Sunday, November 25, 2007

വാദി പ്രതിയാവുന്നതിങ്ങനെ

അമ്മയോട്‌ വാശിപിടിച്ച്‌ മിന്നു ഒരു മാല കഴുത്തിലിട്ട്‌ വിലസുന്നു.... ഹൈദരാബാദ്‌ പേള്‍ കൊണ്ട്‌ ഉണ്ടാക്കിയ മാല മിന്നൂസിന്റെ അമ്മയ്ക്ക്‌ അമ്മായി അവിടെനിന്ന് കൊണ്ട്‌ കൊടുത്തതാണത്രേ.... അതുകൊണ്ട്‌ തന്നെ അത്‌ മിന്നൂസിന്‌ കളിയ്ക്കാന്‍ കൊടുക്കാന്‍ വല്ല്യ താല്‍പര്യമില്ലാഞ്ഞതും...

പതിവുപോലെ ഞാനും മിന്നൂസും ഒരു ഗുസ്തിപ്രകടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ കൈ തട്ടി മിന്നൂസിന്റെ കഴുത്തിലെ മാല പൊട്ടി കിടക്കയില്‍ വീണു.. കുറച്ച്‌ മുത്തുകള്‍ ചിതറി....

"അയ്യോ... മിന്നൂസിന്റെ അമ്മ ഇന്ന് വഴക്ക്‌ പറയുമല്ലോ??" ഞാന്‍ പറഞ്ഞു.

"അതെയോ...??" മിന്നൂസ്‌ ഒന്നും അറിയാത്ത പോലെ..

"ഇത്‌ ആരാ പൊട്ടിച്ചേ...??" ഞാന്‍ ചോദിച്ചു.

"മിന്നു..."

ആഹാ.. പുള്ളിക്കാരത്തി കുറ്റം ഏറ്റതോടെ എനിയ്ക്ക്‌ സമാധാനമായി.

മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് ബെഡ്‌ റൂമിലെത്തിയപ്പോള്‍ മുത്ത്‌ കോര്‍ക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ഞാനും മിന്നുവും...

"അയ്യോ... മാല പൊട്ടിച്ചോ.... ഹൈദരബാദില്‍ നിന്ന് അമ്മായി കൊണ്ട്‌ തന്നതാ.. ഇതാരാ പൊട്ടിച്ചേ...??" മിന്നൂസിന്റെ അമ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം..

എന്റെ നിശബ്ദതയെ സാക്ഷിനിര്‍ത്തി മിന്നൂസിന്റെ മറുപടി.. "ഞാനാ..."

സംശയത്തിന്റെ നോട്ടം എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനിഷ്കളങ്കത അഭിനയിപ്പിച്ച്‌ പ്രതിഫലിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു.

"ഒരു മുത്തിന്‌ 10-15 രൂപ വരും.. അറിയോ??" മിന്നൂസിന്റെ അമ്മ വീണ്ടും..

"അതേയോ??" മിന്നൂസിന്റെ മറുചോദ്യം..

"അതേയോന്ന്??? അല്ലാന്ന് പറയ്‌.... അല്ലാന്ന് പറയ്‌..." മിന്നൂസ്‌ അല്‍പം കര്‍ക്കശത്തോടെ ദേഷ്യഭാവത്തില്‍ അമ്മയോട്‌....

അന്തം വിട്ട്‌ നില്‍ക്കുന്ന് അമ്മയെ നോക്കി മിന്നൂസ്‌ വീണ്ടും കുറേ ഡയലോഗുകള്‍..
"നിന്നെ ശരിയാക്കുന്നുണ്ട്‌... വലിച്ച്‌ കീറി ശരിയാക്കും...."

ഈ വികാരപ്രകടനത്തിന്നിടയില്‍ മിന്നു കാല്‌ ഒന്ന് വീശി... കാല്‍ എന്റെ ദേഹത്ത്‌ ചെറുതായൊന്ന് തട്ടി... ഉടനേ എന്റെ നേരെ നോക്കിയിട്ട്‌ .."നിന്നെ അല്ലാട്ടോ..."

ഈ പ്രകടനം കണ്ട്‌ അത്ര സമയം ചിരി അടക്കിപ്പിടിച്ച എനിയ്ക്ക്‌ കണ്ട്രോള്‍ പോയി...
സര്‍വ്വകഴിവും ഉപയോഗിച്ച്‌ ചിരി അടക്കിപ്പിടിച്ച്‌ മിന്നൂസിന്റെ അമ്മ പതുക്കെ മുറിയില്‍ നിന്ന് സ്കൂട്ട്‌ ആയി.

അമ്മയെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കിയ ആത്മസംതൃപ്തിയോടെ മിന്നു അടുത്ത കാര്യപരിപാടികളിലേയ്ക്ക്‌ കടന്നു.

6 comments:

സൂര്യോദയം said...

പലപ്പോഴും കണ്ടും കേട്ടും പരിചയമുള്ള ഭീഷണിപ്രയോഗങ്ങള്‍ മിന്നു തിരിച്ച്‌ പ്രയോഗിച്ചപ്പോള്‍.... വാദിയെ വളരെ സിമ്പിള്‍ ആയി പ്രതിയാക്കിമാറ്റി....

നന്ദന്‍ said...

ഇത്തവണ മിന്നുക്കുട്ടിക്ക്‌ തേങ്ങ എന്റെ വക.. :)

ശരിക്കും ചിരിച്ചു.. :) മിടുമിടുക്കി മിന്നുക്കുട്ടി..

ശ്രീ said...

ഹ ഹ... മിന്നൂസ് കാരണം തടി രക്ഷപ്പെട്ടു, അല്ലേ?

എന്തു കാര്യം? ഈ പോസ്റ്റ് ചേച്ചി കാണും വരെയേ ഉള്ളൂ ആ രക്ഷപ്പെടല്‍‌ എന്ന കാര്യം മറക്കണ്ട.

മിന്നൂന്‍ അറ്റ് ലീസ്റ്റ് ഒരു ചോക്ക്‍ലേറ്റ് എങ്കിലും വാങ്ങി കൊടുക്കേണ്ടതായിരുന്നു, കുറ്റം ഏറ്റതിന്‍‌.
:)

ദിലീപ് വിശ്വനാഥ് said...

പാവം മിന്നൂസ്.

സഹയാത്രികന്‍ said...

മിന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
:)

Mr. K# said...

:-)