Monday, May 26, 2008

വില്‍ക്കാനുണ്ടോ?

വീടിന്നുള്ളില്‍ കുസൃതിത്തരങ്ങളുമായി മിന്നു ഇരിക്കുമ്പൊള്‍ പുറത്ത്‌ റോഡില്‍ നിന്ന്‌ ഒരു വിളി കേട്ടു..

"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"

മിന്നുവിണ്റ്റെ കുറുമ്പിനെ ഒന്ന്‌ ശമിപ്പിക്കാമല്ലോ എന്ന്‌ കരുതി ഞാന്‍ ചെറുതായൊരു ഭീഷണി ശ്രമിച്ചു.

"ങാ... ങാ... കേട്ടൊ മിന്നൂ.... "

മിന്നു ഒന്ന്‌ ശ്രദ്ധിച്ചു...

"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"

ഉടനെ മിന്നു... "ഇണ്ട്‌.... അച്ചേ കൊണ്ടക്കോ.... "

മിന്നുവിണ്റ്റെ അമ്മ ചിരിയടക്കാന്‍ പാടുപെടുന്നത്‌ ഞാന്‍ ശ്രദ്ധിക്കാത്ത പോലെ നടിച്ചു.

Monday, April 21, 2008

അന്വേഷണം

മിന്നൂസിന്റെ അമ്മയുടെ വാച്ച്‌ കാണ്മാനില്ല. വീട്‌ മുഴുവന്‍ അരിച്ച്‌ പെറുക്കി, ഇനി ചാലക്കുടിയിലോ മറ്റോ പോയപ്പോള്‍ ആ വീട്ടില്‍ വച്ച്‌ മറന്നതാവാനും മതി എന്നൊക്കെ വിചാരിച്ച്‌ സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നു.

കുറേ അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ വെറുതേ മിന്നൂസിനോട്‌ കൂടി ഒന്ന് ചോദിച്ചേക്കാമെന്ന് വച്ചു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നൂസിനോട്‌ അമ്മയുടെ ചോദ്യം...

"മിന്നൂസേ.. അമ്മേടെ വാച്ച്‌ കണ്ടോ?"

"ഇല്ലാ.... എവിടേ??" മിന്നൂസിന്റെ ചോദ്യം...

"അതല്ലാ... മിന്നൂസ്‌ വാച്ച്‌ എവിടെയെങ്കിലും കണ്ടോ എന്നാ ചോദിച്ചത്‌..."

"ഇല്ലല്ലോ.... എവിടെയാ വാച്ച്‌..???"

"അയ്യോ... വാച്ച്‌ കാണാനില്ല മിന്നൂസേ.. അതുകൊണ്ടല്ലേ മിന്നൂസെങ്ങാനും കണ്ടോ എന്ന് ചോദിച്ചത്‌..." മിന്നൂസിന്റെ അമ്മ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്നു.

"എവിടെയാ അമ്മേ..... അമ്മ ഒളിപ്പിച്ച്‌ വച്ചോ..... വാച്ച്‌ എവിടെയാ...." മിന്നൂസ്‌ നിര്‍ബദ്ധം തുടങ്ങി...

"മിന്നൂസേ... ഞാനൊന്നും ചോദിച്ചിട്ടും ഇല്ലാ.. വാച്ച്‌ പോയിട്ടും ഇല്ലാ..." എങ്ങനെയെങ്കിലും സംഗതി ഒന്ന് അവസാനിപ്പിക്കാനായി അമ്മയുടെ ശ്രമം.

"അല്ലാ.... അമ്മ പറയ്‌... വാച്ച്‌ എവിടെയാ...... പറയ്‌ അമ്മേ...."

കാര്യം കൈ വിട്ടു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ തിരിഞ്ഞ്‌ കിടന്നു.

മിന്നൂസും അമ്മയും ചോദ്യോത്തരപംക്തി തുടര്‍ന്നു

Wednesday, April 9, 2008

ഷാംപൂ എഫ്ഫക്റ്റ്‌

കാറില്‍ യാത്ര ചെയ്യവേ, മിന്നൂസ്‌ റോഡിലേയ്ക്ക്‌ ചൂണ്ടി പറഞ്ഞു. "ദേ... ഷാം പൂ തലേല്‍ മാത്രം തേച്ച്‌ ഒരാള്‍ പോണൂ...."

ഇതെന്താണ്‌ ഇവള്‍ പറയുന്നതെന്നറിയാനായി ഞാന്‍ ചോദിച്ചു... "എവിടെ? എവിടേ??"

ഈ പട്ടാപ്പകല്‍ തലയില്‍ ഷാം പൂ തേച്ച്‌ ആരാണ്‌ നടക്കുന്നതെന്നറിയണമല്ലോ....

"ദേ.... പോണൂ..." റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ കടന്നുപോയ ഒരു വയസ്സായ ആളെ ചൂണ്ടി മിന്നു പറഞ്ഞു.

തലമുടി മുഴുവന്‍ നരച്ച ഒരാള്‍....

പാവം, അയാളെയാണ്‌ തലയില്‍ ഷാം പൂ തേച്ച്‌ പോകുന്നതാണെന്ന് മിന്നു പ്രഖ്യാപിച്ചത്‌.

Monday, April 7, 2008

അമ്പാട്ടിയുടെ അച്ഛന്‍

ഉച്ചയ്ക്ക്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്നാല്‍ മിന്നൂസിന്‌ കൂട്ടായി ഒരു അമ്മൂമ്മയുണ്ട്‌ വീട്ടില്‍. പലപ്പോഴും മിന്നൂസ്‌ അമ്മയായും അമ്മൂമ്മ കുഞ്ഞ്‌ ആയുമുള്ള റോള്‍ പ്ലേ ആണ്‌ അരങ്ങേറുന്നത്‌.

അമ്മൂമ്മ ദിവസവും സന്ധ്യാസമയത്ത്‌ വീട്ടില്‍ നിലവിളക്ക്‌ കൊളുത്തി വയ്ക്കും. മിന്നൂസ്‌ അത്‌ ഊതിക്കിടത്താതിരിയ്ക്കാന്‍ അത്‌ അമ്പാട്ടിയ്ക്ക്‌ വേണ്ടിയാണെന്ന് പറഞ്ഞ്‌ കൊടുത്തിട്ടുമുണ്ട്‌.

ഈയിടെ മിന്നൂസ്‌ ഒരു സംശയം മിന്നൂസിന്റെ അമ്മയോട്‌..

"അമ്മേ.... അമ്പാട്ടി തീ തിന്ന്വോ....???" വിളക്കിലേയ്ക്ക്‌ നോക്കിയാണ്‌ ചോദ്യം...

"ഏയ്‌... ഇല്ലാ..."

"അതെന്താ... അമ്പാട്ടീടെ അച്ഛന്‍ ചീത്ത പറയോ???"

ചോദ്യം കേട്ടെങ്കിലും ഞാന്‍ സ്കൂട്ടായി.

Monday, March 24, 2008

പട്ടിപ്പാമ്പ്‌

മിന്നൂസിന്‌ ദേഷ്യം വന്നാല്‍ ആദ്യം വിളിക്കുന്നത്‌ നായയെയാണ്‌... അല്‍പം ഡീസന്റായി പറഞ്ഞെന്നേയുള്ളൂ... "നീ പോടാ പട്ടീ..." എന്നാണ്‌ വിളി. ഇത്‌ മിക്കവാറും പ്ലേ സ്കൂളില്‍ നിന്ന് സിദ്ധിച്ചതാകാം...

ആദ്യമൊക്കെ ഇത്‌ കേള്‍ക്കുമ്പോള്‍ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കി. ഇടയ്ക്ക്‌ ചുണ്ടില്‍ വിരല്‍ കൊണ്ട്‌ ഞൊടിക്കുന്ന ആക്‌ ഷന്‍ സീക്വന്‍സ്‌ വരെ ചെയ്തു. കുറച്ചൊന്ന് ഒതുങ്ങിയെങ്കിലും അല്‍പദിവസങ്ങള്‍ക്കകം വീണ്ടും പൂര്‍വാര്‍ദ്ധികം ശക്തിയായി ഈ വിളി തുടര്‍ന്നു.

ശിക്ഷാനടപടികള്‍ ഒരു പരിധിവിട്ട്‌ സ്വീകരിക്കുന്നത്‌ നല്ലതല്ലെന്ന മുതിര്‍ന്നവരുടെ അഭിപ്രായം മാനിച്ച്‌ ഇത്തരം വിളികളെ ഗൗനിക്കാതെ കേള്‍ക്കാത്തതായി നടിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.

നമ്മള്‍ അങ്ങനെ ഇഗ്നോര്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം വല്ലതും നാട്ടുകാര്‍ക്കറിയോ?

ഒരു മൂന്നാര്‍ ട്രിപ്പ്‌ (പൊളിച്ചടുക്കല്‍ കഴിഞ്ഞതിനുശേഷം)...

എന്തോ കാര്യത്തിന്‌ മിന്നൂസ്‌ പറഞ്ഞത്‌ കേള്‍ക്കാതെ വാശിപിടിച്ചപ്പോള്‍ മിന്നൂസിന്റെ അമ്മ ചെറുതായി ഒന്ന് തുടയില്‍ നുള്ളി എന്ന് തോന്നുന്നു. ദേഷ്യവും കരച്ചിലോടും കൂടി മിന്നൂസ്‌ അലറി
"നീ പോടാ പട്ടീ..."

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞങ്ങള്‍ നിന്നു... പക്ഷെ, അത്‌ വഴി പോയ ഒരു ചേട്ടന്‍ തിരിഞ്ഞ്‌ നോക്കി തിരിഞ്ഞ്‌ നോക്കി പോകുന്നു. പുള്ളിക്കാരനിട്ടാണ്‌ കിട്ടിയതെന്ന് തോന്നുന്നു...

ഇനി ഇതിന്റെ പേരില്‍ നാട്ടുകാരില്‍ നിന്ന് വല്ലതും വാങ്ങി കെട്ടേണ്ടിവരുമോ എന്ന പേടി അന്നോടെ തുടങ്ങി...

ഇപ്പോള്‍ പുള്ളിക്കാരത്തി ഒന്ന് മയപ്പെട്ടുതുടങ്ങി... ആരും വല്ല്യ സംഭവമായി ഈ വിളിയെ കാണാതായി തുടങ്ങിയത്‌ തന്നെ കാരണം... എങ്കിലും ഏറ്റവും വലിയ ദേഷ്യപ്രകടനത്തിന്റെ പട്ടികയില്‍ ഇത്‌ തന്നെയാണ്‌ മുന്നിലെന്ന് ഈയിടെയാണ്‌ മനസ്സിലായത്‌...

അതായത്‌... മിന്നൂസ്‌ ടി.വി. യില്‍ ഏതോ വൈല്‍ഡ്‌ ലൈഫ്‌ ചാനല്‍ കണ്ടുകൊണ്ടിരിക്കുന്നു... (അങ്ങനെ ശീലമുണ്ടായിട്ടൊന്നുമല്ല... എപ്പോഴോ ആ ചാനല്‍ വന്നതിനുശേഷം മാറ്റാന്‍ മറന്നപ്പോള്‍ മിന്നൂസിന്‌ നോക്കി ഇരിക്കാനും ഒരു അവസരം തരപ്പെട്ടു എന്നുമാത്രം). അതില്‍ ഒരു പാമ്പ്‌ ഒരു പക്ഷിയെ തിന്നുന്ന കണ്ട്‌ മിന്നൂസിന്‌ സഹിച്ചില്ല...

"ഈ പാമ്പ്‌ പട്ടിയാ അല്ലേ അച്ചേ... പട്ടിപ്പാമ്പ്‌..."

Monday, February 25, 2008

ചുറ്റുവിളക്കും കുറേ സംശയങ്ങളും

മിന്നൂസിന്റെ അച്ഛാച്ചന്റെ തറവാട്ട്‌ വക ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക്‌....
അമ്പലത്തിന്റെ ചുറ്റും തിരിയിട്ട്‌ വിളക്ക്‌ കൊളുത്തി കാണാന്‍ നല്ല ഭംഗിയാണ്‌..

ഇത്തവണ, അമ്പലത്തിനുചുറ്റും വിളക്കുകളില്‍ തിരി വയ്ക്കാന്‍ മിന്നൂസിന്‌ ഭയങ്കര താല്‍പര്യം.

ഈ തിരി വയ്ക്കുന്നതും തുടര്‍ നടപടികളുമെല്ലാം കണ്ട്‌ മിന്നൂസിന്‌ കുറേ സംശയങ്ങള്‍...
മിന്നൂസിന്റെ സംശയങ്ങള്‍ നിശബ്ദമായി കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ എല്ലാവരും കേള്‍ക്കേ മിന്നൂസിന്റെ അമ്മയോടാണെന്ന് മാത്രം...

പൂജാകാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിയുടെ നടപടിക്രമങ്ങളിലാണ്‌ പുള്ളിക്കാരത്തിയ്ക്ക്‌ സംശയങ്ങള്‍ ഏറെയും.

തിരുമേനി അടുപ്പ്‌ കൂട്ടി പായസം ഉണ്ടാക്കാനുള്ള ശ്രമം കണ്ടപ്പോള്‍...

"ഇതെന്താ തീയിടണേ...???"

"അത്‌ അമ്പാട്ടിയ്ക്ക്‌ പായസം ഉണ്ടാക്കാനാ.." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഉത്തരമുണ്ട്‌.

തിരുമേനി അമ്പല നടയിലെ മണി അടിച്ചപ്പോള്‍

"ആ അങ്കിളെന്തിനാ മണിയടിച്ചേ??"

മിന്നൂസിന്റെ അമ്മയുടെ ഉത്തരം ഒരു ചമ്മിയ ചിരിയിലൊതുങ്ങി.

തിരുമേനി ഉള്ളില്‍ കയറി നട അടച്ചപ്പോള്‍ അടുത്ത ചോദ്യം...

"എന്തിനാ വാതിലടച്ചേ...???"

"അത്‌ അമ്പാട്ടിയെ പൂജിക്കാനാ മിന്നൂ.. മിണ്ടാതിരിയ്ക്ക്‌..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ടെന്‍ഷന്‍.

"വാതില്‌ തുറക്കാന്‍ പറയ്‌....എനിച്ച്‌ കാണണ്ടേ..." മിന്നൂസിന്റെ നിര്‍ബദ്ധം.

നേദിച്ച പായസം കൊണ്ടുവന്നപ്പോള്‍ അടുത്ത ചോദ്യം...

"പായസം മുയോന്‍ അമ്പാട്ടി തിന്ന്വോ..???"

"ഇല്ല മിന്നൂസേ.. എല്ലാവര്‍ക്കും തരും..."

"അപ്പോ അമ്പാട്ടിച്ച്‌ വേണ്ടേ???" വീണ്ടും ഉത്തരം മൗനം.

ഒരു ചുറ്റുവിളക്ക്‌ നമ്മളെ ചുറ്റിക്കുന്ന കുറേ ചോദ്യങ്ങളുമായി അങ്ങനെ അവസാനിച്ചു.

Tuesday, February 19, 2008

കാക്കപ്പുള്ളി

എന്റെ കയ്യിലെ ചെറുവിരലിലെ രണ്ട്‌ ചെറിയ കറുത്ത മറുക്‌ ('കാക്കപ്പുള്ളി') നോക്കിക്കൊണ്ട്‌ മിന്നൂസിന്റെ ചോദ്യം...

"അച്ഛാ... ഇത്‌ കാക്കപ്പുള്ള്യാണോ??"

"ങാ... അതേ..." ഞാന്‍ സമ്മതിച്ചു.

ഉടനെ മിന്നൂസിന്‌ മറ്റൊരു സംശയം...

"കാക്ക അപ്പീട്ടതാണോ???"

'ദൈവമേ, കാക്കപ്പുള്ളിയ്ക്ക്‌ ഇത്തരം വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ടോ?' എന്ന് എനിയ്ക്കും സംശയമായി. മറുപടി കൊടുക്കാതെ മിന്നു വിടുമോ..

"അതേയ്‌.. കാക്ക അപ്പി ഇട്ടതല്ലാ... കാക്കയുടെ നിറത്തിലുള്ളതായതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ ട്ടോ....."

ഇനി അധികം വിവരണത്തിന്‌ സ്കോപ്പില്ലാത്തതിനാല്‍ പതിവുപോലെ ഗതി തിരിച്ച്‌ വിടുകതന്നെ...

"ദേ അങ്ങോട്ട്‌ നോക്കിയേ......"