണ്ടുവില്‍ 'ചൂട്ടച്ച്‌' എന്നേ ആയിട്ടുള്ളൂ... അപ്ഗ്രേഡ്‌ ചെയ്യുമായിരിയ്ക്കും)

12 comments:

സൂര്യോദയം said...

മിന്നൂസിന്റെ ആ ചോദ്യത്തില്‍ വല്ല്യ തെറ്റില്ല... എന്നാലും....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
മിന്നൂ അത് പോയാലു നമ്മക്കു വേറേ പുതിയ കളറിടാലോ?

സു | Su said...

മിന്നൂസേ, ചൂട്ടച്ച്, വേറെ ഇട്ടുതരും അമ്മ. :)

Mr. K# said...

:-)

ശാലിനി said...

:)

സാജന്‍| SAJAN said...

അതേയ്, ഒരോരോ പുതിയ ഡിക്ഷണറി കൂടെ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാ, എന്തൊക്കെയാ പറയുന്നത് എന്നറിയില്ലല്ലൊ?
എന്നാലും മിന്നു ആള് കൊള്ളാലോ?
അച്ഛനെ ഇട്ട് വട്ടം കറക്കുന്നു അല്ലേ?

ഗുപ്തന്‍ said...

സാജന്‍ പറഞ്ഞതാണ്‍ ശരി... അച്ഛനും അമ്മയും കൂടി സ്വന്തം ഡിക്ഷ്‌ണറി അപ്‌ഡേറ്റിക്കോ.... ആവശ്യം വരും :)

Allath said...

ഇന്നലെ കുഞ്ഞു മോള്‍ ചെറിയമ്മയെ പിറന്നാള്‍ ആശംസിച്ചത്, അപ്പിട്ടൊ എന്നായിരുന്നു, മിനൂസ് ഒറ്റയ്കല്ല

സൂര്യോദയം said...

കമന്റ്‌ എഴുതിയ എല്ലാവര്‍ക്കും നന്ദി... പുതിയ നിഘണ്ടു അത്യാവശ്യം തന്നെ.. :-)

Dinkan-ഡിങ്കന്‍ said...

കുട്ടികളുടേ ഒരു നിഖണ്ടു അത്യാവശ്യം ആണ്
കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ പാറ്റയെ “ബഗബഗ” എന്നും , തേരട്ടയെ “ഇങ്കോയി” എന്നും ഒക്കെ വിളിച്ചിരുന്നു എന്ന് പറയപ്പെടുന്നു (ചരിത്രം.)

പിന്നെ മിന്നൂന് നല്ല തെളങ്ങണ ചൂട്ടച്ച് ഇടയ്ക്ക് വാങ്ങാന്‍ മറക്കണ്ടാ

myexperimentsandme said...

ഞാന്‍ മിന്നാമിനുങ്ങിനെ വിമാനമാങ്ങാ എന്നും...

(അന്നേ ബുദ്ധിമാനായിരുന്നു. പറക്കുന്നത്, വിമാനം. പക്ഷേ മാങ്ങായുടെ ടെക്‍നിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല).

മിന്നൂസിന്റെ പ്രകടനങ്ങള്‍ എന്തു രസം... ചൂട്ടച്ചും മഞ്ചും എല്ലാം ഒന്നിനൊന്ന് മനോഹരം. ഒരു ലോക്കല്‍ മിന്നു ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയാലോ :)

Eccentric said...

haha...kidilam