Thursday, January 31, 2008

മാമന്റെ നോട്ടം

പരസ്യമായി അഭിപ്രായം പറയുന്നതുകൊണ്ട്‌ തന്നെ മിന്നുവിനെ ചിലപ്പോള്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌...

പലതവണ, കഷണ്ടിത്തലയുള്ളവരെപ്പറ്റി അവരുടെ മുന്നില്‍ വച്ചുതന്നെ നമ്മളോട്‌ പറയുകയും മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌.

ഒരു കടയില്‍ ബില്ല് കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ നിന്നിരുന്ന അല്‍പം പ്രായമായ ആളെ നോക്കിക്കൊണ്ട്‌.. "ഈ മാമന്റെ മൊട്ടത്തലയാല്ലേ....?" എന്ന് ചോദിച്ചതും ഞാന്‍ വേഗം സ്ഥലം കാലിയാക്കി. അത്‌ കേട്ട്‌ നിന്നിരുന്ന മറ്റൊരാള്‍ ചിരിയടക്കാനാവാതെ ഞങ്ങള്‍ പോകുന്നത്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നത്‌ കണ്ടു... കഷണ്ടിമാമന്‍ കേട്ടുകാണും.. കേള്‍ക്കാത്തതായി ഭാവിച്ചതായിരിക്കണം...

പലപ്പോഴും കുസൃതി അല്‍പം കൂടുമ്പോള്‍ (അതായത്‌ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാകുമ്പോള്‍) അല്‍പം ദൂരെ നില്‍ക്കുന്ന ഏതെങ്കില്‍ ആളെ ചൂണ്ടി മിന്നുവിന്റെ അമ്മ പറയുന്ന ഒരു ഭീഷണിയുണ്ട്‌..

"ദേ... ആ നില്‍ക്കുന്ന മാമന്‍ നോക്കുന്ന കണ്ടോ... കുറുമ്പ്‌ കാണിച്ചിട്ടാ നോക്കുന്നേ... ഇന്ന് ശരിയാവും..."

ചിലപ്പോഴൊക്കെ ആ ഭീഷണി ഏല്‍ക്കാറുമുണ്ട്‌.

ഒരു ദിവസം ഒരു ഷോപ്പില്‍ നിന്ന് ഇറങ്ങി വരുന്ന വഴി, അവിടുത്തെ ബസ്റ്റ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരാളെ ചൂണ്ടി മിന്നു പറഞ്ഞു...

"ദേ... ആ മാമന്‍ എന്നെയല്ല നോക്കണേ... അമ്മേ ആണ്‌ നോക്കണ... ഇന്ന് ശരിയാവും..."

അയാള്‍ക്ക്‌ വ്യക്തമായി കേള്‍ക്കാവുന്ന ഡിസ്റ്റന്‍സ്‌...

മിന്നുവിന്റെ അമ്മ ഒന്ന് പതറി... ഞാന്‍ ചിരിയടക്കി കാറിലേയ്ക്ക്‌ കയറുമ്പോള്‍ അയാളെ ഒന്ന് ഇടക്കണ്ണിട്ട്‌ നോക്കി... അയാളുടെ നിസ്സഹായാവസ്ഥയും അയാള്‍ ചിന്തിച്ചേക്കാവുന്ന കാര്യങ്ങളും എന്റെ മനസ്സില്‍ തെളിഞ്ഞു..

"അയ്യോ.. സത്യമായിട്ടും ഞാന്‍ നോക്കിയിട്ടില്ലാ... ഇതെങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കണാ ച്ഛേ..."

അല്ലെങ്കില്‍

"ശ്ശൊ.. ഈ കൊച്ച്‌ വിളിച്ച്‌ പറഞ്ഞു കുളമാക്കിയല്ലേ ഈശ്വരാ.... നാണക്കേടായി..."

Tuesday, January 22, 2008

കാറിന്റെ വൃത്തി

കാര്‍ കഴുകുന്നത്‌ പൊതുവേ അലര്‍ജിയായതിനാല്‍ മഴക്കാലത്ത്‌ മാത്രമേ എന്റെ കാര്‍ വെള്ളം കാണൂ... പിന്നെ, സര്‍വ്വീസിനുകൊടുക്കുമ്പോള്‍ അവന്മാര്‍ പ്രാകിക്കൊണ്ട്‌ കഴുകുന്നുണ്ടാവും.... നല്ല തച്ച്‌ പണിയുണ്ടേ...

അപ്പോ പറഞ്ഞ്‌ വന്നത്‌.... കാറിന്റെ ഉള്‍ഭാഗം അതുപോലല്ലാ... അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്‌... മിന്നൂസിന്റെ കളിപ്പാട്ടങ്ങള്‍, കളിക്കുടുക്ക പോലുള്ള പുസ്തകങ്ങള്‍, പാദരക്ഷകള്‍, ബിസ്കറ്റ്‌ പോലുള്ള ഈറ്റബിള്‍സ്‌... അങ്ങനെ അങ്ങനെ....

ഈയടുത്താണ്‌ എനിയ്ക്ക്‌ കാര്‍ വൃത്തിയായി സൂക്ഷിക്കണം എന്ന് സൂര്യോദയം (ബോധോദയം) ഉണ്ടായത്‌...അതിന്റെ ഫലമായി ഞാന്‍ കാര്‍ ഇടയ്ക്കിടെ കഴുകിത്തുടങ്ങി (മാസത്തിലൊരിയ്ക്കല്‍)...

മിന്നൂസ്‌ ഷൂവും ചെരിപ്പുമൊക്കെ ഇട്ട്‌ വളരെ മാന്യമായി സീറ്റില്‍ കയറി നില്‍ക്കുന്ന ഏര്‍പ്പാടുണ്ട്‌... അത്‌ എനിയ്ക്കങ്ങ്‌ സഹിച്ചില്ലാ...ഒരു ദിവസം ഇത്‌ കണ്ട്‌ എന്റെ വൃത്തിമാന്‍ ഉണര്‍ന്നു...

"മിന്നൂസേ... ഇനി മേലാല്‍ ചെരിപ്പിട്ട്‌ കാറിന്റെ സീറ്റില്‍ കയറിപ്പോകരുത്‌.... എവിടെയൊക്കെ ഇട്ട്‌ നടക്കുന്ന ചെരിപ്പാ... അതിലെ പൊടിയും ചെളിയുമെല്ലാം സീറ്റിലാകില്ലേ??" ഞാന്‍ അല്‍പം ചൂടായോ എന്നൊരു സംശയം..

ഇത്‌ കേട്ട്‌ മിന്നൂസിന്റെ അമ്മ ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കി..

മിന്നു ഒന്നും മിണ്ടാതെ തലയാട്ടി...

രണ്ട്‌ സെക്കന്റുകള്‍ക്കകം മിന്നുവിന്റെ മറുപടി കിട്ടി.. അതും ഒരല്‍പ്പം കടുപ്പിച്ച്‌ എന്നെ ചോദ്യം ചെയ്യുന്ന ഭാവത്തില്‍..

"അപ്പോ എന്റെ കാലില്‍ ചെളിയാവില്ലേ...???"

Sunday, January 6, 2008

വലുതും ചെറുതും

മുതിര്‍ന്ന ആളുകള്‍ ഉപയോഗിക്കുന്ന എന്തെങ്കിലും (ചുരിദാറോ, സാരിയോ തുടങ്ങിയ വസ്ത്രങ്ങളും ഇതില്‍ പെടും) മിന്നൂസിന്‌ വേണമെന്ന് തോന്നിയാല്‍ മിന്നുവിന്റെ ഒരു സ്ഥിരം ചോദ്യമുണ്ട്‌...

"അച്ഛാ..വലുതാകുമ്പോ എനിച്ച്‌ അതുപോലത്തെ വാങ്ങിച്ച്‌ തരോ..???"

"ഓ.. ശരീ ട്ടോ.." എന്ന എന്റെയോ മിന്നുവിന്റെ അമ്മയുടേയോ ഉത്തരവും പതിവുള്ളതു തന്നെ...

പലപ്പോഴും മിന്നൂസ്‌ അവളുടെ പ്രായത്തിനൊക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങളുടെ ഒരു സ്ഥിരം ഉപദേശമുണ്ട്‌..

"അത്‌ വല്ല്യ ആളുകള്‍ക്കുള്ളതല്ലേ..??? കുട്ടികള്‍ക്കുള്ളതല്ലാ... മിന്നു വലുതാവട്ടേട്ടോ... അപ്പോ വാങ്ങിച്ച്‌ തരാം..."

പലപ്പോഴും മിന്നു അതുകേട്ട്‌ ഒതുങ്ങുകയും ഈ ഡയലോഗ്‌ സ്വയം പറഞ്ഞ്‌ സംതൃപ്തി അടയുകയും ചെയ്യും...

ഒരു ദിവസം മിന്നൂസ്‌ തന്റെ വളകളുടെ കളക്‌ ഷന്‍ എടുത്ത്‌ വച്ച്‌ കളിക്കുകയാണ്‌...
അതൊന്ന് വാങ്ങിവക്കണമല്ലോ എന്ന് വിചാരിച്ച്‌ ഞാന്‍ ചോദിച്ചു..

"മിന്നൂസേ.. വളകള്‍ അച്ഛന്‌ തരുമോ??"

ഉടനെ മിന്നൂസിന്റെ ഉത്തരം..

"ഇത്‌ കുട്ടികള്‍ക്കുള്ളതല്ലേ.... അച്ഛന്‍ ചെറുതായീട്ട്‌ തരാം ട്ടോ...."

Monday, December 31, 2007

ഹെയര്‍ ബാന്‍ഡ്‌

ഹെയര്‍ബാന്‍ഡ്‌ കണ്ടാല്‍ ഉടന്‍ അത്‌ തലയില്‍ തള്ളിക്കയറ്റി ഇരിക്കുക എന്നത്‌ മിന്നൂസിന്റെ ഒരു കാര്യപരിപാടിയാണ്‌.

ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ മിന്നൂസിന്റെ ഒരു വിളി...

"അച്ഛാ...ഈ എയര്‍ബാന്‍ഡ്‌ ഒന്ന് ഊരിത്തരോ...."

'ഇതെന്താ പതിവില്ലാതെ ഊരിത്തരാന്‍ പറയുന്നത്‌?' എന്ന എന്റെ സംശയം സ്വാഭാവികം മാത്രം.

ചെന്ന് നോക്കിയപ്പോള്‍ ഒരു പായ്കറ്റ്‌ മോഡേര്‍ണ്‍ ബ്രഡ്‌ മുന്നിലും വച്ച്‌ മിന്നു ഇരിപ്പുണ്ട്‌... തലയിലാണേല്‍ ബാന്‍ഡ്‌ ഒന്നും കാണാനില്ലതാനും...

"ഹെയര്‍ബാന്‍ഡ്‌ എവിടെ?" ഞാന്‍ ചോദിച്ചു.

ഉടനെ മിന്നു ബ്രഡിന്റെ പായ്കറ്റിനുമുകളില്‍ അത്‌ ലോക്ക്‌ ചെയ്ത്‌ ചുറ്റിക്കെട്ടിവച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക്‌ സാധനം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"ദേ ഈ ബ്രഡിന്റെ എയര്‍ബാന്‍ഡ്‌ ..."

Thursday, December 13, 2007

കിലോ കണക്ക്‌

ഇപ്പോള്‍ ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ മിന്നു കൂടെ കൂടും...

കാറില്‍ തന്നെ ഇരുന്നോളാന്‍ പറഞ്ഞാല്‍ പുള്ളിക്കാരത്തി കൂട്ടാക്കില്ല... ഈ കൂടെ കൂടുന്നതില്‍ രണ്ട്‌ ഉദ്ദേശമുണ്ട്‌...

1. ജെംസ്‌ മിഠായിയുടെ ഡിസ്‌ പ്ലേ ഏരിയ കണ്ടെത്തുക...
2. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം അതിന്റെ കാശ്‌ നേരിട്ട്‌ കൊടുക്കുക..

ഈ ഇടപാടുകളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ വച്ച്‌ വീട്ടില്‍ മിന്നു ചില ഷോപ്പിംഗ്‌ നാടകങ്ങള്‍ നടത്താറുണ്ട്‌...

മിന്നുവിന്റെ ഒരു ഷോപ്പിംഗ്‌ റിക്വസ്റ്റ്‌...

"അരക്കിലോ കുപ്പായോം അരക്കിലോ ജാമും..."

Tuesday, November 27, 2007

അനുവാദം

പ്ലേ സ്കൂളില്‍ പോയി തുടങ്ങിയതിനുശേഷം മിന്നൂസിന്റെ വൊക്കാബുലറിയില്‍ നല്ല കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. ഈ കളക്‌ ഷനില്‍ അല്‍പം അസഭ്യങ്ങളും ഉണ്ടാകുക സ്വാഭാവികം മാത്രം...

അത്തരം പ്രയോഗങ്ങളെ കേട്ടതായി ഭാവിക്കാതിരിക്കുകയോ നല്ല ക്ഷമയോടും അനുനയത്തോടും തിരുത്താന്‍ ശ്രമിക്കുകയോ മാത്രമേ ഒരു പോംവഴിയുള്ളൂ...

ഒരു ദിവസം വൈകീട്ട്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്ന മിന്നു അമ്മയോട്‌ ഒരു ചോദ്യം..

"അമ്മേ ഞാന്‍ പട്ടീന്ന് വിളിച്ചോട്ടേ???.."

'അയ്യോ..' എന്ന ഒരു വിളി തൊണ്ടയില്‍ കുരുങ്ങി... സംയമനം വീണ്ടെടുത്ത മിന്നുവിന്റെ അമ്മയുടെ ഉപദേശം... "അങ്ങനെ വിളിക്കാന്‍ പാടില്ലാട്ടോ... നല്ല കുട്ടികള്‍ അങ്ങനെയൊന്നും വിളിക്കില്ലാ ട്ടോ..."

"എന്നാ ഞാന്‍ ജോണിനെ വിളിച്ചോട്ടേ...??"

(ജോണ്‍ മിന്നൂസിന്റെ സഹപാഠി)

Sunday, November 25, 2007

വാദി പ്രതിയാവുന്നതിങ്ങനെ

അമ്മയോട്‌ വാശിപിടിച്ച്‌ മിന്നു ഒരു മാല കഴുത്തിലിട്ട്‌ വിലസുന്നു.... ഹൈദരാബാദ്‌ പേള്‍ കൊണ്ട്‌ ഉണ്ടാക്കിയ മാല മിന്നൂസിന്റെ അമ്മയ്ക്ക്‌ അമ്മായി അവിടെനിന്ന് കൊണ്ട്‌ കൊടുത്തതാണത്രേ.... അതുകൊണ്ട്‌ തന്നെ അത്‌ മിന്നൂസിന്‌ കളിയ്ക്കാന്‍ കൊടുക്കാന്‍ വല്ല്യ താല്‍പര്യമില്ലാഞ്ഞതും...

പതിവുപോലെ ഞാനും മിന്നൂസും ഒരു ഗുസ്തിപ്രകടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ കൈ തട്ടി മിന്നൂസിന്റെ കഴുത്തിലെ മാല പൊട്ടി കിടക്കയില്‍ വീണു.. കുറച്ച്‌ മുത്തുകള്‍ ചിതറി....

"അയ്യോ... മിന്നൂസിന്റെ അമ്മ ഇന്ന് വഴക്ക്‌ പറയുമല്ലോ??" ഞാന്‍ പറഞ്ഞു.

"അതെയോ...??" മിന്നൂസ്‌ ഒന്നും അറിയാത്ത പോലെ..

"ഇത്‌ ആരാ പൊട്ടിച്ചേ...??" ഞാന്‍ ചോദിച്ചു.

"മിന്നു..."

ആഹാ.. പുള്ളിക്കാരത്തി കുറ്റം ഏറ്റതോടെ എനിയ്ക്ക്‌ സമാധാനമായി.

മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് ബെഡ്‌ റൂമിലെത്തിയപ്പോള്‍ മുത്ത്‌ കോര്‍ക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ഞാനും മിന്നുവും...

"അയ്യോ... മാല പൊട്ടിച്ചോ.... ഹൈദരബാദില്‍ നിന്ന് അമ്മായി കൊണ്ട്‌ തന്നതാ.. ഇതാരാ പൊട്ടിച്ചേ...??" മിന്നൂസിന്റെ അമ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം..

എന്റെ നിശബ്ദതയെ സാക്ഷിനിര്‍ത്തി മിന്നൂസിന്റെ മറുപടി.. "ഞാനാ..."

സംശയത്തിന്റെ നോട്ടം എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനിഷ്കളങ്കത അഭിനയിപ്പിച്ച്‌ പ്രതിഫലിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു.

"ഒരു മുത്തിന്‌ 10-15 രൂപ വരും.. അറിയോ??" മിന്നൂസിന്റെ അമ്മ വീണ്ടും..

"അതേയോ??" മിന്നൂസിന്റെ മറുചോദ്യം..

"അതേയോന്ന്??? അല്ലാന്ന് പറയ്‌.... അല്ലാന്ന് പറയ്‌..." മിന്നൂസ്‌ അല്‍പം കര്‍ക്കശത്തോടെ ദേഷ്യഭാവത്തില്‍ അമ്മയോട്‌....

അന്തം വിട്ട്‌ നില്‍ക്കുന്ന് അമ്മയെ നോക്കി മിന്നൂസ്‌ വീണ്ടും കുറേ ഡയലോഗുകള്‍..
"നിന്നെ ശരിയാക്കുന്നുണ്ട്‌... വലിച്ച്‌ കീറി ശരിയാക്കും...."

ഈ വികാരപ്രകടനത്തിന്നിടയില്‍ മിന്നു കാല്‌ ഒന്ന് വീശി... കാല്‍ എന്റെ ദേഹത്ത്‌ ചെറുതായൊന്ന് തട്ടി... ഉടനേ എന്റെ നേരെ നോക്കിയിട്ട്‌ .."നിന്നെ അല്ലാട്ടോ..."

ഈ പ്രകടനം കണ്ട്‌ അത്ര സമയം ചിരി അടക്കിപ്പിടിച്ച എനിയ്ക്ക്‌ കണ്ട്രോള്‍ പോയി...
സര്‍വ്വകഴിവും ഉപയോഗിച്ച്‌ ചിരി അടക്കിപ്പിടിച്ച്‌ മിന്നൂസിന്റെ അമ്മ പതുക്കെ മുറിയില്‍ നിന്ന് സ്കൂട്ട്‌ ആയി.

അമ്മയെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കിയ ആത്മസംതൃപ്തിയോടെ മിന്നു അടുത്ത കാര്യപരിപാടികളിലേയ്ക്ക്‌ കടന്നു.