Sunday, July 20, 2008

എത്രാം ഓഫീസ്‌

പ്ലേ സ്കൂളില്‍ പോകുന്ന വഴിയില്‍ റോഡില്‍ കാണുന്ന സ്കൂള്‍ കുട്ടികളെ നോക്കി മിന്നൂസിന്റെ ചോദ്യം...

"ഇവരൊക്കെ എത്രാം ക്ലാസ്സിലാ പഠിച്ചുന്നേ?"

"അവരൊക്കെ വല്ല്യ കുട്ടികളായില്ലേ... 1, 2, 3 , 4 അങ്ങനെ പഠിച്ച്‌ പഠിച്ച്‌ 10 ആം ക്ലാസ്സ്‌ വരെ എത്തും.."

"അച്ഛന്‍ എത്രാം ക്ലാസ്സിലാ?"

"അച്ഛന്‍ 10 ആം ക്ലാസ്സൊക്കെ പഠിച്ച്‌ കോളേജിലൊക്കെ പഠിച്ച്‌ ഇപ്പോ ഓഫീസില്‍ ജോലി ചെയ്യല്ലേ..." എന്റെ വിശദീകരണം.

"ങാ.. അപ്പോ... അച്ഛന്‍ എത്രാം ഓഫീസിലാ.??"

കുറച്ച്‌ നിമിഷം മൗനം അവലംബിച്ച എന്നോട്‌ മിന്നൂസ്‌ വീണ്ടും...

"പറയ്‌ അച്ഛാ.. അച്ഛന്‍ എത്രാം ഓഫീസിലാന്ന്??"

ജോലിചെയ്ത കമ്പനികളുടെ എണ്ണമാണോ അതോ ജോലിചെയ്ത ആകെ കൊല്ലമാണോ പറയേണ്ടത്‌ എന്ന് കണ്‍ഫിയൂഷനടിച്ച്‌ ഞാന്‍ തലപുകഞ്ഞുകൊണ്ടിരുന്നപ്പോള്‍ മിന്നൂസ്‌ ചോദ്യം ആവര്‍ത്തിച്ചു.

11 comments:

സൂര്യോദയം said...

വീണ്ടും മിന്നൂസിന്റെ ചോദ്യങ്ങള്‍...

Kaithamullu said...

എത്രാം ഓഫീസിലാ?
(ഉത്തരം കിട്ടിയാ ഞങ്ങളോടും പറയണേ....)

സുല്‍ |Sul said...

ചോദ്യം കേട്ട് ഞാനും ഒന്നു ഞെട്ടി.
ഒരു ഉത്തരമില്ലാത്ത ചോദ്യം.

-സുല്‍

തറവാടി said...

ഏതാ കൂടുതല്‍ അതുതന്നെ! :)

ശ്രീ said...

ഞാനും ഞെട്ടി.

siva // ശിവ said...

ഹായ് മിന്നൂസ്,

ഞാന്‍ ഇതൊക്കെ വായിക്ക്കുന്നുണ്ട്...വല്ലാതെ ചിരിച്ചു പോകാറുണ്ട്...

സസ്നേഹം,

ശിവ.

Unknown said...

എത്രാം ഓഫീസ്സാ എന്ന് എനിക്കും സംശയം

മലമൂട്ടില്‍ മത്തായി said...

അതൊരു കടന്ന ചോദ്യമായി പോയി. എന്തായാലും എണ്ണം അറിഞ്ഞാല്‍ ഒന്നു പോസ്റ്റു ചെയ്തേക്കണേ.

സൂര്യോദയം said...

മിന്നൂസ്‌ ഡയറി വായിക്കുന്നവര്‍ക്കും അഭിപ്രായം അറിയിക്കുന്നവര്‍ക്കും നന്ദി... (നേരിട്ട്‌ നന്ദി പറയാറാകുമ്പോള്‍ മിന്നൂസ്‌ തന്നെ നന്ദി പറയും... ഇപ്പോ ഇങ്ങനെ ഇരിക്കട്ടെ) :-)

മിന്നൂസിനോട്‌ ഉത്തരമായി ആദ്യം ഓഫീസിന്റെ എണ്ണം നോക്കി 5-6 എന്ന് പറഞ്ഞെങ്കിലും പിന്നെ ആകെ കൊല്ലമാണോ എന്ന സംശയത്താല്‍ 14 എന്നും പറഞ്ഞു. "ഈ അച്ഛനെന്താ ഒരു ഉറപ്പുമില്ലേ?" എന്ന് ചോദിക്കുന്നതിനുമുന്‍പ്‌ ഞാന്‍ റൂട്ട്‌ മാറ്റി. :-)

Sharu (Ansha Muneer) said...

അടുത്ത ചോദ്യം “ഏതെങ്കിലും ഓഫീസില്‍ തോറ്റുപോയിട്ടുണ്ടോ” എന്നാകും.

അഭിലാഷങ്ങള്‍ said...

"അച്ഛന്‍ 10 ആം ക്ലാസ്സൊക്കെ പഠിച്ച്‌ ,കോളേജിലൊക്കെ പഠിച്ച്‌, ഇപ്പോ ഓഫീസില്‍ ജോലി ചെയ്യല്ലേ..." എന്റെ വിശദീകരണം.


10 ആം ക്ലാസ്..., കോളേജ്.., ങും ങും.. എന്നാലും കുട്ടികളോട് കള്ളം പറയേണ്ടായിരുന്നു!

:-(